മണിപ്പുരിൽ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളെ മാധ്യമങ്ങൾ കാണുന്നില്ല; വിമർശനവുമായി സി കെ വിനീത്
മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീത്. ദേശീയ ഫുട്ബോൾ ടീമിലെ മണിപ്പുര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകൾ പൂർണമായും തകർന്നു. ഇവരിൽ പലരും സുഹൃത്തുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇത് സംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നാണ് താരത്തിന്റെ വിമർശനം.
മണിപ്പുരിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്ക് അറിയാമോയെന്ന് താരം ചോദിക്കുന്നു. കായിക താരങ്ങളുടെ പ്രശ്നങ്ങൾ മനഃപ്പൂർവം അവഗണിക്കുകയാണോ. മണിപ്പുരിൽ ദുരിതമനുഭവിക്കുന്നവർ തന്റെ സുഹൃത്തുക്കളും മുൻ ടീമംഗങ്ങളുമാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണെന്ന് അറിഞ്ഞുകൊണ്ട് രാജ്യത്തിനായി അവർക്ക് എങ്ങനെ കളിക്കാൻ സാധിക്കുമെന്നും താരം ചോദിക്കുന്നു. "എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കാനോ അവരെ സംരക്ഷിക്കാനോ നമുക്ക് സാധിക്കുമോ? മണിപ്പുർ കണ്ണീരിലാണ്", താരം ട്വിറ്ററിൽ കുറിച്ചു.
മണിപ്പുരില്‍ കലാപം തുടങ്ങിയിട്ട് 80 ദിവസങ്ങള്‍ പിന്നിടുന്നു. വംശീയ കലാപത്തിൽ കുക്കി വിഭാഗം അനുഭവിക്കുന്ന മൃഗീയ പീഡനങ്ങളുടെ നേർസാക്ഷ്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ന്യൂനപക്ഷ സമുദായത്തിൽ പെട്ട രണ്ട് പെൺകുട്ടികളെ റോഡിലൂടെ നഗ്നരാക്കി നടത്തി അവരെ കൂട്ടബലാത്സംഗം ചെയ്തുവെന്ന വിവരം രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസെടുത്തിരുന്നു.