ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടം; ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം ഖത്തറും കുവൈത്തും

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടം; ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം ഖത്തറും കുവൈത്തും

ഗ്രൂപ്പ് എയില്‍ ഇത്തവണ ലോകകപ്പ് കളിച്ച ഖത്തര്‍, കുവൈത്ത് എന്നിവരുമായാണ് ഇന്ത്യ മത്സരിക്കാനിരിക്കുന്നത്

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യക്ക് കടുത്ത പരീക്ഷണം. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം കരുത്തരായ ഖത്തറും കുവൈത്തുമാണ് ഇടംപിടിച്ചത്. ഇവര്‍ക്കൊപ്പം ആദ്യ റൗണ്ട് കളിച്ചുവരുന്ന അഫ്ഗാനിസ്ഥാന്‍, മംഗോളിയ എന്നീ ടീമുകളില്‍ ഒരു ടീമും ചേരും.

രണ്ടാം റൗണ്ടില്‍ 36 ടീമുകളെ ഒമ്പതു ഗ്രൂപ്പുകളായി തിരിച്ചാണ് രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടം. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറുക. അതിനാല്‍ത്തന്നെ ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം കാഴ്ചവച്ചാല്‍ മാത്രമെ ലോകകപ്പ് യോഗ്യത നേടാനാവു. ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാന്‍ ഗ്രൂപ്പ് ബിയിലും ഇറാന്‍ ഗ്രൂപ്പ് ഇ യിലും സൗദി അറേബ്യ ഗ്രൂപ്പ് ജിയിലുമാണുള്ളത്. നവംബര്‍ 16 മുതലാണ് രണ്ടാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമാണ് ഖത്തര്‍, കൂടാതെ ഏഷ്യന്‍ ചാമ്പ്യന്മാരുമാണ്. ശക്തരായ ഖത്തറിനെ ഇതിനു മുമ്പ് ഇന്ത്യ സമനിലയില്‍ തളച്ച് കരുത്ത് കാട്ടിയിട്ടുണ്ട്. സാഫ് ഫുട്ബോളില്‍ ഇന്ത്യ പരാജയപ്പെടുത്തിയ ടീമാണ് കുവൈത്ത്. അവരെ മറികടന്ന് ഖത്തറിനൊപ്പം മൂന്നാം റൗണ്ടിലേക്ക് മുന്നേറാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in