ഛേത്രി രക്ഷകനായി; ദുര്‍ബലര്‍ക്കെതിരേ 'കടന്നു കൂടി' ഇന്ത്യ

ഛേത്രി രക്ഷകനായി; ദുര്‍ബലര്‍ക്കെതിരേ 'കടന്നു കൂടി' ഇന്ത്യ

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. അടുത്ത മത്സരം 15-ന് ലബനനെതിരേയാണ്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് നിറംമങ്ങിയ ജയം. ഇന്നു ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ദുര്‍ബലരായ വനുയാറ്റുവിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കഷ്ടിച്ചു രക്ഷപെട്ടത്.

അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ ഇന്ത്യന്‍ മുന്‍നിര താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഒടുവില്‍ 80-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ടീമിന്റെ രക്ഷകനായത്. ഇടതു വിങ്ങില്‍ നിന്ന് സുഭാഷിഷ് നല്‍കിയ ക്രോസ് സ്വീകരിച്ചു ബോക്‌സിനുള്ളില്‍ നിന്നു ഛേത്രി തൊടുത്ത ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ജയത്തോടെ മൂന്നു പോയിന്റ് ഉറപ്പിച്ചെങ്കിലും നിരവധി അവസരങ്ങള്‍ തുലച്ച ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് ഒട്ടും ആഹ്‌ളാദം പകരില്ല. രണ്ടാം ജയത്തോടെ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

മൂന്നു ടീമുകളാണ് ഇന്ത്യക്ക് പുറമേ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് ഇന്ത്യക്കൊപ്പം ലെബനനും മംഗോളിയയും ഇടംപിടിച്ചപ്പോള്‍ ഓഷ്യാന ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ പ്രതിനിധീകരിച്ചാണ് വനുയാറ്റു പങ്കെടുക്കുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം 15-ന് ലബനനെതിരേയാണ്.

logo
The Fourth
www.thefourthnews.in