സ്‌പെയിനും സ്വീഡനും സെമിയില്‍; വനിതാ ലോകകപ്പില്‍ പുതിയ ചാമ്പ്യന്മാര്‍ വരും

സ്‌പെയിനും സ്വീഡനും സെമിയില്‍; വനിതാ ലോകകപ്പില്‍ പുതിയ ചാമ്പ്യന്മാര്‍ വരും

നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കു പുറമേ ഇന്നു നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ റണ്ണറപ്പുകളായ ഹോളണ്ടും മുന്‍ ചാമ്പ്യന്മാരായ ജപ്പാനും പുറത്തായതോടെയാണ് പുതിയ കിരീടാവകാശി വരുമെന്ന് ഉറപ്പായത്.

ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇക്കുറി പുതിയ ജേതാക്കള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. പ്രീക്വാര്‍ട്ടറില്‍ പുറത്തായ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കു പുറമേ ഇന്നു നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിലവിലെ റണ്ണറപ്പുകളായ ഹോളണ്ടും മുന്‍ ചാമ്പ്യന്മാരായ ജപ്പാനും പുറത്തേക്കു പോയതോടെയാണ് പുതിയ കിരീടാവകാശി വരുമെന്ന് ഉറപ്പായത്. ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്ന ആരും ഇതിനുമുമ്പ് കിരീടം ചൂടിയവരല്ല.

ഇന്ന് ഹോളണ്ടിനെ തോല്‍പിച്ച് സ്‌പെയിനും ജപ്പാനെ വീഴ്ത്തി സ്വീഡനുമാണ് സെമിയില്‍ കടന്നത്. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണ്‍ റീജിയണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ഹോളണ്ടിനെ തോല്‍പിച്ചത്. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില സെയ്മ സെലസ്‌റ്റെ പരെയേലോ നേടിയ ഗോളാന് അവര്‍ക്ക് ജയമൊരുക്കിയത്.

നേരത്തെ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം മത്സരത്തിന്റെ 81-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡ് നേടിയത്. പെനാല്‍റ്റിയില്‍ നിന്നു മരിയോണ കാല്‍ഡെന്റെയായിരുന്നു സ്‌കോറര്‍. എന്നാല്‍ വെറും 10 മിനിറ്റ് മാത്രമേ അവര്‍ക്ക് ലീഡ് നിലനിര്‍ത്താനായുള്ളു. നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ 91-ാം മിനിറ്റില്‍ ഹോളണ്ട് ഒപ്പമെത്തി.

വെറ്ററന്‍ താരം വാന്‍ ഡെ ഗ്രാഗ്റ്റാണ് ഹോളണ്ടിന് സമനില സമ്മാനിച്ചത്. തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ടീനേജ് താരം സെയ്മ സ്‌പെയിന്റെ രക്ഷകയായി. തങ്ങളുടെ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സ്‌പെയിന്‍ സെമിയില്‍ കടക്കുന്നത്.

ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജപ്പാനെ അട്ടിമറിച്ച് സ്വീഡനും അവസാന നാലില്‍ ഇടംപിടിച്ചു. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയെ അട്ടിമറിച്ചു ക്വാര്‍ട്ടറില്‍ എത്തിയ സ്വീഡന്‍ തങ്ങളുടെ വിസ്മയക്കുതിപ്പ് തുടരുന്നതാണ് ഇന്നും കണ്ടത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ജപ്പാനെതിരേ അവരുടെ ജയം.

31-ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം അമാന്‍ഡ ഇലസ്റ്റഡിലൂടെ സ്വീഡനാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ ഇടവേളയ്ക്കു ശേഷം ഉടന്‍ തന്നെ രണ്ടാം ഗോളും കണ്ടെത്തി. 51-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയില്‍ നിന്ന് ഫിലിപ്പയാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് 87-ാം മിനിറ്റില്‍ ഹൊനോക ഹയാഷി ജപ്പാനു വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും സ്വീഡിഷ് ജയം മറികടക്കാന്‍ അതു മതിയാകുമായിരുന്നില്ല.

തുടര്‍ച്ചയായ രണ്ട് അട്ടിമറികളുമായി കറുത്തകുതിര പട്ടം നേടിയ സ്വീഡന് സെമിഫൈനലില്‍ സ്‌പെയിനാണ് എതിരാളികള്‍. അതേസമയം നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഫ്രാന്‍സിനെയും ഇംഗ്ലണ്ട് കൊളംബിയയെയും നേരിടും.

logo
The Fourth
www.thefourthnews.in