ജംഷഡ്പൂരിനെ വീഴ്ത്തി ഗോവ; ജയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്
Vipin Pawar

ജംഷഡ്പൂരിനെ വീഴ്ത്തി ഗോവ; ജയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്

ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി രണ്ടാമതെത്താനും ഗോവയ്ക്കായി.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ എഫ്.സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇകേര്‍ ഗ്വാരെക്‌സന, സദൗയി, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ 12 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ടു ഗോള്‍ ലീഡ് നേടാന്‍ ആതിഥേയര്‍ക്കായിരുന്നു.

രണ്ടാം മിനിറ്റില്‍ ഗ്വാരെക്‌സനയായിരുന്നു അവരുടെ അക്കൗണ്ട് തുറന്നത്. 10 മിനിറ്റിനു ശേഷം സദൗയിയും ലക്ഷ്യം കണ്ടതോടെ കളി ഗോവക്കാരുടെ വരുതിയിലായി. മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ജംഷഡ്പുര്‍ ആവതു ശ്രമിച്ചെങ്കിലും നടന്നില്ല.

മത്സരത്തിന്റെ അവസാന മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ കൂടി നേടിയ ഗോവ ജയം ആധികാരികമാക്കുകയും ചെയ്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി രണ്ടാമതെത്താനും ഗോവയ്ക്കായി.

നാലു കളികളില്‍ നിന്ന് നാലു പോയിന്റ് മാത്രമുള്ള ജംഷഡ്പുര്‍ എട്ടാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഹൈദരാബാദ് ഒന്നാമതുള്ളപ്പോള്‍ ഒമ്പതു പോയിന്റുമായി ഒഡീഷയും എട്ടു പോയിന്റുമായി മുംബൈ സിറ്റിയുമാണ് ഗോവയ്ക്കു പിന്നില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in