ഐഎം വിജയന്റെ മകന്‍ ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

ഐഎം വിജയന്റെ മകന്‍ ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

ഐ ലീഗിലെ കേരളത്തിന്റെ പ്രാതിനിധ്യമായ ഗോകുലം കേരളയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളായി ആരോമല്‍ പ്രവര്‍ത്തിച്ചുവന്നത്

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ മകന്‍ ആരോമല്‍ വിജയന്‍ ഇനി ഈസ്റ്റ് ബംഗാള്‍ എഫ്.സിയുടെ പാളയത്തില്‍. കൊല്‍ക്കത്തന്‍ ടീമിന്റെ പെര്‍ഫോമന്‍സ് അനലിസ്റ്റായാണ് ആരോമല്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മത്സരങ്ങളില്‍ താരങ്ങളുടെ പ്രകടനങ്ങളും മറ്റും സുക്ഷ്മമായി വിലയിരുത്തി പരിശീലകര്‍ക്ക് നല്‍കുകയെന്നതാണ് പെര്‍ഫോമന്‍സ് അനലിസ്റ്റിന്റെ ചുമതല.

ആരോമലിന്റെ ആദ്യ ഐഎസ്എല്‍ ക്ലബാണ് ഈസ്റ്റ് ബംഗാള്‍. ആരോമലിന്റെ നിയമനം സംബന്ധിച്ച് ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അറിയിച്ചത്. ആരോമലിനൊപ്പം ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ ആയി തേജസ് ലാസാല്‍കര്‍, മസാജര്‍മാരായി ആയി രാജേഷ് ബസാക്, റോബിന്‍ ദാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ഐ ലീഗിലെ കേരളത്തിന്റെ പ്രാതിനിധ്യമായ ഗോകുലം കേരളയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളായി ആരോമല്‍ പ്രവര്‍ത്തിച്ചുവന്നത്. ഗോകുലത്തിനൊപ്പമുള്ള ആരോമലിന്റെ പ്രവര്‍ത്തനം കണ്ട് താല്‍പര്യപ്പെട്ടാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in