കായിക മന്ത്രാലയം വഴങ്ങി; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ ഏഷ്യന്‍ ഗെയിംസിന്
Shibu P

കായിക മന്ത്രാലയം വഴങ്ങി; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ ഏഷ്യന്‍ ഗെയിംസിന്

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉടന്‍ തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചേക്കും. നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 23 ടീമിനെയാകും ഇന്ത്യ ഗെയിംസിന് അയയ്ക്കുക

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കടുക്കാന്‍ ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഗെയിംസിനായി ടീമുകളെ അയയ്ക്കാന്‍ ഇന്ന് കേന്ദ്ര കായിക മന്ത്രാലയം തങ്ങളുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. ഇതോടെ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ മത്സരിക്കുമെന്ന് ഉറപ്പായി.

നേരത്തെ ഗെയിംസിന് ഫുട്‌ബോള്‍ ടീമുകളെ അയയ്‌ക്കേണ്ടെന്നായിരുന്നു കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം. ഏഷ്യന്‍ ഗെയിംസ് പോലുള്ള മേളകളില്‍ ഈവന്റുകള്‍ക്കായി ടീമിനെ അയയ്ക്കുന്ന കാര്യങ്ങളില്‍ സ്പോര്‍ട്സ് മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമുകളുടെ പ്രകടനം എന്ന കാരണത്താലാണ് അനുമതി നല്‍കാതിരുന്നത്.

ടീം ഇനങ്ങളില്‍ ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഇനങ്ങളില്‍ മാത്രം ടീമിനെ അയച്ചാല്‍ മതിയെന്നായിരുന്നു കായികമന്ത്രാലയം നിശ്ചയിച്ച മാനദണ്ഡം. ഇതാണ് ഫുട്‌ബോള്‍ ടീമിന് വിനയായത്. നിലവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ.

ഇതോടെ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്ത്യന്‍ ടീം സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അവസരം നഷ്ടമാക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളും ആരാധകരും രംഗത്തു വന്നു.

ഈ ആവശ്യമുന്നയിച്ച് ഇന്ത്യന്‍ ദേശീയ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രധാനമന്ത്രി മോദിക്ക് പരസ്യ കത്ത് എഴുതുകയും ചെയ്തിരുന്നു. ഇതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്. അനുമതി ലഭിച്ചതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉടന്‍ തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചേക്കും. പുരുഷ വിഭാഗത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 23 ടീമിനെയാകും ഇന്ത്യ ഗെയിംസിന് അയയ്ക്കുക.

logo
The Fourth
www.thefourthnews.in