ചാമ്പ്യന്മാരുടെ കളിയുമായി ഹൈദരാബാദ്; നിറം മങ്ങി ഹൈലാന്‍ഡേഴ്‌സ്
Vipin Pawar

ചാമ്പ്യന്മാരുടെ കളിയുമായി ഹൈദരാബാദ്; നിറം മങ്ങി ഹൈലാന്‍ഡേഴ്‌സ്

ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത ഹാളീഛരണ്‍ നര്‍സാരിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുക്കി ഹൈദരാബാദ് എഫ്.സി. ഇന്ന് നടന്ന എവേ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഹൈദരാബാദ നോര്‍ത്ത് ഈസ്റ്റിനെ തുരത്തിയത്.

സൂപ്പര്‍ താരം ബര്‍തലോമ്യു ഓഗ്ബച്ചെ, ഇന്ത്യന്‍ താരം ഹാളീഛരണ്‍ നര്‍സാരി, ബോര്‍ഹ ഹെരേര എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ ഒന്നാമതെത്താനും അവര്‍ക്കായി. മൂന്നു പോയിന്റുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് എതിരാളികള്‍.

എവേ തട്ടകത്തില്‍ ആധികാരിക പ്രകടനമായിരുന്നു ഹൈദരാബാദിന്റേത്. 13-ാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ അവര്‍ക്കായി. മുഹമ്മദ് യാസിറിന്റെ പാസില്‍ നിന്ന് ഓഗ്ബച്ചെയായിരുന്നു സ്‌കോര്‍ ചെയ്തത്.

ആദ്യ ഗോളിനു ശേഷം വാശിയേറിയ മത്സരമാണ് കണ്ടത്. ഇരു പകുതികളിലേക്കും പന്തു കയറിയിറങ്ങിയപ്പോള്‍ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന അവസ്ഥയായിരുന്നു. എന്നാല്‍ ആദ്യ പകുതി അതേ സ്‌കോര്‍ നിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കം നാടകീയതയിലൂടെയായിരുന്നു. 53-ാം മിനിറ്റില്‍ ചാമ്പ്യന്മാര്‍ക്ക് അനുകൂലമായ ഫ്രീകിക്ക്. പക്ഷേ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഓഗ്ബച്ചെ തുലച്ചതോടെ നോര്‍ത്ത് ഈസ്റ്റിന് ആശ്വാസം.

പക്ഷേ അത് അധികം നീണ്ടില്ല. 16 മിനിറ്റുകള്‍ക്കു ശേഷം നര്‍സാരിയിലൂടെ ഹൈദരാബാദ് ലീഡ് ഉയര്‍ത്തി. അതോടെ ഹൈലാന്‍ഡേഴ്‌സിന്റെ പോരാട്ടം അവസാനിച്ചു. രണ്ടു മിനിറ്റുകള്‍ക്കും ശേഷം നര്‍സാരിയുടെ പാസില്‍ നിന്ന് ഹെരേരയും സ്‌കോര്‍ ചെയ്തതോടെ മത്സരത്തിന്റെ വിധിയെഴുതപ്പെട്ടു.

logo
The Fourth
www.thefourthnews.in