ആഴ്‌സണല്‍ വീണ്ടും കുരുങ്ങി; കിരീടപ്പോരാട്ടത്തില്‍ ട്വിസ്റ്റ്

ആഴ്‌സണല്‍ വീണ്ടും കുരുങ്ങി; കിരീടപ്പോരാട്ടത്തില്‍ ട്വിസ്റ്റ്

നിലവില്‍ 31 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 30 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 70 പോയിന്റാണുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പോയിന്റ് ഡ്രോപ് ചെയ്ത ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനായാസമാക്കി. ഇന്നു നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേയാണ് ആഴ്‌സണല്‍ സമനിലയില്‍ കുരുങ്ങിയത്.

രണ്ടു ഗോള്‍ ലീഡ് നേടിയ ശേഷം രണ്ടു ഗോള്‍ വഴങ്ങിയ അവര്‍ വിലപ്പെട്ട രണ്ടു പോയിന്റുകള്‍ നഷ്ടമാക്കി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി അവര്‍ക്കുള്ള ലീഡ് വെറും നാലു പോയിന്റുമാത്രമായി കുറഞ്ഞു. സിറ്റി ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്നതും ശ്രദ്ധേയം.

നിലവില്‍ 31 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 30 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 70 പോയിന്റാണുള്ളത്. ഇതോടെ ഈ മാസം 27-ന് നടക്കുന്ന ആഴ്‌സണല്‍-സിറ്റി പോരാട്ടമാകും പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ കിരീട ജേതാക്കളെ നിശ്ചയിക്കുകയെന്നും ഉറപ്പായി.

ഇന്ന് വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ ലീഡ് നേടിയ ശേഷമായിരുന്നു അവിശ്വസനീയമായി ഗണ്ണേഴ്‌സ് പോയിന്റ് നഷ്ടപ്പെടുത്തിയത്. ഏഴാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്. ബെന്‍ വൈറ്റ് നല്‍കിയ പാസില്‍ നിന്നായിരുന്നു ജെസ്യൂസിന്റെ ഗോള്‍.

മൂന്നു മിനിറ്റിനകം അവര്‍ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇക്കുറി തകര്‍പ്പനൊരു വോളിയിലൂടെ നോര്‍വീജിയന്‍ താരം മാര്‍ട്ടിന്‍ ഒഡീഗാര്‍ഡാണ് സ്‌കോര്‍ ചെയ്തത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ഗോളിനു വഴിയൊരുക്കിയത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ വെസ്റ്റ്ഹാം തിരിച്ചടി ആരംഭിച്ചത്. 34-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയില്‍ നിന്ന് ബെന്റാമയായിരുന്നു സ്‌കോര്‍ ചെയ്തത്. ഒന്നാം പകുതി 2-1 എന്ന സ്‌കോറില്‍ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് ഏഴു മിനിറ്റിനകം ലീഡ് ഉയര്‍ത്താന്‍ ആഴ്‌സണലിന് അവസരം ലഭിച്ചതാണ്. ബോക്‌സിനുള്ള വെസ്റ്റ്ഹാം താരം പന്ത് കൈകൊണ്ടു തട്ടിയതിനു ലഭിച്ച പെനാല്‍റ്റി പക്ഷേ ബുക്കായോ സാക്കയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല.

സുവര്‍ണാവസരം ആഴ്‌സണല്‍ തുലച്ചതോടെ ഊര്‍ജ്ജം വീണ്ടെടുത്ത വെസ്റ്റ്ഹാം മൂന്നു മിനിറ്റിനകം സമനില ഗോളും കണ്ടെത്തി. ജെറാദ് ബോവന്റെ അപ്രതീക്ഷിത ഫിനിഷാണ് ആഴ്‌സണലിനെ ഞെട്ടിച്ചു വലയില്‍ കയറിയത്. ശേഷിച്ച സമയത്ത് വിജയഗോളിനായി ആഴ്‌സണല്‍ കിണഞ്ഞു പൊരുതിയെങ്കിലും വെസ്റ്റ്ഹാം പ്രതിരോധം പിടിച്ചുനിന്നു.

ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു സിറ്റി കിരീടപ്പോരാട്ടം ആവേശകരമാക്കിയിരുന്നു. ഇന്ന് ആഴ്‌സണലിന്റെ പോയിന്റ് ഡ്രോപ്പ് അവര്‍ക്ക് മികച്ച അവസരമാണ് തുറന്നുനല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in