അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'കട്ടിലൊഴിഞ്ഞാലേ കസേര തരൂ' എന്നും 'തനിക്കുശേഷം പ്രളയം' എന്നും ചിന്തിക്കുകയും കരുതുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ഫുട്‌ബോളിലുള്ളത്‌. എന്നാല്‍ ഛേത്രി അതില്‍നിന്നെല്ലാം മാറിനടന്ന വ്യക്തിത്വമാണ്‌

''സൈനുത്താത്ത... കണ്ടോ, ഞങ്ങടെ അശോകേട്ടനെ''... സൂപ്പര്‍താരം അശോക് രാജ് തന്റെ ബാല്യകാല സുഹൃത്തായ ബാര്‍ബര്‍ ബാലന്റെ വീട് സന്ദര്‍ശിക്കാനെത്തിയതറിഞ്ഞ് ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന അയല്‍ക്കാരിയോട് സ്വല്‍പം പൊങ്ങച്ചത്തോടെ ബാലന്റെ ഭാര്യ ശ്രീദേവി പറഞ്ഞു... 'കഥ പറയുമ്പോള്‍' എന്ന സൂപ്പര്‍ ഹിറ്റ് മലയാളചിത്രത്തിലെ ഹൃദഹാരിയായ ക്ലൈമാക്‌സിലെ ഏറ്റവും രസകരമായ രംഗമാണത്. അശോക്‌ രാജ് ശരിക്കും സുഹൃത്ത് തന്നെയാണോയെന്ന് ബാലനോട് അല്‍പം മുമ്പ് ചോദിക്കേണ്ടി വന്നതിലെ 'ചളിപ്പും' ശ്രീദേവിയുടെ ആ ചോദ്യത്തില്‍ നിഴലിച്ചു കാണാം...

ഇന്ത്യന്‍ ഫുട്‌ബോളും ഇങ്ങനൊരു സാന്ദര്‍ഭിക മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2023 ജൂണ്‍ 21-നായിരുന്നു അത്. അന്നാണ് സുനില്‍ ഛേത്രി എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി മാറിയത്. ഇപ്പോഴും കളത്തിലുള്ള താരങ്ങളുടെ പട്ടികയെടുത്താല്‍ മൂന്നാമനായി മാറിയതും. മുന്നിലുള്ളത് ലോകം വെട്ടിപ്പിടച്ച അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. അന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ലോകത്തോട് പറഞ്ഞു, ''കണ്ടോ ഞങ്ങടെ ഛേത്രിയെ''...

ശ്രീദേവിക്കുണ്ടായതു പോലൊരു ചളിപ്പ് അന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുമുണ്ടായിക്കാണണം. കാരണം ക്രിക്കറ്റ് എന്ന പണം കിലുങ്ങുന്ന ഗെയിമിനു പിന്നാല പായുന്ന ഇന്ത്യയില്‍ ഫുട്‌ബോള്‍ എന്നേ മരിച്ചിരുന്നു. സ്‌പോണ്‍സര്‍ ചെയ്യാന്‍ വന്‍കിട ബ്രാന്‍ഡുകളില്ല, പരിശീലിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ല, എന്തിന് ദേശീയ ടീമിന്റെ കളികള്‍ കാണാന്‍ ഒഴിഞ്ഞ ഗ്യാലറികള്‍ മാത്രം. ഇതുകണ്ടു മടുത്ത ഛേത്രി രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു മുന്നില്‍ കൈകൂപ്പി തൊഴുതത് അതിനും അഞ്ച് വര്‍ഷം മുമ്പായിരുന്നു, കൃത്യമായി പറഞ്ഞാല്‍ 2018-ല്‍.

2018 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-കെനിയ മത്സരം ഛേത്രിയെ സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ നിമിഷമായിരുന്നു അത്. കാരണം 100-ാം രാജ്യാന്തര മത്സരമെന്ന നേട്ടമാണ് കാത്തിരിക്കുന്നത്. എന്നാല്‍, നാഴികക്കല്ല് പിന്നിടുന്നതിലുള്ള ആഹ്‌ളാദമായിരുന്നില്ല ഛേത്രിയില്‍ കണ്ടത്, മറിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥയിലുള്ള നിരാശയായിരുന്നു.

മത്സരത്തലേന്ന് ഛേത്രി തന്റെ സോഷ്യയില്‍മീഡിയയില്‍ തൊഴുകൈകളോടെ വന്നു. പറഞ്ഞത് ഇത്രമാത്രം... ''പ്രിയപ്പെട്ടവരെ... നിങ്ങള്‍ ഞങ്ങളുടെ കളികളെ വിമര്‍ശിക്കൂ, കളിയാക്കൂ.. പക്ഷേ ഈ ഗാലറികള്‍ ഒഴിച്ചിടരുത്. കളിക്കളത്തിലെത്തി ഞങ്ങളുടെ കളി കാണണം ലോകത്തിലെ ഏറ്റവും മികച്ച കായികയിനമാണിത്. നമ്മുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ കളിക്കുന്നത് എന്നതും ഓര്‍ക്കണം. ഒരു തവണ ഞങ്ങളുടെ കളി വന്ന് കണ്ടുനോക്കൂ, ഫുട്ബോള്‍ ഇഷ്ടപ്പെടാതെ നിങ്ങള്‍ മടങ്ങില്ല. യൂറോപ്യന്‍ ക്ലബ്ബുകളെ ആരാധിക്കുകയും പിന്തുണക്കുന്നവരും ഒരുപാടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന് അത്ര നിലവാരമില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ഈ കളി വന്ന് കണ്ടതുകൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും നിരാശരാവേണ്ടി വരില്ല. അതു ഞാന്‍ ഉറപ്പുനല്‍കുകയാണ്...''

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദയനീയ അവസ്ഥയാണ് ഛേത്രിയെക്കൊണ്ട് അതു പറയിപ്പിച്ചത്. ഇതിഹാസ താരങ്ങളായ പികെ ബാനര്‍ജിയും ഇന്ദര്‍ സിങ്ങും ഷബീര്‍ അലിയും വി പി സത്യനും ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും ഒന്നും നേരിടാത്ത പ്രതിസന്ധിയാണ് ഛേത്രിക്കു നേരിടേണ്ടി വന്നത്. കൊല്‍ക്കത്തയിലെയും പഞ്ചാബിലെയും കേരളത്തിലെയും ഹൈദരാബാദിലെയുമൊക്കെ നിറഞ്ഞ ഗ്യാലറികള്‍ക്കു മുന്നില്‍ പന്ത് തട്ടിയവരാണ് അവര്‍. വിജയന്റെ കാലഘട്ടമായിരുന്നു ആ പുഷ്‌കല കാലത്തിന്റെ അവസാനമെന്നു പറയാം, എന്നാല്‍ പോലും 88,000 പേര്‍ക്കു മാത്രം സീറ്റിങ് കപ്പാസിറ്റിയുള്ള കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലെ വിളക്കുകാലില്‍ വരെ ആരാധക ആവേശം പിടിച്ചുകയറിയ മത്സരം വിജയന്‍ കളിച്ചിട്ടുണ്ട്.

ഛേത്രിയെ സംബന്ധിച്ച് അതു പക്ഷേ സ്വപ്‌നം മാത്രമായിരുന്നു. മോഹന്‍ ബഗാനിലൊക്കെ പന്തുതട്ടിയെങ്കിലും നിറഞ്ഞുകവിയുന്ന സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം അപ്പോഴേക്കും കാലിയായി തുടങ്ങിയിരുന്നു. ക്ലബ് ഫുട്‌ബോളിനുള്ള ആരാധക പിന്തുണ പോലും ദേശീയ ടീമിനു ലഭിക്കാതെ പോയതാണ് ഛേത്രിയെ വിഷമിപ്പിച്ചത്. അതുകൊണ്ടാകണം മുന്‍ഗാമികള്‍ പോലും ചെയ്യാത്ത രീതിയില്‍ കാല്‍പ്പന്ത് കളിക്ക് ആളെക്കൂട്ടാന്‍ തൊഴുകൈകളുമായി പ്രത്യക്ഷപ്പെടാന്‍ ഛേത്രിയെ പ്രേരിപ്പിച്ചത്.

എനിക്കുശേഷം പ്രളയമാകരുത്...

'കട്ടിലൊഴിഞ്ഞാലേ കസേര തരൂ' എന്നും 'തനിക്കു ശേഷം പ്രളയം' എന്നും ചിന്തിക്കുകയും കരുതുകയും ചെയ്യുന്നവരാണ് എന്നും ഇന്ത്യന്‍ ഫുട്‌ബോളിലുണ്ടായിരുന്നത്. അതാണ് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചതും. എന്നാല്‍ ഛേത്രി അതില്‍ നിന്നെല്ലാം മാറിനടന്ന വ്യക്തിത്വമാണെന്ന് ഈയൊരൊറ്റ സാഹചര്യത്തിലൂടെ മനസിലാക്കാം. എന്നിരുന്നാലും മറ്റൊരു സന്ദര്‍ഭം കൂടി പറയാതെ പോക വയ്യ.

2023 നവംബര്‍ ഏഴ്, ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ് ഛേത്രിയും ഇന്ത്യന്‍ ടീമും. ഛേത്രിക്ക് അപ്പോള്‍ പ്രായം 38 വയസും മൂന്നു മാസവും നാലു ദിവസവും. ടീം ഇന്ത്യയുടെ പരിശീലനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശീയമാധ്യമത്തിന്റെ കായികലേഖകന് ഒരു കൗതുകം. ''2026 ലോകകപ്പ് യോഗ്യതയ്ക്കുവേണ്ടിയാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ലോകകപ്പ് ആകുമ്പോഴേക്കും ഛേത്രിക്ക് 42 വയസ് തികയും. എന്നിട്ടും എന്തിനാണ് താങ്കള്‍ ഇന്ത്യക്കായി ബൂട്ട് കെട്ടുന്നത്. വിരമിച്ചുകൂടേ,'' മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

ഉടന്‍തന്നെ മറുപടിയും ലഭിച്ചു... ''എനിക്കു പകരം താങ്കള്‍ ഇറങ്ങിയാല്‍ ഒരു ഗോളെങ്കില്‍ ഒന്ന് ഇന്ത്യക്കു നേടിക്കൊടുക്കാന്‍ സാധിക്കുമോ? അതുകൊണ്ടാണ് ഞാന്‍ കളിക്കുന്നത്,'' ഛേത്രി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു പറഞ്ഞത് ഇന്ത്യന്‍ ഫുട്‌ബോൾ അധികാരികള്‍ കേള്‍ക്കാനുള്ള വാക്കുകളായിരുന്നു... ''ഞാന്‍ സന്തോഷവാനാണ്, പക്ഷേ എന്റെ ശരീരം അല്ല. പ്രായം എത്രയായെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ ഇപ്പോള്‍ ടീമിനെ ഉപേക്ഷിച്ച് വിരമിച്ചുപോയാല്‍ എന്താകും സ്ഥിതിയെന്നറിയില്ല. വലിയ പ്രതീക്ഷകള്‍ എനിക്കില്ല. ഞാന്‍ ഒരോ തവണയും അടുത്ത മൂന്നു മാസം എന്ന ചെറിയ കാലയളവിലേക്കു മാത്രമാണ് ഉറ്റുനോക്കാറ്. അടുത്ത മത്സരങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കണം. യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇവിടെ വരെയെത്തി. ഇനിയും മുന്നേറണം. ഞാന്‍ പോയാല്‍ മറ്റൊരാള്‍ എന്റെ സ്ഥാനം ഏറ്റെടുക്കണം. അതിനൊരാള്‍ വരുന്ന വരെ എന്നാല്‍ കഴിയുംവിധം ഞാന്‍ തുടരും,''ഛേത്രി പറഞ്ഞു.

കരുത്തരായ കുവൈത്ത്, ഖത്തര്‍, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യില്‍ ഇടംപിടിച്ച ഇന്ത്യക്ക് അധികദൂരം മുന്നോട്ടുപോകാനായില്ല. പക്ഷേ ഛേത്രി തന്നാലാവും വിധം പൊരുതി. അന്ന് ഛേത്രി പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി വന്നിരുന്നു. എന്നാല്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ല. അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. ഇപ്പോള്‍ താന്‍ ബൂട്ടഴിക്കുന്നുവെന്ന് ഛേത്രി പ്രഖ്യാപിക്കുമ്പോള്‍ തനിക്കു പകരമൊരാള്‍ വന്നതുകൊണ്ടോ, കാല്‍പ്പന്ത് കളിയോടുള്ള അഭിനിവേശം കുറഞ്ഞതുകൊണ്ടോ അല്ല അതെന്നും മറിച്ച് ശാരീരികക്ഷമതയാണ് കാരണമെന്നും സാധാരണ ഫുട്‌ബോള്‍ പ്രേമികള്‍ക്കറിയാം. എന്നാല്‍ പകരക്കാരനെ കണ്ടെത്തേണ്ടിയിരുന്ന അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനു മാത്രം അത് മനസിലായിട്ടില്ലെന്നുവേണം കരുതാന്‍.

കളത്തില്‍ എന്നും ഒറ്റയാന്‍

എതിര്‍പാളയത്തിലേക്ക് വെടിമരുന്നുമായി മുന്നേറുന്ന പടയാളിയുടെ റോളാണ് കാല്‍പ്പന്ത് കളിയില്‍ എന്നും മുന്നേറ്റനിരക്കാരന്. അപകടവുമായി വരുന്ന അയാളെ തടയാന്‍ എന്ത് അടവും എതിര്‍ പ്രതിരോധം സ്വീകരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒത്തൊരു പങ്കാളിയാണ് ഒരു മികച്ച സ്‌ട്രൈക്കര്‍ക്കു വേണ്ടത്.

ലോക ഫുട്‌ബോളില്‍ വിജയം കൊയ്ത ടീമുകളില്‍ എന്നും ഇത്തരമൊരു കോമ്പിനേഷന്‍ കാണാം. ഡെസ്റ്റിഫാനോ-പുസ്‌കാസ്, പെലെ-ഗാരിഞ്ച എന്നീ സഖ്യങ്ങളില്‍ തുടങ്ങി റൊണാള്‍ഡോ-ബെന്‍സേമ, മെസി-സുവാരസ് സഖ്യങ്ങള്‍ എല്ലാം ഫുട്‌ബോള്‍ പ്രേമികള്‍ക്കു സുപരിചിതമാണ്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്കു വരുമ്പോള്‍ അത്തരം സഖ്യങ്ങള്‍ വളരെ വിരളമാണ്.

ഐതിഹാസിക താരങ്ങളുടെ കാര്യമെടുത്താല്‍പ്പോലും അത്തരം സഖ്യങ്ങളെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ആദ്യകാലത്ത് പികെ ബാനര്‍ജി-ചുനിഗോസ്വാമി-ബല്‍റാം ത്രയവും പിന്നീട് രാജസ്ഥാന്‍ പോലീസിന്റെ മഖന്‍ സിങ്-ചെയ്ന്‍സിങ് സഖ്യവുമൊക്കെയാണ് മികച്ച സ്‌ട്രൈക്കിങ് കോമ്പിനേഷനായി ഉണ്ടായിരുന്നത്. 1960-കളിലും 70-കളിലും ഇത്തരം കോമ്പിനേഷനുകള്‍ ഇല്ലാ തെയാണ് ഇന്ദര്‍ സിങ്ങിനെയും ഷബീര്‍ അലിയെയും പോലുള്ളവര്‍ കളംനിറഞ്ഞത്. പക്ഷേ അന്ന് അവര്‍ക്കൊപ്പം മധ്യനിരയിലും പ്രതിരോധനിരയിലും കൈമെയ് മറന്ന് ഒന്നിച്ചു പൊരുതാന്‍ കെല്‍പുള്ള താരനിരയുണ്ടായിരുന്നു.

പിന്നീട് എൺപതുകളുടെ അവസാനത്തില്‍ ഐ എം വിജയന്‍-സി വി പാപ്പച്ചന്‍ സഖ്യമാണ് ശ്രദ്ധേയമായ കൂട്ടുകെട്ടുണ്ടാക്കിയത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ കൂട്ടുകെട്ടിന്റെ ഫലം ഏറ്റവും കൂടുതല്‍ ലഭിച്ചത് വിജയനാണ്. പാപ്പച്ചനുശേഷം ചീമ ഒകേരിയുമായും ബൂട്ടിയയുമായും രാമന്‍ വിജയനുമായും ക്ലബ് തലത്തിലും ദേശീയ ടീമിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ വിജയന് കഴിഞ്ഞിട്ടുണ്ട്.

ഇവരുടെയൊക്കെ നിലവാരത്തില്‍ കളിക്കുന്ന താരമായിട്ടും പക്ഷേ ഛേത്രിക്ക് അത്തരമൊരു കൂട്ടുകെട്ടിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. 19 വര്‍ഷം നീണ്ട കരിയറില്‍ മാറിമാറി വന്ന ജെജെ ലാല്‍പെഖ്‌ലുവ, റോബിന്‍ സിങ്, സുമിത് പാസി, ബല്‍വന്ത് സിങ്, സുശീല്‍ കുമാര്‍, ഫാറൂഖ് ചൗധരി എന്നിവരാരും ഛേത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. വിജയനു ലഭിച്ചതു പോലൊരു മികച്ച പങ്കാളിയെ ഛേത്രിക്കു ലഭിച്ചിരുന്നെങ്കില്‍ ഗോള്‍ വേട്ടയില്‍ ഇനിയും ഏറെ മുന്നിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ.

ആരണിയും ഛേത്രിയുടെ ബൂട്ട്?

കായികലോകത്ത് പ്രായം ഒരു ഘടകമല്ല ഇക്കാലത്ത്. 39-ാം വയസില്‍ ലെബ്രോണ്‍ ജെയിംസും ലൂയിസ് ഹാമില്‍ട്ടണുമൊക്കെ അവരവരുടെ മേഖലയില്‍ ഇപ്പോഴും ആധിപത്യം തുടരുന്നുണ്ട്. എന്നാല്‍ ഫുട്‌ബോളില്‍ അതത്ര പ്രാവര്‍ത്തികമല്ല. മനസ് കളത്തിലുണ്ടായിട്ടും ശരീരം വിലക്കിയപ്പോള്‍ ഛേത്രി ബൂട്ടഴിക്കുകയാണ്. രണ്ടു മാസത്തിനപ്പുറം ഓഗസ്റ്റില്‍ 40 തികയുന്ന ഛേത്രി ഇനി മതിയാക്കുന്നുവെന്നു തീരുമാനിക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോള്‍ ലോകത്തിനു മുന്നില്‍നിന്ന് ദൈവത്തോട് പ്രാര്‍ഥനാപൂര്‍വം വീണ്ടുമൊരു ചോദ്യം ചോദിക്കുകയാണ്... തരുമോ ഇനി ഇതുപോലൊരു ഛേത്രിയെ...?

logo
The Fourth
www.thefourthnews.in