ഇന്ത്യയുടെ ചരിത്രജയം തടഞ്ഞ് റഫറി; ഷൂട്ടൗട്ടില്‍ ഇറാഖ്

ഇന്ത്യയുടെ ചരിത്രജയം തടഞ്ഞ് റഫറി; ഷൂട്ടൗട്ടില്‍ ഇറാഖ്

മത്സരത്തില്‍ ഇറാഖിനെ ഞെട്ടിച്ച് രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ റഫറിയിങ് പിഴവില്‍ സമനില വഴങ്ങിയത്

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ ശക്തരായ ഇറാഖിനെതിരേ ഇന്ത്യയുടെ ചരിത്ര ജയം തട്ടിത്തെറിപ്പിച്ച് റഫറിയിങ് പിഴവുകള്‍. റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ ബലത്തില്‍ നിശ്ചിത സമയത്ത് ഇന്ത്യക്കെതിരേ സമനില കൈവരിച്ച ഇറാഖ് ഷൂട്ടൗട്ടില്‍ ഇന്ത്യയെ തോല്‍പിച്ച് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനായിരുന്നു ഇറാഖിന്റെ ജയം.

മത്സരത്തില്‍ ഇറാഖിനെ ഞെട്ടിച്ച് രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ റഫറിയിങ് പിഴവില്‍ സമനില വഴങ്ങിയത്. മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ഏറെക്കുറേ ജയം ഉറപ്പിച്ച നിമിഷത്തിലാണ് ഇറാഖിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. തീര്‍ത്തും തെറ്റായ തീരുമാനമായിരുന്നു അതെന്ന് പിന്നീട് റീപ്ലേകളില്‍ തെളിഞ്ഞെങ്കിലും റഫറി നിലപാടില്‍ ഉറച്ചു നിന്നു. ലഭിച്ച അവസരം മുതലാക്കി ഇറാഖ് സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ പാസില്‍ നിന്ന് മഹേഷ് സിങ്ങാണ് ഗോള്‍ നേടിയത്. എന്നാല്‍ ലീഡ് അധികനേരം നിലനിര്‍ത്താന്‍ ഇന്ത്യക്കായില്ല. 10 മിനിറ്റിനകം ഇറാഖ് ഒപ്പമെത്തി. പെനാല്‍റ്റിയില്‍ നിന്ന് അലി കരീമാണ് ഇറാഖിനായി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതി ഇതേ സ്‌കോറില്‍ അവസാനിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയിലും ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇടവേളയ്ക്കു ശേഷം ഉടന്‍ തന്നെ ലീഡ് വീണ്ടടുക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഇറാഖ് ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ആകാശ് മിശ്രയാണ് സ്‌കോര്‍ ചെയ്തത്. ആകാശ് തൊടുത്ത ക്രോസ് കൈയിലൊതുക്കുന്നതില്‍ ഇറാഖ് ഗോള്‍കീപ്പര്‍ വരുത്തിയ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.

തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി ഇറാഖിനെ പിടിച്ചുകെട്ടിയ ഇന്ത്യ 81-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇറാഖിനെതിരേ ഇന്ത്യന്‍ ടീം ചരിത്രജയം നേടുമെന്നു തോന്നിച്ചിടത്താണ് ഇറാഖിന് അനുകൂലമായ റഫറി വീണ്ടും പെനാല്‍റ്റി വിധിക്കുന്നത്. ഇറാഖ് താരം അയ്മന്‍ ഗാദ്ബാനെ വീഴ്ത്തിയെന്ന കുറ്റത്തിനാണ് റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. എന്നാല്‍ റീപ്ലേകളില്‍ അത് ഫൗള്‍ അല്ലെന്നു വ്യക്തമായിരുന്നു.

കിക്കെടുത്ത അയ്‌മെന്‍ സ്‌കോര്‍ ചെയ്തതോടെ ഇറാഖ് വീണ്ടും ഒപ്പമെത്തി. അവസാന മിനിറ്റുകളില്‍ ഇറാഖ് പത്തുപേരായി ചുരുങ്ങിയെങ്കിലും ആള്‍ബലം മുതല്‍ക്കൂട്ടാക്കാന്‍ ഇന്ത്യക്കായില്ല. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്. ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ബ്രാന്‍ഡന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയതാണ് തിരിച്ചടിയായത്. പിന്നീട് ഇന്ത്യക്ക് വേണ്ടി സന്ദേശ് ജിങ്കന്‍, സിരേഷ്, അന്‍വര്‍ അലി, റഹീം അലി എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ഒരു കിക്ക് പോലും പാഴാക്കാതെ ഇറാഖ് ജയം നേടുകയായിരുന്നു.

logo
The Fourth
www.thefourthnews.in