'വാര്‍' ഇല്ലായിരുന്നെങ്കിലോ? ലിവര്‍പൂള്‍ യൂറോപ്പയും കളിക്കില്ല

'വാര്‍' ഇല്ലായിരുന്നെങ്കിലോ? ലിവര്‍പൂള്‍ യൂറോപ്പയും കളിക്കില്ല

'വാര്‍' തീരുമാനങ്ങള്‍ ഒഴിവാക്കിയുള്ള മത്സരഫലം പരിഗണിച്ചാല്‍ നിലവിലെ പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങള്‍ മാത്രമേ മാറ്റം വരാതെ നിലനില്‍ക്കു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-23 സീസണിന് കഴിഞ്ഞ ദിവസമാണ് സമാപനമായത്. നിരവധി 'വാര്‍' വിവാദങ്ങള്‍ക്കു സാക്ഷ്യം വഹിച്ച സീസണായിരുന്നു ഇത്തവണത്തേത്. 116 വാര്‍ തീരുമാനങ്ങളാണ് ഈ സീസണിലെ 38 റൗണ്ടുകളിലായി ഉണ്ടായത്. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയ ടീമുകള്‍ ഏതെന്നു പരിശോധിച്ചാല്‍ ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവരാണ് നിസംശയം പറയാനാകും.

ഇപിഎല്ലില്‍ വാര്‍ ഇല്ലായിരുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാവുക ലിവര്‍പൂളിനായിരുന്നു. ഒരു പക്ഷേ അവര്‍ക്ക് യൂറോപ്പാ ലീഗിനുള്ള യോഗ്യത പോലും നഷ്ടമാകുമായിരുന്നു. വാറിന്റെ സഹായത്തോടെ പല തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായി ലഭിച്ചു. അതില്ലായിരുന്നെങ്കില്‍ ടോട്ടനം ഹോട്‌സ്പറിനും പിന്നിലായി ഏഴാം സ്ഥാനത്തേക്ക് അവര്‍ പതിച്ചേനെ.

നിലവില്‍ 38 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍ ഫിനിഷ് ചെയ്തത്. അതുവഴി യൂറോപ്പാ ലീഗ് കളിക്കാനുള്ള യോഗ്യതയും അവര്‍ സ്വന്തമാക്കിയിരുന്നു. വാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്‌
ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്‌

വാറിന്റെ സഹായത്തോടെ ഒമ്പതു പോയിന്റുകളാണ് അവര്‍ക്ക് രക്ഷിച്ചെടുക്കാനായത്. ഈ പോയിന്റുകളാണ് ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നതില്‍ നിന്ന് അവരെ രക്ഷിച്ച് അഞ്ചാമത് എത്തിച്ചത്. തങ്ങള്‍ക്കെതിരേ എതിര്‍ ടീമുകള്‍ സ്‌കോര്‍ ചെയ്ത ആറു ഗോളുകളാണ് ലിവര്‍പൂളിന് വാറിന്റെ സഹായത്തോടെ റദ്ദായി കിട്ടിയത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ തന്നെ റെക്കോഡാണിത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ സിറ്റി താരം ഫില്‍ ഫോഡന്‍ സ്‌കോര്‍ ചെയ്ത ഗോള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.

ഫോഡന്റെ ഗോള്‍ വാറിന്റെ സഹായത്തോടെ റഫറി റദ്ദാക്കുകയായിരുന്നു. ഫോഡന്‍ സ്‌കോര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പ് സഹതാരം എര്‍ലിങ് ഹാലണ്ട് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതായി വ്യക്തമായതോടെയായിരുന്നു അത്. ആ ഗോള്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം തന്നെ മാറിയേനെ. അന്ന് കേവലം ഒരു ഗോളിനാണ് ലിവര്‍പൂള്‍ സിറ്റിയെ തോല്‍പിച്ചു മൂന്ന് പോയിന്റ് നേടിയത്.

ബ്രൈറ്റണെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് വാര്‍ പിന്നീട് ലിവര്‍പൂളിന്റെ രക്ഷയ്‌ക്കെത്തിയത്. മത്സരത്തില്‍ 0-2 എന്ന സ്‌കോറിന് തുടക്കത്തില്‍ പിന്നിലായിപ്പോയ ലിവര്‍പൂള്‍ മികച്ച തിരിച്ചുവരവിലൂടെ 3-3 സമനില നേടിയിരുന്നു. അതിന് അവരെ സഹായിച്ചത് വാറാണ്. സൂപ്പര്‍ താരം മുഹമ്മദ് സല നേടിയ ഗോള്‍ ഓഫ് സൈഡ് എന്ന പേരില്‍ റഫറി ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് വാര്‍ പരിശോധിച്ചാണ് ഗോള്‍ അംഗീകരിച്ചത്. അത് ഗോളിയിരുന്നില്ലെങ്കില്‍ ആ മത്സരം ബ്രൈറ്റണ്‍ ജയിച്ചേനെ.

വാര്‍ ഉപയോഗിച്ച് ലിവര്‍പൂള്‍ റദ്ദാക്കിച്ച ചെല്‍സി താരം കെയ് ഹാവര്‍ട്‌സിന്റെ ഗോള്‍
വാര്‍ ഉപയോഗിച്ച് ലിവര്‍പൂള്‍ റദ്ദാക്കിച്ച ചെല്‍സി താരം കെയ് ഹാവര്‍ട്‌സിന്റെ ഗോള്‍

സീസണില്‍ ചെല്‍സിക്കെതിരായ രണ്ടു മത്സരങ്ങളിലും വാര്‍ ലിവര്‍പൂളിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു. രണ്ടും സമനിലയില്‍ കലാശിച്ച മത്സരങ്ങളാണ്. എന്നാല്‍ ഇതില്‍ രണ്ടിലും ചെല്‍സി നേടിയ ഗോളുകള്‍ വാറിന്റെ സഹായത്തോടെ അനുവദിക്കാതെ പോയതും ലിവര്‍പൂളിന് രക്ഷയായി.

ലിവര്‍പൂളിനു സമാനമായി ആസ്റ്റണ്‍ വില്ലയ്ക്കും 'വാര്‍' ഏറെ ഉപയോഗപ്പെട്ട സീസണാണ് കടന്നുപോയത്. 10 പോയിന്റുകളാണ് 'വാര്‍' സഹായത്തോടെ അവര്‍ രക്ഷിച്ചെടുത്തത്. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പോയിന്റ് ടേബിളില്‍ 51 പോയിന്റുമായി 10-ാം സ്ഥാനത്തേക്ക് വീണ് അവര്‍ക്ക് യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് യോഗ്യത പോലും നഷ്ടമാകുമായിരുന്നു.

ലീഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ 2-1ന്റെ ജയം അവര്‍ക്ക് സമ്മാനിച്ചത് വാര്‍ നിയമമാണ്. ലീഡ്‌സ് താരം എമിലിയാനോ ബ്യുയെന്‍ഡിയ നേടിയ ഗോള്‍ വീഡിയോ അസിസ്റ്റിങ് റഫറിയിങ്ങിലൂടെയാണ് റദ്ദാക്കപ്പെട്ടത്. അതേപോലെ തന്നെ ക്രിസ്റ്റല്‍ പാലസിനെതിരേ 1-0ന് ജയിച്ച മത്സരത്തിലും വില്ലയ്ക്ക് അനുകൂലമായി ഒരു ഗോള്‍ റദ്ദാക്കപ്പെട്ടിരുന്നു. ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ എതിരാളികള്‍ക്കു ലഭിച്ച പെനാല്‍റ്റി തിരുത്തപ്പെട്ടതും ബ്രൈറ്റണെതിരായ മത്സരത്തില്‍ എതിരാളികളുടെ ഒരു ഗോള്‍ റദ്ദാക്കപ്പെട്ടതും വില്ലയ്ക്കു തുണയായി. ഇരു മത്സരങ്ങളിലും അവര്‍ 2-1 എന്ന സ്‌കോറില്‍ വിജയികളായിരുന്നു.

വാറിന്റെ സഹായത്തോടെ ലിവര്‍പൂളും വില്ലയും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതകള്‍ നിലനിര്‍ത്തിയെങ്കില്‍ അതിനേക്കാള്‍ വലിയ നേട്ടം കൊയ്ത മറ്റൊരു ടീമുണ്ട്- നോട്ടിങ്ഹാം ഫോറസ്റ്റ്. വാര്‍ നിയമം ഇല്ലായിരുന്നുവെങ്കില്‍ നോട്ടിങ്ഹാം അടുത്തവര്‍ഷം പ്രീമിയര്‍ ലീഗിലേ ഉണ്ടാകുമായിരുന്നില്ല.

ആഴ്‌സണലിനെ തോല്‍പിച്ച് റെലഗേഷന്‍ ഒഴിവാക്കിയ നോട്ടിങ്ഹാം താരങ്ങളുടെ ആഹ്‌ളാദം.
ആഴ്‌സണലിനെ തോല്‍പിച്ച് റെലഗേഷന്‍ ഒഴിവാക്കിയ നോട്ടിങ്ഹാം താരങ്ങളുടെ ആഹ്‌ളാദം.

റെലഗേഷനില്‍ നിന്ന് അവരെ രക്ഷിച്ചത് വാറിന്റെ സഹായത്തിലൂടെ ലഭിച്ച മൂന്നു പോയിന്റുകളാണ്. ഈ മൂന്ന് പോയിന്റ് അവരെ സംബന്ധിച്ച് ഏറെ വലുതാണ്. കാരണം 38 പോയിന്റുമായി 16-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ക്ക് ആ മൂന്ന് പോയിന്റില്ലായിരുന്നുവെങ്കില്‍ 18-ാം സ്ഥാനവും അതുവഴി റെലഗേഷനുമായിരുന്നു കാത്തിരുന്നത്.

വാര്‍ ഇല്ലാതെ തന്നെ ഏറ്റവും മികവ് കാട്ടിയ രണ്ട് ടീമുകളേയുള്ള പ്രീമിയര്‍ ലീഗില്‍. അതില്‍ ഒന്നാമത് നില്‍ക്കുന്നത് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. രണ്ടാം സ്ഥാനത്ത് ബ്രൈറ്റണും. ഇരുകൂട്ടര്‍ക്കും വാര്‍ കൊണ്ട് ദോഷമല്ലാതെ ഗുണമൊന്നും ലഭിച്ചില്ല. അഞ്ചു പോയിന്റുകളാണ് സിറ്റിക്ക് നഷ്ടമായത്. 'വാര്‍' ഏറ്റവും കൂടുതല്‍ ദോഷമുണ്ടാക്കിയത് ബ്രൈറ്റണാണ്. സ്‌കോര്‍ ചെയ്ത അഞ്ചു ഗോളുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിലൂടെ മത്സരഫലങ്ങള്‍ മാറിമറിയുകയും ചെയ്തു. ആറു ഗോളുകള്‍ റദ്ദാക്കപ്പെട്ട ന്യൂകാസില്‍ യുണൈറ്റഡ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരാണ് ഇക്കാര്യത്തില്‍ ബ്രൈറ്റണിന് മുന്നില്‍. പക്ഷേ ഇരുകൂട്ടര്‍ക്കും ആ ഗോളുകള്‍ മത്സരഫലത്തെ സ്വാധീനിച്ചിരുന്നില്ല.

നിലവിലെ പോയിന്റ് പട്ടിക പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റി(89), ആഴ്‌സണല്‍(84), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(75), ന്യൂകാസില്‍ യുണൈറ്റഡ്(71), ലിവര്‍പൂള്‍(67), ബ്രൈറ്റണ്‍ ഹോവ്‌സ്(62), ആസ്റ്റണ്‍ വില്ല(61), ടോട്ടനം ഹോട്‌സ്പര്‍(60), ബ്രെന്റ്‌ഫോര്‍ഡ്(59), ഫുള്‍ഹാം(52) എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനങ്ങള്‍.

'വാര്‍' തീരുമാനങ്ങള്‍ ഒഴിവാക്കിയുള്ള മത്സരഫലം പരിഗണിച്ചാല്‍ നിലവിലെ പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങള്‍ മാത്രമേ മാറ്റം വരാതെ നിലനില്‍ക്കു. വാര്‍ ഇല്ലായിരുന്നെങ്കില്‍ സിറ്റി(94), ആഴ്‌സണല്‍(83), യുണൈറ്റഡ്(75), ന്യൂകാസില്‍(70), ബ്രൈറ്റണ്‍(67), ടോട്ടനം (59), ലിവര്‍പൂള്‍(58), ബ്രെന്റ്‌ഫോര്‍ഡ്(58), ഫുള്‍ഹാം(53), ആസ്റ്റണ്‍ വില്ല(51) എന്നിങ്ങനെയായേനെ പ്രീമിയര്‍ ലീഗിന്റെ ഇത്തവണത്തെ സ്ഥാനങ്ങള്‍.

logo
The Fourth
www.thefourthnews.in