വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡും നോര്‍വെയും നോക്കൗട്ടില്‍, ന്യൂസിലന്‍ഡ് പുറത്ത്

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡും നോര്‍വെയും നോക്കൗട്ടില്‍, ന്യൂസിലന്‍ഡ് പുറത്ത്

രണ്ടു മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റുമായി പുറത്താകലിന്റെ വക്കില്‍ നിന്ന നോര്‍വെയുടെ ഗംഭീര തിരിച്ചുവരവാണ് ഇന്നു കണ്ടത്

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ ആതിഥേയരായ ന്യൂസിലന്‍ഡ് പുറത്ത്. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടു ഗോള്‍രഹിത സമനില വഴങ്ങിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് സമ്പാദിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടക്കുകയും ചെയ്തു.

ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റോടെയാണ് സ്വിസ് പടയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ഫിലിപ്പീന്‍സിനെ തകര്‍ത്ത് നോര്‍വെയും സ്വിറ്റ്‌സര്‍ലന്‍ഡിനൊപ്പം നോക്കൗട്ടിലേക്ക് കടന്നു.

ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നോര്‍വെ ജയിച്ചു കയറിയത്. ഹാഡ്രിക് നേടിയ സോഫി റോമന്‍ ഹോഗിന്റെ മിന്നുന്ന പ്രകടനമാണ് അവര്‍ക്കു തുണയായത്. സോഫിക്കു പുറമേ കരോളിന്‍ ഹാന്‍സെന്‍, അലീസിയ ബാര്‍ക്കര്‍, ഗ്യൂറോ റെയ്റ്റന്‍ എന്നിവരാണ് നോര്‍വെയ്ക്കായി സ്‌കോര്‍ ചെയ്തത്.

രണ്ടു മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റുമായി പുറത്താകലിന്റെ വക്കില്‍ നിന്ന നോര്‍വെയുടെ ഗംഭീര തിരിച്ചുവരവാണ് ഇന്നു കണ്ടത്. കൂറ്റന്‍ ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് അവര്‍ മുന്നേറിയത്. ആതിഥേയരായ ന്യൂസിലന്‍ഡിനും മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ വമ്പന്‍ ജയ, സമ്മാനിച്ച മികച്ച ഗോള്‍ശരാശരി നോര്‍വെയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in