പ്രീമിയര്‍ ലീഗില്‍ ഇന്ന് 'കിരീടപ്പോരാട്ടം'; സിറ്റിയും ആഴ്‌സണലും നേര്‍ക്കുനേര്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് 'കിരീടപ്പോരാട്ടം'; സിറ്റിയും ആഴ്‌സണലും നേര്‍ക്കുനേര്‍

മത്സരം ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിലെ 'കിരീടപ്പോരാട്ടം' ഇന്ന് രാത്രി 12:30-ന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടക്കും. ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലും രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയും കൊമ്പുകോര്‍ക്കുപ്പോള്‍ പോരാട്ടം തീപാറുമെന്നു തീര്‍ച്ച.

നിലവില്‍ 32 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്‌സണല്‍. രണ്ടു മത്സരം കുറച്ചു കളിച്ച സിറ്റിയാകട്ടെ 70 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഇന്ന് സിറ്റിയെ വീഴ്ത്താനായാല്‍ ആഴ്‌സണലിന് അഞ്ചു റൗണ്ട് ബാക്കിനില്‍ക്കെ ലീഡ് എട്ടുപോയിന്റാക്കി ഉയര്‍ത്താം.

എന്നാല്‍ സിറ്റിക്ക് ഇന്ന് ജയിക്കാനായാല്‍ ആഴ്‌സണലിന്റെ ലീഡ് രണ്ടാക്കി കുറയ്ക്കാന്‍ സാധിക്കും. രണ്ടു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത് എന്നത് അവരുടെ കിരീട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. 2004-നു ശേഷം തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യം വയ്ക്കുന്ന ആഴ്‌സണലിന് അത് കനത്ത തിരിച്ചടിയുമാകും.

ലീഗില്‍ അവസാന മൂന്നു മത്സരങ്ങളിലെ മോശം പ്രകടനമാണ് ആഴ്‌സണലിന് കനത്ത തിരിച്ചടിയായത്. സിറ്റിക്കെതിരേ 11 പോയിന്റിന്റെ ആധികാരിക ലീഡ് ഉണ്ടായിരുന്ന അവര്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ലിവര്‍പൂള്‍, വെസ്റ്റ് ഹാം, സതാംപ്ടണ്‍ എന്നിവരോടു സമനില വഴങ്ങി അത് നഷ്ടപ്പെടുത്തുകയായിരുന്നു.

മികേല്‍ അര്‍ടേറ്റയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും യുവനിരയുടെ കുറഞ്ഞ പരിചയസമ്പത്താണ് ആഴ്‌സണലിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങള്‍ തന്നെ ഉദാഹരണം. ഇതില്‍ രണ്ടു മത്സരങ്ങളില്‍ 2-0ന്റെ ലീഡ് നേടിയ ശേഷമാണ് അവര്‍ സമനില വഴങ്ങിയതെന്നതു ശ്രദ്ധേയമാണ്.

പ്രതിരോധ താരം വില്യം സാലിബയ്‌ക്കേറ്റ പരുക്കാണ് ആഴ്‌സണലിനെ വലയ്ക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ സാലിബയുടെ അഭാവം അവരുടെ പ്രകടനത്തില്‍ നിഴലിച്ചിരുന്നു. ഇന്നും താരം കളിക്കാന്‍ സാധ്യതയില്ല. അതിനു പുറമേ ഇന്ന് സൂപ്പര്‍ താരം ഗ്രാനിറ്റ് സാക്കയും ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കില്ല. താരം അസുഖബാധിതനാണെന്ന് കോച്ച് അര്‍ടേറ്റ അറിയിച്ചു.

അതേസമയം മറുവശത്ത് സിറ്റി തകര്‍പ്പന്‍ ഫോമിലാണ്. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരങ്ങളില്‍ കരുത്തരായ ലിവര്‍പൂളിനെ(4-1)യും ലെസ്റ്റര്‍ സിറ്റി(3-1)യെയും തോല്‍പിച്ച അവര്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ച് സെമിയിലും എഫ്.എ. കപ്പില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ച് ഫൈനലിലും കടന്ന ആവേശത്തിലാണ് ഇന്നിറങ്ങുന്നത്.

മത്സരം സ്വന്തം തട്ടകത്തിലാണെന്നതും അവര്‍ക്ക് കരുത്തു പകരം. എത്തിഹാദില്‍ ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളിലും അവര്‍ ജയം നേടിയിട്ടുണ്ട്. 43 ഗോളുകളും സ്‌കോര്‍ ചെയ്തു. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട്, സ്‌ട്രൈക്കര്‍ റിയാദ് മഹ്‌റെസ്, യുവതാരം ജാക്ക് ഗ്രീലിഷ് എന്നിവരെല്ലാം മിന്നുന്ന ഫോമിലാണ്. അസുഖ ബാധിതനായിരുന്ന ഫില്‍ ഫോഡന്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്തുന്നുവെന്നതും അവര്‍ക്ക് കരുത്ത് പകരുന്നു.

ആഴ്‌സണലിനെതിരേ അവരുടെ റെക്കോഡും മികച്ചതാണ്. 2015-നു ശേഷം എത്തിഹാദില്‍ അവര്‍ ആഴ്‌സണലിനെതിരേ തോറ്റിട്ടില്ല. മാത്രമല്ല എല്ലാ കോംപറ്റീഷനുകളിലുമായി അവസാനം കളിച്ച ഏഴു മത്സരങ്ങളില്‍ ഏഴിലും ആഴ്‌സണലിനെ തോല്‍പിക്കാനായിട്ടുണ്ടെന്നതും സിറ്റിക്ക് ആത്മവിശ്വാസം പകരുന്നു.

logo
The Fourth
www.thefourthnews.in