പ്രീസീസണ്‍ സൗഹൃദമത്സരം; യുണൈററഡിന് വീണ്ടും തോല്‍വി

പ്രീസീസണ്‍ സൗഹൃദമത്സരം; യുണൈററഡിന് വീണ്ടും തോല്‍വി

മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ഡോണില്‍ മാലെന്റെ മിന്നും പ്രകടനമാണ് ബൊറൂസിയയ്ക്കു തുണയായത്. യൂസഫ് മൗകോക്കോയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്

2023-24 ക്ലബ് ഫുട്‌ബോള്‍ സീസണിനു മുന്നോടിയായുള്ള സൗഹൃദ പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടാണ് അവര്‍ തോല്‍വി രുചിച്ചത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഡോര്‍ട്ട്മുണ്ട് ജയിച്ചുകയറിയത്.

യുഎസിലെ ലാസ്‌വെഗാസില്‍ നടന്ന മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ഡോണില്‍ മാലെന്റെ മിന്നും പ്രകടനമാണ് ബൊറൂസിയയ്ക്കു തുണയായത്. യൂസഫ് മൗകോക്കോയാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്. യുണൈറ്റഡിനു വേണ്ടി ഡിയോഗോ ഡാലറ്റ്, ആന്റണി എന്നിവരാണ് ലക്ഷ്യം കണ്ടത്.

മത്സരത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമാണ് യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. 24-ാം മിനിറ്റില്‍ ഡാലറ്റായിരുന്നു അവര്‍ക്കായി ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതി അവസാനിക്കും മുമ്പ് തന്നെ മാലെന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തിയിരുന്നു. 43, 44 മിനിറ്റുകളിലായിരുന്നു മാലെന്‍ ലക്ഷ്യം കണ്ടത്.

ഇടവേളയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ആ സ്‌കോര്‍നില നിലനിര്‍ത്താനായില്ല. 52-ാം മിനിറ്റില്‍ ആന്റണിയായിരുന്നു യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. എന്നാല്‍ 19 മിനിറ്റിനു ശേഷം കളിയുടെ 71-ാം മിനിറ്റില്‍ മൗകോകോ ഡോര്‍ട്ട്മുണ്ടിന്റെ വിജയഗോള്‍ കണ്ടെത്തി.

പ്രീസീസസണില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ചിരവൈരികളായ ആഴ്‌സണലിനെ തോല്‍പിച്ചുകൊണ്ട്(2-0) പ്രീസീസണ്‍ ആരംഭിച്ച യുണൈറ്റഡ് പിന്നീട് വെയ്ല്‍സ് ക്ലബ് വ്രെക്‌സ്ഹാമിനോടും(1-3), സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനോടും(0-2) തോല്‍വി വഴങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in