നാലടിയില്‍ മൊറോക്കോ വീണു; ഫ്രാന്‍സ്-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍

നാലടിയില്‍ മൊറോക്കോ വീണു; ഫ്രാന്‍സ്-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍

ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതിയില്‍ തന്നെ അവര്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.

ഇയ്ജിന്‍ ലെ സമറിന്റെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനു തുണയായത്. ഖദിജത്തു ഡിയാനി, കെന്‍സാ ഡാലി എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ഇതില്‍ ഡിയാനി ആഫ്രിക്കന്‍ രാജ്യമായ മാലിക്കാരിയും ഡാലി അള്‍ജീരിയക്കാരിയുമാണ്. ഡിയാനിയുടെ ഗോളിനു വഴിയൊരുക്കിയ സകീന കരെച്ഛയ് മൊറോക്കന്‍ വംശജയുമാണ്.

മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് ഫ്രാന്‍സ് ഗോള്‍വേട്ട ആരംഭിച്ചത്. സകീനയുടെ പാസില്‍ നിന്ന് ഡിയാനിയാണ് ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്റില്‍ ഡിയാനിയുടെ നാലാം ഗോളായിരുന്നു ഇത്. അഞ്ചു മിനിറ്റിനകം ഡിയാനിയുടെ പാസില്‍ നിന്ന് ഡാലിയും ലക്ഷ്യം കണ്ടു. രണ്ടുഗോള്‍ ലീഡിന്റെ ആഹ്‌ളാദാരവങ്ങള്‍ അവസാനിക്കും മുമ്പേ മൂന്നാം ഗോളും പിറന്നു. ഡിയാനിയുടെ തന്നെ പാസില്‍ നിന്ന് സമറും വലകുലുക്കിയതോടെ 23-ാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് 3-0ന് മുന്നിലെത്തി.

ആദ്യപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ ഫ്രാന്‍സിനു വേണ്ടി മത്സരത്തിന്റെ 70-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ സമര്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും 34-കാരിയായ സമര്‍ മാറി. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in