കളിമതിയാക്കി ഗാരെത് ബെയ്ൽ

കളിമതിയാക്കി ഗാരെത് ബെയ്ൽ

ആരാധകരെ ഞെട്ടിച്ച് 33ാം വയസിൽ വിരമിക്കൽ പ്രഖ്യാപനം

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെയ്ല്‍ സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്ലബ്, രാജ്യാന്തര ഫുട്‌ബോളുകളില്‍ നിന്ന് വിരമിക്കുന്നതായും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും താരം കുറിച്ചു. വെയില്‍സിന്‌റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന ബെയ്ല്‍ 33ാം വയസിലാണ് കളിയവസാനിപ്പിക്കുന്നത്.

17ാം വയസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച് ബെയ്ല്‍ രാജ്യത്തിനായി 111 മത്സരങ്ങളില്‍ നിന്ന് 41 ഗോള്‍ നേടി. 64 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയ്ല്‍സ് ലോകകപ്പിന് യോഗ്യത നേടുന്നത് ബെയ്‌ലിന്‌റെ മികവിലാണ്.

സതാംപ്ടണിലൂടെ ക്ലബ് കരിയറിന് തുടക്കമിട്ട താരം ടോട്ടനം ഹോട്‌സ്പറിലൂടെയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലെത്തുന്നത്. റയലില്‍ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ലാലീഗാ കിരീടങ്ങളുമടക്കം നേടി. 2022 ജൂണിലാണ് അമേരിക്കയിലേക്ക് തട്ടകം മാറ്റുന്നത്. എന്നാല്‍ സീസണ്‍ അവസാനിക്കും മുന്‍പ് അപ്രതീക്ഷിതമായി കളം വിടുകയാണ് ബെയ്ല്‍. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് താരത്തിന്‌റെ പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in