ഫിഫയുടെ വിലക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ എങ്ങനെ ബാധിക്കും?

ഫിഫയുടെ വിലക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ എങ്ങനെ ബാധിക്കും?

വനിതാ അണ്ടര്‍-17 ലോകകപ്പ് നഷ്ടമാകുമെന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഫിഫയുടെ നടപടി നേരിട്ടതോടെ ഇന്ത്യന്‍ ഫുട്‌ബോളിനു മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. 85 വര്‍ഷത്തെ ചരിത്രത്തിനിടെ നടാടെ ഫിഫാ വിലക്ക് നേരിട്ട ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതിനു പോലും അനുവാദമില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാകുമെന്നുമുറപ്പായി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫ നടപടി സ്വീകരിച്ചത്. ഇത്തരം ഇടപെടലുകള്‍ ഉണ്ടാകരുതെന്നു പലകുറി ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഭരണതലപ്പത്ത് അധികാര വടംവലി തുടര്‍ന്ന 'താപ്പാനകള്‍' വിലക്ക് ചോദിച്ചുവാങ്ങുകയായിരുന്നു.

വനിതാ അണ്ടര്‍-17 ലോകകപ്പ് നഷ്ടമാകുമെന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വര്‍ഷം ഒക്‌ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി ഇതു നടക്കണമെങ്കില്‍ ഫിഫ വിലക്ക് പിന്‍വലിക്കണം. അതിനു വിദൂര സാധ്യതമാത്രമാണുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് അവസരം നഷ്ടമാകുമെന്നു ഉറപ്പാണ്.

"2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ആസൂത്രണം ചെയ്തപോലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയില്ല എന്നാണ് ഈ വിലക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്." എന്നാണ് എ.ഐ.എഫ്.എഫ് നെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ഫിഫ അറിയിച്ചത്.

ഇതിനു പുറമേ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്കു രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുന്നതിനും വിലക്കുവരും. ഇതോടെ പുരുഷ ടീമിന് എ.എഫ്.സി കപ്പ്, എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് എന്നിവയും മറ്റു രാജ്യാന്തര സൗഹൃദ മത്സരങ്ങളും നഷ്ടമാകും. വനിതാ ടീമിന് എ.എഫ്.സി. വുമണ്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിലും കളിക്കാന്‍ സാധിക്കില്ല. ജൂനിയര്‍ വിഭാഗങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണ്.

എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര ലീഗുകളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും നടത്തുന്നതിനു വിലക്കില്ല. എന്നാല്‍ ഈ ലീഗുകളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് രാജ്യാന്തര ക്ലബ് പോരാട്ടങ്ങളില്‍ കളിക്കാനാകില്ല. മാത്രമല്ല അവര്‍ക്ക് കൂടുതല്‍ വിദേശകളിക്കാരുമായി കരാറുണ്ടാക്കാനും സാധിക്കില്ല. എന്നാല്‍ ഇതിനോടകം തന്നെ പട്ടികയില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ടീമുകളില്‍ തുടരാം.

സെപ്റ്റംബര്‍ ഏഴിന് എ എഫ് സി കപ്പ് മാച്ച് കളിക്കാനിരിക്കുന്ന എടികെ മോഹന്‍ബഗാന് ഇതോടെ ആ മത്സരം നഷ്ടമാകും. കൂടാതെ അടുത്ത ആഴ്ച്ച എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഒരുങ്ങുന്ന ഗോകുലം കേരള എഫ്‌സിക്കും അതില്‍ പങ്കെടുക്കാനാവില്ല. അടുത്തമാസം നടക്കുന്ന സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ ടീമിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി.

" ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഫിഫ വിലയിരുത്തുകയാണ്. ആവശ്യമെങ്കില്‍ കൗണ്‍സില്‍ ബ്യൂറോയും വിഷയം പരിശോധിക്കും. ഫിഫ ഇന്ത്യയിലെ യുവജനകാര്യ, കായിക മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അനുകൂല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്."

എ.ഐ.എഫ്.എഫ്. മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി പ്രത്യേക ഭരണസമിതി നീങ്ങിയതാണ് ഫിഫയുടെ നടപടി ക്ഷണിച്ചുവരുത്തിയത്. പ്രഫുല്‍ ഫിഫയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫിഫയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയം കോടതി നാളെ പരിഗണിക്കുമെന്ന് കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഫിഫയുടെ വിലക്ക് ഉടന്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഭരണസമിതി വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. " ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഫിഫ വിലയിരുത്തുകയാണ്. ആവശ്യമെങ്കില്‍ കൗണ്‍സില്‍ ബ്യൂറോയും വിഷയം പരിശോധിക്കും. ഫിഫ ഇന്ത്യയിലെ കായിക മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അനുകൂല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്." അപെക്‌സ് ഫുട്‌ബോള്‍ ബോഡി അറിയിച്ചു.

logo
The Fourth
www.thefourthnews.in