ഡ്യൂറന്‍ഡ് കപ്പ്: കേരളാ ഡെര്‍ബിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പറപ്പിച്ചു ഗോകുലം

ഡ്യൂറന്‍ഡ് കപ്പ്: കേരളാ ഡെര്‍ബിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പറപ്പിച്ചു ഗോകുലം

ചരിത്രത്തിലെ ആദ്യ കേരളാ ഡെര്‍ബിയില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയെ തോല്‍പിച്ചാണ് ഗോകുലം കേരള തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചത്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗംഭീര ജയവുമായി ഗോകുലം കേരളാ എഫ്‌സി. ഇന്നു നടന്ന ചരിത്രത്തിലെ ആദ്യ കേരളാ ഡെര്‍ബിയില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയെ തോല്‍പിച്ചാണ് ഗോകുലം കേരള തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചത്.

കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഗോകുലത്തിനു വേണ്ടി ബൗബ, ശ്രീക്കുട്ടന്‍, നായകന്‍ അലക്‌സിസ് സാഞ്ചസ്, അഭിജിത്ത് എന്നിവരാണ് ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ജസ്റ്റിന്‍, പ്രബീര്‍ദാസ്, അഡ്രിയാന്‍ ലൂണ എന്നിവരും ലക്ഷ്യം കണ്ടു.

ഇരുടീമുകളും കൊണ്ടുംകൊടുത്തും മുന്നേറിയ മത്സരം അത്യന്തം ആവേശകരമായിരുന്നു. 17-ാം മിനിറ്റില്‍ ബൗബയിലൂടെ ഗോകുലമാണ് ആദ്യ വെടിപൊട്ടിച്ചത്. നിലി പെഡ്രോമയുടെ ക്രോസിന് തലവച്ച ബൗബ കൃത്യമായി സ്‌കോര്‍ ചെയ്യുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സും നിരവധി അവസരങ്ങള്‍ തുറന്നെടുത്തു.

ഒടുവില്‍ 35-ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തി. ലൂണയെടുത്ത ഫ്രീകിക്കിനൊടുവില്‍ നിഹാലിന്റെ ഹെഡ്ഡര്‍ .്രേകാസ്ബാറില്‍ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ജസ്റ്റിന്‍ പിഴവില്ലാതെ സ്‌കോര്‍ ചെയ്യുകയായിരുന്നു. സമനില നേടിയതിനു ശേഷവും ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

ഗോകുലവും ആക്രമണപാതയില്‍ തന്നെയായിരുന്നു. ഇടവേളയ്ക്കു മുമ്പ് തന്നെ അവര്‍ക്ക് അതിനു പ്രതിഫലവും ലഭിച്ചു. മൂന്നു മിനിറ്റിനിടെ നടത്തിയ ഇരട്ടപ്രഹരത്തിലൂടെ അവര്‍ ആദ്യപകുതി അവസാനിക്കും മുമ്പേ തന്നെ ബ്ലാസ്‌റ്റേഴ്‌സിനു മേല്‍ ആധിപത്യം നേടി.

43-ാം മിനിറ്റില്‍ നായകന്‍ അലക്‌സിസ് സാഞ്ചസിന്റെ ക്രോസില്‍ നിന്ന് ശ്രീക്കുട്ടനാണ് ഗോകുലത്തിന് വീണ്ടും ലീഡ് സമ്മാനിച്ചത്. ഡ്യൂറന്‍ഡ് കപ്പില്‍ ശ്രീക്കുട്ടന്റെ രണ്ടാം ഗോളായിരുന്നു ഇത്. രണ്ടു മിനിറ്റിനു ശേഷം സാഞ്ചസിലൂടെ വീണ്ടും വലകുലുക്കിയ ഗോകുലം ആദ്യപകുതിയില്‍ തന്നെ 3-1ന്റെ വമ്പന്‍ ലീഡ് നേടിയിരുന്നു.

പിന്നീട് ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിന് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കും മുമ്പേ തന്നെ ഗോകുലം തങ്ങളുശട നാലാം ഗോളും നേടി അവസാന ആണിയടിച്ചു. ഒരു ലോങ്‌റേഞ്ചറിലൂടെ അഭിജിത്തായിരുന്നു സ്‌കോറര്‍. 1-4 എന്ന നിലയില്‍ പിന്നിട്ടു നിന്ന ശേഷവും തളരാതെ മികച്ച ആക്രമണ ഫുട്‌ബോളിലൂടെ തിരിച്ചുവരവിനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ഇതു മത്സരം ആവേശകരമാക്കി.

54-ാം മിനിറ്റില്‍ പ്രചബീര്‍ ദാസിലൂടെ ഒരുഗോള്‍ മടക്കിയ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരവ് ആരംഭിച്ചു. 77-ാം മിനിറ്റില്‍ നായകന്‍ അഡ്രിയാന്‍ ലൂണയും ലക്ഷ്യം കണ്ടതോടെ അവരുടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്നാല്‍ ശേഷിച്ച മിനിറ്റുകളില്‍ മിന്നുന്ന പ്രതിരോധമുയര്‍ത്തിയ ഗോകുലം ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാതെ വിജയം കൊയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in