രക്ഷകനായി ക്രിസ്റ്റിയാനോ; പത്തുപേരായി ചുരുങ്ങിയ ടീമിനെ കിരീടത്തിലേക്ക് നയിച്ചു

രക്ഷകനായി ക്രിസ്റ്റിയാനോ; പത്തുപേരായി ചുരുങ്ങിയ ടീമിനെ കിരീടത്തിലേക്ക് നയിച്ചു

ഇതാദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കിരീടം ചൂടുന്നത്. ക്രിസ്റ്റിയാനോയുടെ കരിയറിലെ 35-ാം കിരീടനേട്ടം കൂടിയാണിത്.

ആപത്ബാന്ധവനാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ ഇരട്ടഗോളുകളുമായി അല്‍ നസറിനെ കിരീടത്തിലേക്ക് നയിച്ചാണ് ക്രിസ്റ്റിയാനോ താരമായത്. ഇന്നു നടന്ന ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ മികവില്‍ അല്‍ നസറിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു അല്‍ നസര്‍ തോല്‍പിച്ചത്.

മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം പത്തുപേരായി ചുരുങ്ങിയ ടീമിനെ ക്രിസ്റ്റിയാനോ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും. 51-ാം മിനിറ്റില്‍ മിഷേലിന്റെ ഗോളില്‍ അല്‍ ഹിലാലാണ് ആദ്യം ലീഡ് നേടിയത്.

തുടര്‍ന്ന് മികച്ച കളി കാഴ്ചവച്ച അല്‍ ഹിലാലിനു മുന്നില്‍ അല്‍ നസര്‍ തുടര്‍ച്ചയായി പതറുകയായിരുന്നു. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അല്‍ നസറിന് വീണ്ടും തിരിച്ചടിയേറ്റു പരുക്കന്‍ കളിയുടെ പേരില്‍ അബുള്ള അല്‍ അമ്‌റി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുംപോയതോടെ അവര്‍ 10 പേരായി ചുരുങ്ങി.

ഇതോടെ അല്‍ നസറിന്റെ പരാജയം ഏറെക്കുറെ ഉറപ്പിച്ച കാണികക്കു മുന്നില്‍ പിന്നീട് ക്രിസ്റ്റിയാനോ അവതരിക്കുകയായിരുന്നു. 74-ാം മിനിറ്റില്‍ അല്‍ ഗനം നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റിയാനോ തന്റെ ടീമിനെ ഒപ്പമെത്തിച്ചു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത അല്‍നസര്‍ ഒന്നടങ്കം ഉണര്‍ന്നു. എന്നാല്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കളിയാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീങ്ങി.

അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ക്രിസ്റ്റിയാനോ വീണ്ടും രക്ഷകനായി. 98-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡര്‍ ഗോളിലൂടെ വലകുലുക്കിയ പോര്‍ചുഗല്‍ താരം ടീമിനെ മുന്നിലെത്തിച്ചു. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ക്രിസ്റ്റിയാനോ പരുക്കേറ്റ് പുറത്തു പോയത് അല്‍ നസറിന് ആശങ്ക സൃഷ്ടിച്ചെങ്കിലും ലീഡ് കൈവിടാതെ അവര്‍ വിജയികളായി. അറബ് ക്ലബ് ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് അല്‍ നസര്‍ കിരീടം ചൂടുന്നത്. ക്രിസ്റ്റിയാനോയുടെ കരിയറിലെ 35-ാം കിരീടനേട്ടം കൂടിയാണിത്.

logo
The Fourth
www.thefourthnews.in