കല്യൂഷ്‌നിയടക്കം അഞ്ചു പേര്‍ ടീം വിട്ടു; അഴിച്ചുപണിയുമായി ബ്ലാസ്റ്റേഴ്സ്

കല്യൂഷ്‌നിയടക്കം അഞ്ചു പേര്‍ ടീം വിട്ടു; അഴിച്ചുപണിയുമായി ബ്ലാസ്റ്റേഴ്സ്

2022-23 സീസണിൽ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററിൽ ബംഗളൂരു എഫ് സിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

ഇന്ത്യ‌ൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന്‌ അഞ്ച് താരങ്ങൾ ക്ലബ് വിടുന്നത് സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്. വിദേശ താരങ്ങളായ ഇവാൻ കല്യൂഷ്‌നി, അപൊസ്തൊലസ് ജിയാനു, ഇന്ത്യന്‍ താരങ്ങളായ വിക്ടർ മൊംഗിൽ, ഹർമൻജോത് ഖബ്ര, മുഹീത് ഷബീർ അടക്കമുളളവരാണ് എന്നിവരാണ് ടീം വിട്ടത്.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തന്നെ ഏറെ ആരാധകരുളള ടീമാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇതുവരെയും കിരീടം ചൂടാനായിട്ടില്ല. 2022-23 സീസണിൽ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററിൽ ബംഗളൂരു എഫ് സിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്ത് അടുത്ത സീസണിലേക്കുള്ള തയാറാെടുപ്പുകൾ ടീം ആരംഭിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ ഓസ്ട്രേലിയൻ താരമായ ജോഷ്വ സൊറ്റീരിയോയെ ടീമിലെത്തിച്ചു. കൂടാതെ, വിദേശ താരങ്ങളായ ദിമിത്രിയോസ് ഡയമെന്റക്കോസ്, അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെയും ഇന്ത്യന്‍ താരം ഹോര്‍മിപാം റുയിവാഹിനെയും നിലനിര്‍ത്തിയിട്ടുണ്ട്.

2022-23 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഓസ്ട്രേലിയൻ താരമാണ് അപൊസ്തൊലസ് ജിയാനു. ഇതുവരെ പതിനേഴ് ഐ എസ് എൽ മത്സരങ്ങളിങ്ങളിലാണ്‌ മഞ്ഞപ്പടയ്‌ക്കായി അപൊസ്തൊലസ് ബൂട്ടണിഞ്ഞത്. രണ്ട്‌ ഗോളുകൾ നേടുകയും രണ്ട്‌ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതുമാണ് അദ്ദേ​ഹത്തിന്റെ സംഭാവന. സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് രണ്ട് വർഷ കരാറിൽ സ്വന്തമാക്കിയതോടെ ജിയാനു ക്ലബ്ബിൽ നിന്ന് പോകുമെന്ന് ഉറപ്പായിരുന്നു.

2021-22 സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിലെത്തിയ ഹര്‍മന്‍ജ്യോത്‌ ഖബ്രയും ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിലെത്തിയ 2021-22സീസണിൽ ടീമിനായി മികച്ച പ്രകടനമായിരുന്നു 35 കാരനായ ഹര്‍മന്‍ ജ്യോത്‌ കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്സിനായി 26 മത്സങ്ങൾ കളിച്ച അദ്ദേഹം 2 ​ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ലീ​ഗുകളിലായി 200ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണ് മുന്നോടിയായി ഒരു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് ഇവാൻ കല്യൂഷ്‌നി. 25 കാരനായ കല്യൂഷ്‌നി യുക്രെയ്നിൽ നിന്നുമുളള താരമാണ്. യുക്രയ്ന്റെ മുൻ നിര ടീമുകളായ ഡൈനാമോ കീവിനും മെറ്റലിസ്റ്റ് ഖർകീവിനും വേണ്ടി കളിച്ചിരുന്ന കല്യൂഷ്‌നി ഐസ്ലൻഡിലെ ടോപ് ഡിവിഷൻ ക്ലബായ കെഫ്ലാവിക്കിനു വേണ്ടിയാണ് അവസാനമായി കളിച്ചിരുന്നത്. ഇതിനിടയാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തുന്നത്. സൂപ്പർ ലീഗിന്റെ 2022-23 സീസണിൽ 4 ഗോളുകൾ നേടിയ താരം 3 ഗോളുകൾക്ക് വഴിയുമൊരുക്കി. ലോണിൽ വന്ന കല്യൂഷ്‌നിയെ സ്ഥിര കരാർ നൽകി ടീമിൽ നിലനിർത്താൻ വമ്പൻ തുക വേണ്ടി വരുമെന്ന വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം ടീം വിടുന്നത്.

കഴിഞ്ഞ സീസണിന് മുന്നോടിയായാണ് സ്പാനിഷ് പ്രതിരോധ താരമായ വിക്ടർ മൊംഗിൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഒഡീഷ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി അദ്ദേ​ഹം ബൂട്ടണിഞ്ഞിരുന്നു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു.

ജമ്മു കാശ്മീരിൽ നിന്നുള്ള യുവ ഗോൾകീപ്പർമാരിൽ ഒരാളായ മുഹീത് ഷബീർ 2020ലാണ് ടീമിലെത്തുന്നത്. എന്നാൽ, താരത്തിന് ഇതുവരെ ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കളിക്കാൻ അവസരമുണ്ടായിട്ടില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജസല്‍ കര്‍നെയ്‌റോ കഴിഞ്ഞമാസം തന്നെ ടീം വിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി 66 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഈ ഗോവൻ താരം ബംഗളുരു എഫ്.സി രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in