തകര്‍പ്പന്‍ ജയം; ആഴ്‌സണലിനെ പിന്തള്ളി സിറ്റി ഒന്നാമത്

തകര്‍പ്പന്‍ ജയം; ആഴ്‌സണലിനെ പിന്തള്ളി സിറ്റി ഒന്നാമത്

ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ഇതാദ്യമായാണ് സിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗംഭീര തിരിച്ചുവരവ്. ഇന്നു നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ആഴ്‌സണലിനെ പിന്തള്ളി വീണ്ടും ഒന്നാമതെത്തി.

ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ഇതാദ്യമായാണ് സിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ഫുള്‍ഹാമിനെതിരേ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെയും അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിന്റെയും ഗോളുകളാണ് അവര്‍ക്ക് ജയമൊരുക്കിയത്. കാര്‍ലോസ് വിനീഷ്യസിന്റെ വകയായിരുന്നു ഫുള്‍ഹാമിന്റെ ആശ്വാസഗോള്‍.

ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 24 ജയങ്ങളും നാലു വീതം സമനിലകളും തോല്‍വികളുമടക്കം 76 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഒരു മത്സരം കൂടുതല്‍ കളിച്ച ആഴ്‌സണല്‍ 75 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഹാലണ്ടിലൂടെ സിറ്റി ലീഡ് നേടിയിരുന്നു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു നോര്‍വീജിയന്‍ താരത്തിന്റെ ഗോള്‍. സ്‌കോര്‍ ചെയ്തതോടെ മറ്റൊരു റെക്കോഡിനൊപ്പമെത്താനും താരത്തിനായി.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോള്‍ എന്ന അലന്‍ ഷിയററുടെയും ആന്‍ഡി കോളിന്റെയും റെക്കോഡിനൊപ്പമാണ് ഹാലന്‍ഡ് എത്തിയത്. ഇന്ന് ഈ സീസണിലെ 34-ാം ഗോളാണ് ഹാലന്‍ഡ് കണ്ടെത്തിയത്. പിന്നീട് 15-ാം മിനിറ്റില്‍ വിനീഷ്യസിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചെങ്കിലും 36-ാം മിനിറ്റില്‍ ആല്‍വാരസ് നേടിയ ഗോള്‍ സിറ്റിയുടെ ജയം ഉറപ്പിച്ചു.

ഇന്നു നടന്ന മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ടോട്ടനത്തിനെതിരേ ലിവര്‍പൂളും തകര്‍പ്പന്‍ ജയം നേടി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ഏഴു ഗോള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം.

വിജയികള്‍ക്കു വേണ്ടില്‍ കര്‍ട്ടിസ് ജോണ്‍സ്, ലൂയിസ് ഡയസ്, മുഹമ്മദ് സല ഡ്യോഗോ യോട്ട എന്നിവരാണ് ലക്ഷ്യം കണ്ടത്. ഹാരി കെയ്ന്‍, സണ്‍ ഹ്യുങ് മിന്‍, റിച്ചാര്‍ലിസണ്‍ എന്നിവരുടെ വകയായിരുന്നു ടോട്ടനത്തിന്‍െ ഗോളുകള്‍.

logo
The Fourth
www.thefourthnews.in