നെയ്മര്‍ യുണൈറ്റഡിലേക്ക്? സൂപ്പര്‍ താരത്തെ എത്തിക്കാന്‍ 'ഏജന്റ്‌ കാസിമിറോ'

നെയ്മര്‍ യുണൈറ്റഡിലേക്ക്? സൂപ്പര്‍ താരത്തെ എത്തിക്കാന്‍ 'ഏജന്റ്‌ കാസിമിറോ'

2025 വരെ നെയ്മറിനു പി.എസ്.ജിയുമായി കരാറുണ്ട്. എന്നാല്‍ താരത്തെ നിലനിര്‍ത്താന്‍ പി.എസ്.ജിക്ക് താല്‍പര്യമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഈ സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പി.എസ്.ജി. വിടാന്‍ ഉദ്ദേശിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്നു റിപ്പോര്‍ട്ട്. യുണൈറ്റഡില്‍ കളിക്കുന്ന ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസിമിറോയാണ് ഇതിനു ചരടുവലിക്കുന്നതെന്നും യുണൈറ്റഡില്‍ ചേരാന്‍ കാസിമിറോ നെയ്മറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീല്‍ സൂപ്പര്‍ താരത്തിനായി താല്‍പര്യം പ്രകടിപ്പിച്ച് ക്ലബ് നേരിട്ടുതന്നെ ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ മുതല്‍ നെയ്മറിനെ വില്‍ക്കാന്‍ പി.എസ്.ജി. ശ്രമിക്കുന്നുണ്ട്. 2025 വരെ നെയ്മറിനു പി.എസ്.ജിയുമായി കരാറുണ്ട്. എന്നാല്‍ താരത്തെ നിലനിര്‍ത്താന്‍ പി.എസ്.ജിക്ക് താല്‍പര്യമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി. വിടുമെന്ന് നേരത്തെ അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നെയ്മറും ക്ലബ് വിടാന്‍ ഉദ്ദേശിക്കുന്നത്. ഇതു സംഭവ്യമായാല്‍ താരത്തെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം.

അതേസമയം നെയ്മറിന് സ്പാനിഷ് ക്ലബ് ബാഴ്‌സലേണയിലേക്ക് തിരിച്ചുപോകാനാണ് താല്‍പര്യമെന്ന് അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പി.എസ്.ജി. വിടുന്ന മെസിയെ സ്വന്തമാക്കാന്‍ ബാഴ്‌സ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മെസിക്കു പുറമേ നെയ്മറിനെക്കൂടി എത്തിക്കാന്‍ ബാഴ്‌സയ്ക്കു കഴിഞ്ഞേക്കില്ല.

ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ മുന്‍നിര ക്ലബുകളിലൊന്നായ യുണൈറ്റഡ് ബ്രസീല്‍ താരത്തെ സമീപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരുക്കുകളാണ് നെയ്മറിനെ അലട്ടുന്നത്. ഇക്കാരണത്താലാണ് താരത്തെ വിടുതല്‍ ചെയ്യാന്‍ പി.എസ്.ജി. ആലോചിക്കുന്നതും.

2017-ലാണ് ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ പി.എസ്.ജിയിലെത്തുന്നത്. ഫ്രഞ്ച് ക്ലബിനു വേണ്ടി ഇതുവരെ 112 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബ്രസീല്‍ താരം 82 ഗോളുകളും നേടിയിട്ടുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റും ആരാധകരും നെയ്മറിന്റെ പ്രകടനത്തില്‍ സന്തുഷ്ടരല്ല. നെയ്മറിനെതിരേ ആരാധകര്‍ നിരന്തരം പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in