അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ഇന്ത്യയിലേക്ക്

അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ഇന്ത്യയിലേക്ക്

ജൂണ്‍ 20-21 തീയതികള്‍ അല്ലെങ്കില്‍ ജൂലൈ 1-3 തീയതികളില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കാമെന്നു മാര്‍ട്ടിനസ് അറിയിച്ചതായി സത്രദു ദത്ത വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഇന്ത്യയിലേക്ക്. ജൂണ്‍ അവസാന വാരമോ ജൂലൈ ആദ്യമോ താരം കൊല്‍ക്കത്ത സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇതിഹാസ താരങ്ങളായ ഡീഗോ മറഡോണയെയും പെലെയെയും കൊല്‍ക്കത്തയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്ത പ്രമുഖ ബിസിനസുകാരനും സ്‌പോര്‍ട്‌സ് പ്രൊമോട്ടറുമായ സത്രദു ദത്തയാണ് മാര്‍ട്ടിനസിന്റെ സന്ദര്‍ശന വിവരം അറിയിച്ചത്.

ജൂണ്‍ 20-21 തീയതികള്‍ അല്ലെങ്കില്‍ ജൂലൈ 1-3 തീയതികളില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കാമെന്നു മാര്‍ട്ടിനസ് അറിയിച്ചതായി സത്രദു ദത്ത വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു. ഇതു സംബന്ധിച്ച് കരാര്‍ ധാരണയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തറില്‍ നടന്ന 2022 ഫിഫ ലോകകപ്പില്‍ ലയണല്‍ മെസിയുടെ നായകത്വത്തിനു കീഴില്‍ അര്‍ജന്റീനയുടെ കിരീട ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മാര്‍ട്ടിനസ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും നിര്‍ണായക നാലു പെനാല്‍റ്റി കിക്കുകള്‍ സേവ് ചെയ്ത മാര്‍ട്ടിനസിന്റെ പ്രകടനം അര്‍ജന്റീന ആരാധകര്‍ക്ക് മറക്കാനാകില്ല.

ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും മാര്‍ട്ടിനസായിരുന്നു. ലോകകപ്പിനു മുമ്പ് നടന്ന 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും മാര്‍ട്ടിനസ് മികച്ച ംോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 30-കാരനായ താരം നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ആസ്റ്റണ്‍ വില്ലയുടെ കാവല്‍ക്കാരനാണ്.

logo
The Fourth
www.thefourthnews.in