ചാമ്പ്യൻസ് ലീഗ് : ഒറ്റ ഗോളിൽ പിഎസ് ജിയെ മറികടന്ന് ബയേൺ, എ സി മിലാനും ജയം

ചാമ്പ്യൻസ് ലീഗ് : ഒറ്റ ഗോളിൽ പിഎസ് ജിയെ മറികടന്ന് ബയേൺ, എ സി മിലാനും ജയം

ഇന്നത്തെ മത്സരങ്ങളിൽ ബെൽജിയൻ ക്ലബായ ബ്രൂഗെ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെയും, ജർമൻ ടീം ബൊറൂസിയ ഡോർട്മുണ്ട് ചെൽസിയെയും നേരിടും

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ബയേണിനും എ സി മിലാനും വിജയത്തുടക്കം. ബുധനാഴ്ച പുലർച്ചെ നടന്ന കളിയിൽ ബയേൺ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെര്‍മെയ്നെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ, രണ്ടാമത്തെ മത്സരത്തിൽ അതേ സ്കോറിന് എ സി മിലാൻ ടോട്ടൻഹാമിനെ തോൽപ്പിച്ചു. മുൻ പിഎസ്ജി താരം കിംഗ്സ്ലി കോമാനാണ് ജർമൻ വമ്പന്മാരുടെ ജയമുറപ്പിച്ചത്. മിലനായി ബ്രാഹിം ഡിയാസ് വിജയ ഗോൾ നേടി.

കിലിയന്‍ എംബാപ്പെയെ പുറത്തിരുത്തിയാണ് സ്വന്തം മൈതാനത്ത്‌ പിഎസ്ജി ഇറങ്ങിയത്. ആദ്യ പകുതിയിൽ ബയേണിനെതിരെ പിടിച്ച്‌ നിൽക്കുന്നതിൽ പിഎസ്ജി വിജയിച്ചു. എന്നാൽ ലയണൽ മെസി, നെയ്മർ എന്നിവരടങ്ങിയ മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താൻ കഴിയാഞ്ഞത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ എംബാപ്പെയെ ഇറക്കി മത്സരം സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബയേൺ ഉറച്ചുനിന്നു. 53-ാം മിനുറ്റിലായിരുന്നു കോമാന്റെ ഗോൾ. 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലും പിഎസ്ജിക്കെതിരെ കോമാനായിരുന്നു വിജയ ഗോൾ നേടിയിരുന്നത്.

മത്സരത്തിന്റെ ഏഴാം മിനുറ്റിൽ ബ്രാഹിം ഡിയാസ് നേടിയ ഗോളാണ് 2014ന് ശേഷമുള്ള എ സി മിലാന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട്‌ പ്രവേശനം ആഘോഷമാക്കാൻ സഹായിച്ചത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മിലാന്റെ 250-ാം ഗോളായിരുന്നു ഇത്. പരിശീലക കരിയറിൽ ഒരു തവണ മാത്രമേ എ സി മിലാനോട് പരാജയപെട്ടിട്ടുള്ളൂ എന്ന ആത്മവിശ്വാസത്തിൽ ഇറ്റലിയിലേക്കെത്തിയ അന്റോണിയോ കോണ്ടെയ്ക്ക് മത്സര ഫലം തിരിച്ചടിയായി. നേരത്തെ യുവന്റസിനെയും ഇന്റർ മിലാനെയും പരിശീലിപ്പിച്ചിട്ടുള്ള ഇറ്റാലിയൻ പരിശീലകന്റെ എ സി മിലാനെതിരെയുള്ള 15-ാം മത്സരമായിരുന്നു ഇത്.

ഇരു മത്സരങ്ങളുടെയും രണ്ടാം പാദം മാർച്ച് എട്ടിന് നടക്കും. ഇന്ന് രാത്രി നടക്കുന്ന മത്സരങ്ങളിൽ ബെൽജിയൻ ക്ലബായ ബ്രൂഗെ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെയും, ജർമൻ ടീം ബൊറൂസിയ ഡോർട്മുണ്ട് ചെൽസിയെയും നേരിടും. 1.30 മുതലാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക.

logo
The Fourth
www.thefourthnews.in