മെസി, എംബാപ്പെ, ബെൻസെമ..ആരാകും ഫിഫ ദ ബെസ്റ്റ്? അന്തിമപട്ടിക പ്രഖ്യാപിച്ചു

മെസി, എംബാപ്പെ, ബെൻസെമ..ആരാകും ഫിഫ ദ ബെസ്റ്റ്? അന്തിമപട്ടിക പ്രഖ്യാപിച്ചു

മികച്ച വനിതാ/പുരുഷ താരങ്ങള്‍, മികച്ച വനിതാ പരിശീലക, മികച്ച പുരുഷ പരിശീലകന്‍, മികച്ച വനിതാ/പുരുഷ ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കുള്ള പട്ടികയാണ് തയ്യാറായത്

ഫിഫ ദ ബെസ്റ്റ് ഫുട്‌ബോള്‍ അവാര്‍ഡ്‌സ് അന്തിമ പട്ടിക പ്രഖ്യാപിച്ചു. മികച്ച വനിതാ/പുരുഷ താരങ്ങള്‍, മികച്ച വനിതാ പരിശീലക, മികച്ച പുരുഷ പരിശീലകന്‍, മികച്ച വനിതാ/പുരുഷ ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കുള്ള പുരസ്‌കാരങ്ങള്‍ക്കായുള്ള അന്തിമ പട്ടികയാണ് തയ്യാറായത്.

ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബെത്ത് മീഡ്, യു എസ് എ താരം അലക്‌സ് മോര്‍ഗന്‍ (ഒര്‍ലാന്‍ഡോ പ്രൈഡ് / സാന്‍ ഡിയാഗോ വേവ്), ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുട്ടെല്ലാസ് എന്നിവരാണ് മികച്ച വനിതാ താരങ്ങള്‍ക്കുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സെമ, പാരീസ് സെന്റ് ജെര്‍മെയ്ന്‍ എഫ്സിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, പാരീസ് സെന്റ് ജെര്‍മെയ്ന്‍ എഫ്സി അംഗമായ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി എന്നിവരാണ് മികച്ച ഫിഫ പുരുഷ താരത്തിനുള്ള അവസാന മൂന്ന് നോമിനികള്‍

മികച്ച ഫിഫ വനിതാ പരിശീലകനുള്ള അന്തിമ പട്ടികയില്‍ ഒളിംപിക് ലിയോണൈസ് പരിശീലക സോണിയ ബോംപാസ്റ്റര്‍, ബ്രസീല്‍ ദേശീയ ടീം പരിശീലക പിയ സുന്ദഗെ സറീന വീഗ്മാന്‍ (ഇംഗ്ലീഷ് ദേശീയ ടീം) എന്നിവര്‍ ഇടംപിടിച്ചു.

റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള, അര്‍ജന്റീന ദേശീയ ടീം കോച്ച് ലയണല്‍ സ്‌കലോനി എന്നിവര്‍ മികച്ച പുരുഷ പരിശീലകനുള്ള അന്തിമ പട്ടികയില്‍ ഇടംനേടി.

മികച്ച വനിതാ ഗോള്‍കീപ്പറിനുള്ള അന്തിമ പട്ടികയില്‍ ചെല്‍സിയുടെ ജര്‍മന്‍ താരം ആന്‍-കാട്രിന്‍ ബെര്‍ഗര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം മേരി ഇയര്‍പ്സ്, ഒളിമ്പിക് ലിയോണൈസിന്റെ ചിലി താരം ക്രിസ്റ്റ്യന്‍ എന്‍ഡ്ലർ എന്നിവരും ഇടംനേടി.

സെവില്ല എഫ്സിയുടെ മൊറോക്കോ താരം യാസിന്‍ ബൗണൗ, റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം താരം തിബോട്ട് കോര്‍ട്ടോയിസ്, ആസ്റ്റണ്‍ വില്ല എഫ്സിയുടെ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍ മികച്ച ഫിഫ പുരുഷ ഗോള്‍കീപ്പറിനുള്ള ഫൈനലിസ്റ്റുകളായി.

പുസ്‌കാസ് പുരസ്‌കാരത്തിനുള്ള നോമിനികളെയും ഫിഫ പ്രഖ്യാപിച്ചു. പോളിഷ് താരം മാര്‍ക്കിന്‍ ഒലെക്‌സി, ഫ്രഞ്ച് താരം ദിമിത്രി പയറ്റ്, ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ എന്നിവരാണ് പുസ്‌കാസ് പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംനേടിയ താരങ്ങള്‍.

എല്ലാ ദേശീയ വനിതാ/പുരുഷ ടീമുകളില്‍ നിന്ന് ഓരോ പരിശീലകനും, വനിതാ/പുരുഷ ദേശീയ ടീമുകളുടെയും നിലവിലെ ക്യാപ്റ്റന്മാരും, ഒരു സ്‌പെഷ്യലിസ്റ്റ് ജേണലിസ്റ്റ് എന്നിവരുമടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. 2023 ഫെബ്രുവരി 27ന് പാരീസില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറും.

logo
The Fourth
www.thefourthnews.in