ക്ലബ് കരിയറിൽ 500 ഗോൾ, ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്ലബ് കരിയറിൽ 500 ഗോൾ, ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പെലെ, പുസ്കസ്, ജോസഫ് ബികാൻ, റൊമാറിയോ തുടങ്ങിയവരാണ് ക്രിസ്റ്റ്യാനോക്ക് മുൻപ് 500 ഗോൾ തികച്ച താരങ്ങൾ

ക്ലബ് ഫുട്ബോളിൽ അഞ്ഞൂറ് ഗോൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ് അൽ-നാസറിന് വേണ്ടി നാല് ഗോൾ നേടിയ ക്രിസ്റ്റ്യാനോ ആകെ ക്ലബ് ഗോൾ നേട്ടം 503 ആക്കി. പെലെ, പുസ്കസ്, ജോസഫ് ബികാൻ, റൊമാറിയോ തുടങ്ങിയവരാണ് ക്രിസ്റ്റ്യാനോക്ക് മുൻപ് അഞ്ഞൂറ് ഗോൾ തികച്ച താരങ്ങൾ.

അൽ വെഹ്ദ എഫ് സിക്കെതിരായ മത്സരത്തിലാണ് ക്രിസറ്റ്യാനോ റൊണാൾഡോയുടെ മിന്നും പ്രകടനം. 21ാം മിനുറ്റിൽ ഗോൾ നേടിയതോടെയാണ് താരം ചരിത്രം കുറിച്ചത്. തുടർന്ന് മൂന്ന് ഗോൾ കൂടി നേടി.സൗദി അറേബ്യയിലെത്തിയ ശേഷം ക്രിസ്റ്റ്യാനോ നേടുന്ന ആദ്യ ഹാട്രിക്കാണ് ഇത്.

16ാം വയസിൽ സ്പോർട്ടിങ് സി പിയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ക്രിസ്റ്റ്യാനോ മൂന്ന് ഗോളുകളാണ് പോർച്ചുഗീസ് ക്ലബ്ബിനായി നേടിയത്. പിന്നീട് രണ്ട് തവണകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ ഇംഗ്ലണ്ട് ക്ലബ്ബിനായി 103 തവണ ഗോൾ വല കുലുക്കി. കൂടാതെ റയൽ മാഡ്രിഡിന് വേണ്ടി 311 ഗോളുകളും, യുവന്റസിന് വേണ്ടി 81 ഗോളുകളും നേടി. അൽ-നാസറിന് വേണ്ടി ഇതുവരെ താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ പ്രകടനത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് മത്സരം സ്വന്തമാക്കിയ അൽ-നാസർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായാണ് അൽ-നാസർ ഒന്നാമത് നിൽക്കുന്നത്. രണ്ടാമതുള്ള അൽ-ഷബാബ് എഫ് സി യെ ഗോൾ വ്യത്യാസത്തിലാണ് സൂപ്പർതാരത്തിന്റെ ക്ലബ് പിന്നിലാക്കിയത്. അൽ-ഷബാബിന് ഒരു മത്സരത്തിന്റെ ആനുകൂല്യമുണ്ട്. രണ്ടര വർഷത്തെ കരാറിൽ കഴിഞ്ഞ ഡിസംബറിലാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബിലെത്തിയത്.

logo
The Fourth
www.thefourthnews.in