ചരിത്ര ജയവുമായി കിവീസ്; വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം

ചരിത്ര ജയവുമായി കിവീസ്; വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം

മത്സരത്തിന്റെ 48-ാം മിനിറ്റില്‍ ഹന്ന വില്‍കിന്‍സണാണ് അവരുടെ വിജയഗോള്‍ കുറിച്ചത്. വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണിത്.

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ന്യൂസിലന്‍ഡിനെ ഓക്‌ലന്‍ഡില്‍ പ്രൗഡഗംഭീര തുടക്കം. ഓക്‌ലന്‍ഡ് ഈഡന്‍പാര്‍ക്കില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കിവി വനിതകള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ നോര്‍വയെ തോല്‍പിച്ചു വിജയത്തുടക്കം കുറിച്ചു.

മത്സരത്തിന്റെ 48-ാം മിനിറ്റില്‍ ഹന്ന വില്‍കിന്‍സണാണ് അവരുടെ വിജയഗോള്‍ കുറിച്ചത്. വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണിത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അദ ഹെഗബെര്‍ഗ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്നിട്ടും ദുര്‍ബലരായ കിവീസിനോടേറ്റ തോല്‍വി നോര്‍വെയ്ക്ക് കനത്ത തിരിച്ചടിയായി.

സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച ആക്രമണാത്മക ഫുട്‌ബോളാണ് ന്യൂസിലന്‍ഡ് പുറത്തെടുത്തത്്. കിക്കോഫ് വിസില്‍ മുതല്‍ ആക്രമിച്ചു കളിച്ചെങ്കിലും പക്ഷേ അവര്‍ക്ക് ആദ്യ പകുതിയില്‍ സമനിലക്കുരുക്ക് അഴിക്കാനായില്ല. എന്നാല്‍ ഇടവേളയ്ക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍വെയെ ഞെട്ടിച്ച് ആതിഥേയര്‍ ലീഡ് നേടി.

വലതു വിങ്ങില്‍ നിന്ന് ജാക്വി ഹാന്‍ഡ് നല്‍കിയ ക്രോസ് സ്വീകരിച്ച് ആറുവാരയകലെ നിന്ന് വില്‍കിന്‍സണ്‍ തൊടുത്ത ഷോട്ട് വലയില്‍ക്കയറുകയായിരുന്നു.ലീഡ് നേടിയ ശേഷവും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറയ്ക്കാതിരുന്ന അവര്‍ പലകുറി ലീഡ് ഉയര്‍ത്തുന്നതിന് അടുത്തെത്തിയെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല.

ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി ഒന്നമാതാണ് ഓസീസ്. ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പിലെ മറ്റുരണ്ടു ടീമുകളായ സ്വിറ്റ്‌സര്‍ലന്‍ഡും ഫിലിപ്പീന്‍സും നാളെ ഇന്ത്യന്‍ സമയം രാവിലെ 10:30-ന് ഏറ്റുമുട്ടും. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ടീമുകളുടെ എണ്ണം 32 ആക്കി ഉയര്‍ത്തിയതിനു ശേഷമുള്ള ആദ്യ ലോകകപ്പാണിത്.

logo
The Fourth
www.thefourthnews.in