ഐഎസ്എല്‍ 2023: കിരീടം നിലനിർത്താൻ മോഹൻബഗാൻ, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ 
ചെന്നൈയിൻ എഫ്‌സി

ഐഎസ്എല്‍ 2023: കിരീടം നിലനിർത്താൻ മോഹൻബഗാൻ, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ചെന്നൈയിൻ എഫ്‌സി

ഐഎസ്എല്ലിലെ പ്രധാന ടീമുകളാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സും ചെന്നൈയിന്‍ എഫ്‌സിയും

സെപ്റ്റംബര്‍ 21 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന് തുടക്കമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രധാന ടീമുകളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സും ചെന്നൈയിന്‍ എഫ്‌സിയും. കിരീടപ്രതീക്ഷയുള്ള ടീമുകളുടെ പട്ടികയില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റസ് ഇത്തവണയും മുന്നില്‍ തന്നെയുണ്ടാകും. എന്നാല്‍ കഴിഞ്ഞ സീസണുകളില്‍ കിരീട സ്വപ്‌നങ്ങള്‍ക്ക് പുറത്തായിരുന്ന ചെന്നൈയിന്‍ എഫ്‌സി ഇത്തവണ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെപാതയിലാണ്.

ഐഎസ്എല്‍ 2023: കിരീടം നിലനിർത്താൻ മോഹൻബഗാൻ, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ 
ചെന്നൈയിൻ എഫ്‌സി
ഐഎസ്എല്‍ 2023: അഴിച്ചുപണികളുമായി ബ്ലാസ്റ്റേഴ്സ്, പിടിമുറുക്കാൻ ബംഗളൂരു

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സ്

സെപ്റ്റംബര്‍ 23 ന് പഞ്ചാബ് എഫ്‌സിയെ സ്വന്തം തട്ടകത്തില്‍ നേരിട്ടാണ് ബഗാന്‍ ഐഎസ്എല്‍ 10ാം സീസണ്‍ ആരംഭിക്കുക. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബഗാന്‍ ഇത്തവണ ഇറങ്ങുക. അതിനായി കരുത്തുറ്റ ടീമിനെ തന്നെ അവര്‍ സജ്ജമാക്കിയിട്ടുണ്ട്. അടുത്തിടെ ഡ്യൂറണ്ട് കപ്പില്‍ മുത്തമിട്ടതിന്റെ അധിക ബൂസ്റ്ററും ബഗാന് ഉണ്ടാകും. തങ്ങളുടെ പ്രധാന കളിക്കാരെ നിലനിര്‍ത്തിയതിനൊപ്പം പ്രമുഖ ടീമുകളിലെ വമ്പന്മാരെ ടീമിലേക്ക് ചേര്‍ക്കാനും ബഗാന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുള്‍ സമദ്, അന്‍വര്‍ അലി എന്നിവരെ ഒപ്പം കൂട്ടാനായത് കിരീടത്തിനായുള്ള ഓട്ടത്തിന്റെ വേഗത കൂട്ടും. അടുത്തിടെ ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ഇന്റര്‍ നാഷണല്‍ താരം ജേസണ്‍ കമ്മിന്‍സ്, അര്‍മാന്‍ഡോ സാദികു, ഹെക്ടര്‍ യുസ്സെ തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകളും ബഗാനെ അപകടകാരിയാക്കുന്നു. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബൗമസ് തുടങ്ങിയ താരങ്ങളെ നിലനിര്‍ത്തിയാണ് ഈ പുതിയ സൈനിങ്ങുകള്‍.

ഫെഡറിക്കോ ഗാലെഗോ, പ്രീതം കോട്ടാല്‍, ഫ്‌ലോറന്റിന്‍ പോഗ്ബ, ടിരി തുടങ്ങിയ സുപ്രധാന താരങ്ങള്‍ ക്ലബ്ബ് വിട്ടെങ്കിലും പുതിയ സൈനിങ്ങുകളിലൂടെ അതിനെ മറികടക്കാന്‍ ചാമ്പ്യന്മാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ വിങ്ങര്‍ ആഷിഖ് കുരുണിയന്റെ അഭാവം ടീമിനെ അല്പം പ്രതിസന്ധിയിലാക്കുന്നുണ്ട്. കാല്‍മുട്ടിന് പരുക്കേറ്റ ആഷിഖിന് ഈ സീസണിലുടനീളം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അറിയിച്ചിരുന്നു. വലിയൊരു സീസണാണ് ബഗാന് മുന്നിലുള്ളത്. ഐഎസ്എല്ലില്‍ കളിക്കുന്നതിനൊപ്പം തന്നെ ക്ലബ്ബിന് എഫ്‌സി കപ്പിലും മത്സരിക്കണം. ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ടീമിനെ അതിനനുസരിച്ച് കൃത്യമായി വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികപ്പട. ഐഎസ്എല്‍ കിരീടം സംരക്ഷിക്കുന്നതില്‍ മോഹന്‍ ബഗാന്‍ എസ്ജി മുന്‍നിരക്കാരാണെന്ന കാര്യത്തില്‍ സംശയിക്കാനില്ല.

ചെന്നൈയിന്‍ എഫ്‌സി

2023 സീസണില്‍ വലിയൊരു തിരിച്ചുവരവിനാണ് ചെന്നൈയിന്‍ എഫ്‌സി ശ്രമിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്‌സിക്കെതിരെയാണ് ചെന്നൈയിന്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി കിരീടപ്പോരാട്ടത്തില്‍ വലിയ മികവ് കാഴ്ചവയ്ക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനക്കാരായാണ് ചെന്നൈയിന്‍ ഫിനിഷ് ചെയ്തത്. രണ്ട് തവണ ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ടെന്ന ചരിത്രമാണ് അവര്‍ക്കുള്ളത് പക്ഷേ പിന്നീട് ആ വഴിയിലേക്കെത്താന്‍ ടീമിന് സാധിച്ചിട്ടില്ല. പുതിയ സീസണില്‍ ക്ലബ്ബിനെ ലക്ഷ്യത്തിലെത്തിക്കാന്‍ പരിചയസമ്പന്നനായ ആ പരിശീലകന്‍ ഓവന്‍ കോയില്‍ തന്ത്രങ്ങള്‍ മെനയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിരുദ്ധ ഥാപ്പയെ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയാണ്.

പുതിയ സീസണില്‍ ബൂട്ടുകെട്ടുമ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ദൗത്യം കൂടി ഇവര്‍ക്ക് മുന്നിലുണ്ട്

സമിക് മിത്രയാകും ചെന്നൈയുടെ ഗോള്‍വല സൂക്ഷിപ്പുകാരന്‍. ഡ്യൂറണ്ട് കപ്പിലെ പ്രകടനം കൊണ്ട് ശ്രദ്ധേയരായ സച്ചു സിബിയും ബികാഷ് യുംനാമിനും സാര്‍ത്ഥക് ഗോലുയിമൊക്കെ പ്രതിരോധനിരയെ കരുത്തുറ്റതാകും. ആകാശ് സംഗ്വാന്റെ പ്രകടനവും പ്രതിരോധനിരയെ സ്വാധീനിക്കും. ജിതേശ്വര്‍ സിങ്, ക്രിസ്റ്റിയന്‍ ബട്ടോച്ചിയോ, റാഫേല്‍ ക്രിവല്ലരോ എന്നിവര്‍ മധ്യനിരയില്‍ കൂട്ടുകെട്ട് ഉണ്ടാക്കും. ആക്രമണത്തെ നയിക്കാന്‍ ജോര്‍ദാന്‍ മുറെ, വിന്‍സി ബാരെറ്റോ, കോണര്‍ ഷീല്‍ഡ് എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. എന്തിരുന്നാലും പുതിയ സീസണില്‍ ബൂട്ടുകെട്ടുമ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ദൗത്യം കൂടി ഇവര്‍ക്ക് മുന്നിലുണ്ട്.

logo
The Fourth
www.thefourthnews.in