ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; സഹല്‍, ചാങ്‌തെ ഗോളുകളില്‍ ഇന്ത്യക്ക് ജയം

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; സഹല്‍, ചാങ്‌തെ ഗോളുകളില്‍ ഇന്ത്യക്ക് ജയം

ഇന്നു ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ മംഗോളിയയെ തോല്‍പിച്ചാണ് ഇന്ത്യ മികച്ച തുടക്കം കുറിച്ചത്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നു ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ മംഗോളിയയെ തോല്‍പിച്ചാണ് ഇന്ത്യ മികച്ച തുടക്കം കുറിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലാലിയന്‍സ്വാല ചാങ്‌തെയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഇന്ത്യക്കായി. ബോക്‌സിന്റെ വലതുവശത്തു നിന്ന് അനിരുദ്ധ് ഥാപ്പ പായിച്ച ക്രോസ് മംഗോളിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് പിടിച്ചെടുത്ത് സഹലാണ് വലകുലുക്കിയത്. തുടക്കത്തിലേ മുന്നിലെത്തിയതോടെ ആത്മവിശ്വാസത്തോടെ ആക്രമിച്ചു കളിച്ച ഇന്ത്യ ഏറെ വൈകാതെ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു.

ഇക്കുറിയും റീബൗണ്ടില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. 14-ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് നീക്കങ്ങള്‍ ആരംഭിച്ചത്. ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ വലയിലേക്ക് ഹെഡ് ചെയ്‌തെങ്കിലും മംഗോളിയന്‍ പ്രതിരോധതാരങ്ങള്‍ അത് തട്ടിയകറ്റി. എന്നാല്‍ പന്ത് വന്നു വീണത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചാങ്‌തെയുടെ കാല്‍ക്കല്‍. ലഭിച്ച സുവര്‍ണാവസരം ഇന്ത്യന്‍ താരം മുതലാക്കുകയും ചെയ്തു.

പിന്നീട് ഒരിക്കല്‍ക്കൂടി വലകുലുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു കഴിഞ്ഞില്ല. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള മംഗോളിയയ്‌ക്കെതിരേ വെറും രണ്ടു ഗോളുകള്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതെന്നത് ഇന്ത്യക്ക് കനത്ത നിരാശയായി.

മൂന്നു ടീമുകളാണ് ഇന്ത്യക്ക് പുറമേ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് ഇന്ത്യക്കൊപ്പം ലെബനനും മംഗോളിയയും ഇടംപിടിച്ചപ്പോള്‍ ഓഷ്യാന ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ പ്രതിനിധീകരിച്ച് വനാറ്റുവും പങ്കെടുക്കുന്നു. ഇന്ത്യയുടെ അടുത്ത മത്സരം 12-ന് വനാറ്റുവിനെതിരേയാണ്.

logo
The Fourth
www.thefourthnews.in