ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി

ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി

മാഡ്രിഡ് ആരാധകരെ കണ്ണിരിലാഴ്ത്തി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് ഏഴാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഹസാര്‍ഡ് ബെര്‍ണബ്യൂവിലെത്തി, പക്ഷെ..

'You switch on the TV, You see him. You immediately understands his quality. he is an exceptional player,' ഫുട്ബോളില്‍ തന്ത്രങ്ങള്‍ക്കൊണ്ട് കളി മെനഞ്ഞ് കിരീടങ്ങള്‍ വാരിക്കൂട്ടിയ സാക്ഷാല്‍ പെപ് ഗ്വാര്‍ഡിയോള ഒരിക്കല്‍ ഏദന്‍ ഹസാര്‍ഡിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. എതിര്‍പാളയത്തിലെ ഒരു താരത്തെക്കുറിച്ച് ഗ്വാര്‍ഡിയോള ഇത്തരമൊരു വര്‍ണന നടത്തുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അത്തരമൊരു പരിശീലകന്റെ കണ്ണടയ്ക്കാനാകുന്നതിലും കളിയഴകുള്ള കളിക്കാരനായിരുന്നു ഹസാര്‍ഡ്. എന്നാല്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പു പറഞ്ഞാണ് താരത്തിന് ഒടുവില്‍ കളം ഒഴിയേണ്ടി വന്നത്. കാരണം, കരിയറില്‍ കരിനിഴലായെത്തിയ പരുക്കുകള്‍ തന്നെ.

2012ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗും എഫ്എ കപ്പും നേടി പ്രതാപകാലം ആസ്വദിക്കുന്ന സമയം. കിരീടനേട്ടങ്ങള്‍ക്കിടയിലും ആരാധകര്‍ക്ക് നിരാശസമ്മാനിച്ചെത്തിയ വാര്‍ത്തയായിരുന്നു ക്ലബ്ബ് ഇതിഹാസം ദിദിയര്‍ ദ്രോഗ്ബയുടെ പടിയിറക്കം. താരത്തിന് പകരം ആരാണെന്ന ചോദ്യത്തിന് ചെല്‍സി ആരാധകര്‍ക്ക് മാനേജ്മെന്റ് നല്‍കിയ ഉത്തരമായിരുന്നു ഏദന്‍ ഹസാര്‍ഡ് എന്ന പേര്. വേഗത, ഡ്രിബ്ലിങ് പാടവം, ഫിനിഷിങ് - ഒരു മുന്നേറ്റ താരത്തിന് ആവശ്യമായിരുന്നതെല്ലാം ഹസാര്‍ഡ് തന്റെ കാലുകളില്‍ ഒളിപ്പിച്ചിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ പുല്‍മൈതാനിയില്‍ ചെല്‍സി ആരാധകര്‍ മനസില്‍ കണ്ടതെല്ലാം ഹസാര്‍ഡ് നടപ്പാക്കി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇത്തിഹാദിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോഡിലും ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡിലുമെല്ലാം ഹസാര്‍ഡിന്റെ കാലുകളില്‍ പന്തെത്തിയപ്പോള്‍ എതിര്‍ ആരാധകര്‍ പോലും ആസ്വദിച്ചിരുന്നു. അങ്ങനെ ഫുട്ബോള്‍ ഭൂപടത്തില്‍ ചെല്‍സിയുടെ കരിനീലക്കുപ്പായത്തില്‍ ഹസാര്‍ഡ് മേല്‍വിലാസം സൃഷ്ടിച്ചെടുത്തു. അക്കാലത്ത് ലയണല്‍ മെസിയോട് പോലും ഹസാര്‍ഡിനെ ഉപമിച്ചവരുണ്ടായിരുന്നു. പിന്നീടായിരുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം ഹസാര്‍ഡിനെ തേടിയെത്തിയത്. അത് റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗൊ ബെര്‍ണബ്യൂവിലേക്കുള്ള ക്ഷണമായിരുന്നു.

ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി
ഹസാര്‍ഡ് ബൂട്ടഴിച്ചു; വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയം സൂപ്പര്‍ താരം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്ക് കിരീടം നേടിക്കൊടുത്തതിന് ശേഷം മാഡ്രിഡിന്റെ വീഥികളെ നിശബ്ദമാക്കിക്കൊണ്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തൂവള്ള ജേഴ്സി അഴിച്ച നാളുകള്‍. 2019 ജൂണ്‍ ഏഴാം തീയതി റൊണാള്‍ഡോയുടെ സ്ഥാനത്തേക്ക് ഏഴാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഹസാര്‍ഡ് ബെര്‍ണബ്യൂവിലെത്തി. ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റിനൊ പെരേസിന്റെ തീരുമാനത്തെ ഫുട്ബോള്‍ ലോകം മറ്റൊരു മാസ്റ്റര്‍ ക്ലാസ് എന്നായിരുന്നു വിശേഷിപ്പിച്ചത്. പക്ഷെ കണക്കുകൂട്ടലുകളെല്ലാം ഹസാര്‍ഡ് റയലിലെത്തിയ രണ്ടാം മാസം തന്നെ തെറ്റി.

ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരായ മത്സരത്തില്‍ തോമസ് മ്യൂനിയറുടെ ഫൗളില്‍ ഹസാര്‍ഡിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റു. ശസ്ത്രക്രിയയില്‍ മെറ്റല്‍ പ്ലേറ്റ് കാലില്‍ സ്ഥാപിക്കേണ്ടതായി വന്നു. സീസണില്‍ നാല് ഇവന്റുകളിലായി 16 മത്സരങ്ങളായിരുന്നു ഹസാര്‍ഡിന് നഷ്ടമായത്. മൂന്ന് മാസത്തിന് ശേഷം വീണ്ടും പരുക്ക് താരത്തെ തേടിയെത്തി. അന്നും ഹസാര്‍ഡ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതായിരുന്നു. പക്ഷെ ക്ലബ്ബിന്റെ ഇടപെടലില്‍ അന്ന് ശസ്ത്രക്രിയ നടന്നില്ലെന്ന് സ്പാനിഷ് മാധ്യമമായ മാഴ്സയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസാര്‍ഡ് പറഞ്ഞിരുന്നു.

2021-22 സീസണിന്റെ തുടക്കത്തില്‍ ഹസാര്‍ഡിനെ പഴയ ഊര്‍ജത്തിന്റെ മേമ്പൊടിയോടെ കാണാനായിരുന്നു. എന്നാല്‍ ഇടതു വിങ്ങില്‍ വിനീഷ്യസ് ജൂനിയറെന്ന യുവതാരത്തിന്റെ വേഗതയ്ക്കൊപ്പം ഓടിയെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. പരിശീലകന്‍ കാര്‍ലോസ് അഞ്ചലോട്ടിയാകട്ടെ വിനീഷ്യസിനെ കുന്തമുനയാക്കിയായിരുന്നു മാഡ്രിന്റെ മുന്നേറ്റ നിരയെ തയാറാക്കിയിരുന്നത്. പകരക്കാരന്റെ റോളിലേക്ക് തഴയപ്പെട്ടതോടെ ആഞ്ചലോട്ടിയും ഹസാര്‍ഡും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി
രാഹുലിന്റെ ഫോം ശുഭസൂചന, പക്ഷെ തുടക്കത്തിലെ തകര്‍ച്ച ശ്രദ്ധിക്കണം

പരുക്കിന്റെ വേട്ടയാടലിനും ടീമിലെ രണ്ടാം നിരയിലേക്കുള്ള താഴ്ത്തപ്പെടലിനും ശേഷം ഗാസ്ട്രൊഎന്‍ റൈറ്റിസും ഹസാര്‍ഡിനെ പിടികൂടി. ദഹനനാളത്തിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. 2022 ജനുവരിയിലായിരുന്നു താരത്തെ പിന്നീട് കളത്തില്‍ ദൃശ്യമായത്. ശേഷം കാലില്‍ സ്ഥാപിച്ച സ്റ്റീല്‍ പ്ലേറ്റ് നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. 2022 അവസാനത്തോടെയാണ് ആരാധകരോട് ക്ഷമാപണവുമായി ഹസാര്‍ഡ് പ്രത്യക്ഷപ്പെട്ടത്. തന്റെ പ്രിയപ്പെട്ട ക്ലബ്ബിന് വേണ്ടി ആഗ്രഹിച്ചിട്ടും ഒന്നും ചെയ്യാനാകുന്നില്ല എന്ന കുറ്റബോധത്തോടെയായിരുന്നു ഹസാര്‍ഡിന്റെ വാക്കുകള്‍.

"മാഡ്രിഡ് ആരാധകരെ, എന്നോട് ക്ഷമിക്കുക. എളുപ്പമുള്ള സാഹചര്യത്തിലൂടെയല്ല ഞാന്‍ കടന്നുപോകുന്നത്. എനിക്ക് കളിക്കണമെന്നുണ്ട്, പക്ഷെ സാധിക്കുന്നില്ല. സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ചെല്‍സിയില്‍ പരുക്കേല്‍ക്കാതെ നൂറോളം മത്സരങ്ങള്‍ ഞാന്‍ കളിച്ചു, ഇവിടെ അങ്ങനെയായിരുന്നില്ല, പരുക്കുകള്‍ മാത്രമാണ്," റയല്‍ ആരാധകരില്‍ നിന്ന് വരെ അധിക്ഷേപ വാക്കുകള്‍ കേട്ടതിന് പിന്നാലെയായിരുന്നു ഹസാര്‍ഡിന്റെ വാക്കുകള്‍. നാല് വര്‍ഷം നീണ്ട മാഡ്രിഡ് കരിയറില്‍ ഏഴ് ഗോള്‍ മാത്രമായിരുന്നു ഹസാര്‍ഡിന്റെ പേരിലുണ്ടായിരുന്നത്, അതും 76 മത്സരങ്ങളില്‍ നിന്ന്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ലയണല്‍ മെസി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കപ്പെടേണ്ടിയിരുന്ന കരിയര്‍ എങ്ങുമെത്താതെയാണ് ഹസാര്‍ഡിനിപ്പോള്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്. റയല്‍ മാഡ്രിഡ് എന്ന സ്വപ്ന കൂടാരം ഹസാര്‍ഡ് കരിയറില്‍ തിരഞ്ഞെടുത്ത ഏറ്റവും മോശം തീരുമാനമായി പലരും വിലയിരുത്തുന്നതും ഇതുകൊണ്ട് തന്നെ.

logo
The Fourth
www.thefourthnews.in