ഏഷ്യന്‍ ഗെയിംസ്: പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രി ലക്ഷ്യം കണ്ടത്.

ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന മത്സരത്തില്‍ മാന്മറിനെതിരേ സമിനല നേടിയാണ് ഇന്ത്യ അവസാന 16-ല്‍ സ്ഥാനമുറപ്പിച്ചത്. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ 1-1 എന്ന നിലയിലാണ് ഇന്ത്യ സമനില വഴങ്ങി പോയിന്റ് പങ്കിട്ടത്.

ഷിയാവോഷാന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രി ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ ഈ ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 74-ാം മിനിറ്റില്‍ ക്വായ് ഹത്‌വെയാണ് മ്യാന്മറിന്റെ സമനില ഗോള്‍ നേടിയത്. പിന്നീട് വിജയഗോളിനായി ഇന്ത്യ കിണഞ്ഞു പൊരുതിയെങ്കിലും മ്യാന്മര്‍ പ്രതിരോധം വഴങ്ങിയില്ല. മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമടക്കം നാലു പോയിന്റുമായാണ് ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.

പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്. ഇതിനു മുമ്പ് 2010-ല്‍ ദോഹയില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി നോക്കൗട്ടില്‍ കളിച്ചത്.

logo
The Fourth
www.thefourthnews.in