ഫിഫ റാങ്കിങ്: ഇന്ത്യ 99-ാമത്, ലോകകപ്പ് യോഗ്യതാ നറുക്കെടുപ്പില്‍ പോട്ട് രണ്ട് ഉറപ്പായി

ഫിഫ റാങ്കിങ്: ഇന്ത്യ 99-ാമത്, ലോകകപ്പ് യോഗ്യതാ നറുക്കെടുപ്പില്‍ പോട്ട് രണ്ട് ഉറപ്പായി

റാങ്കിങ്ങില്‍ നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമുണ്ട്.

പുതിയ ഫിഫ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഇന്നു പുറത്തു വിട്ട റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം റാങ്കിലാണ് ഇന്ത്യ എത്തിയത്. ഇതോടെ 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ നറുക്കെടുപ്പില്‍ ഇന്ത്യ പോട്ട് രണ്ടില്‍ ഉണ്ടാകുമെന്നും ഉറപ്പായി.

ഏഷ്യന്‍ വന്‍കരയില്‍ 18-ാം സ്ഥാനത്ത് എത്തിയതോടെയാണ് പോട്ട് രണ്ടില്‍ സ്ഥാനം ഉറപ്പാക്കിയത്. ഇത് കരുത്തരായ ടീമുകള്‍ക്കെതിരേ യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരുന്നതില്‍ നിന്ന് ഇത് ഇന്ത്യയെ രക്ഷിക്കും. യോഗ്യതാ സാധ്യതകളും വര്‍ധിപ്പിക്കും.

ഒരു മാസത്തിനിടെ നേടിയ രണ്ടു രാജ്യാന്തര കിരീടങ്ങളാണ് റാങ്കിങ്ങില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം സമ്മാനിച്ചത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, സാഫ് കപ്പ് എന്നിവയിലാണ് ഇന്ത്യ കിരീടം ചൂടിയത്. കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴില്‍ സമീപകാലത്തായി ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

അതേസമയം റാങ്കിങ്ങില്‍ നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമുണ്ട്. ഇംഗ്ലണ്ട് ബെല്‍ജിയം എന്നിവരാണ് യഥാക്രമം ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റു രണ്ടു ടീമുകള്‍. ക്രൊയേഷ്യ, ഹോളണ്ട്, ഇറ്റലി, പോര്‍ചുഗല്‍, സ്‌പെയിന്‍ എന്നിവര്‍ യഥാക്രമം ആറു മുതല്‍ 10 വരെ റാങ്കിലുണ്ട്.

logo
The Fourth
www.thefourthnews.in