ലൈംഗിക പീഡനം; ബ്രസീല്‍ സൂപ്പര്‍ താരം ഡാനി ആല്‍വ്‌സ് അറസ്റ്റില്‍

ലൈംഗിക പീഡനം; ബ്രസീല്‍ സൂപ്പര്‍ താരം ഡാനി ആല്‍വ്‌സ് അറസ്റ്റില്‍

യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്പാനിഷ് പോലീസ് ആല്‍വ്‌സ് കുറ്റക്കാരനാണെന്നു കണ്ടെത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു.

ബ്രസീലിന്റെയും സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെയും സൂപ്പര്‍ താരമായ ഡാനി ആല്‍വ്‌സ് ലൈംഗിക പീഡനക്കേസില്‍ സ്‌പെയിനില്‍ അറസ്റ്റിലായി. ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ കഴിഞ്ഞ ഡിസംബര്‍ 31-ന് പുതുവത്സര പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്പാനിഷ് പോലീസ് ആല്‍വ്‌സ് കുറ്റക്കാരനാണെന്നു കണ്ടെത്തി ഇന്ന് അസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താരത്തെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.

ഡിസംബര്‍ 31-ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആല്‍വ്‌സ് നൈറ്റ് ക്ലബില്‍ എത്തിയത്. പാര്‍ട്ടിക്കിടെ ആല്‍വ്‌സ് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വൃത്തങ്ങള്‍ തയാറായിട്ടില്ല.

39-കാരനായ ആല്‍വ്‌സ് ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. ബാഴ്‌സലോണയ്ക്കു പുറമേ പ്രമുഖ ക്ലബുകളായ യുവന്റസ്, പി.എസ്.ജി. എന്നിവയ്ക്കായും ആല്‍വ്‌സ് കളിച്ചിട്ടുണ്ട്. ബാഴ്‌സയ്‌ക്കൊപ്പം ആറു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്നു ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. യുവന്റസിനൊപ്പം സീരി എ കിരീടം, പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം എന്നിവയും നേടിയ ആല്‍വ്‌സ് 2007, 2019 വര്‍ഷങ്ങളില്‍ കോപ്പാ അമേരിക്ക കിരീടവും 2009, 2013 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടവും നേടിയ ബ്രസീല്‍ ടീമിലും അംഗമായിരുന്നു.

logo
The Fourth
www.thefourthnews.in