ജംഷഡ്പുര്‍ എഫ്.സിക്കെതിരേ
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടുന്ന അഡ്രിയാന്‍ ലൂണ.
ജംഷഡ്പുര്‍ എഫ്.സിക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടുന്ന അഡ്രിയാന്‍ ലൂണ. ഫോട്ടോ - അജയ് മധു

'ഞെരുക്കി' മെരുക്കല്‍ തന്ത്രവുമായി ജംഷഡ്പുര്‍; പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യൂവന്‍

ആക്രമിച്ചു കീഴടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞെരുക്കി വശക്കേടിലാക്കുക, തരം കിട്ടുമ്പോള്‍ ഗോളടിക്കുക. ആക്രമിക്കുമ്പോഴും പ്രതിരോധിക്കുമ്പോഴുമെല്ലാം അഞ്ചുപേര്‍ ഒറ്റക്കെട്ടായി ഉണ്ടാകും ഈ ഫോര്‍മേഷനില്‍...

കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നില്‍ ആതിഥേയരായ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 'ഞെരുക്കി' മെരുക്കാനാണ് ജംഷഡ്പുര്‍ എഫ്.സി മുഖ്യ പരിശീലകന്‍ സ്‌കോട്ട് ജോസഫ് തന്റെ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതിനായി കളത്തില്‍ 'ആളെണ്ണം കൂട്ടാന്‍' 3-4-2-1 ഫോര്‍മേഷനും സ്വീകരിച്ചു. എന്നാല്‍ 'റെഡ് മൈനേഴ്‌സ്' മനസില്‍ കണ്ട തന്ത്രം മാനത്തുനിന്ന് വായിച്ച ബ്ലാസ്‌റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡ്യുവന്‍ തന്റെ രണ്ട് വജ്രായുധങ്ങള്‍ ഉപയോഗിച്ച് അത് പൊളിച്ചടുക്കിയ കാഴ്ചയാണ് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കണ്ടത്.

സ്വന്തം ഹാഫില്‍ നിന്നു തുടങ്ങി മധ്യത്തിലൂടെ പരന്ന് മുന്നണിയില്‍ പെയ്തിറങ്ങുന്ന 4-3-3 ശൈലിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത് പതിയെ കൊട്ടിക്കയറി ഉച്ചസ്ഥായിയിലെത്തി ആരാധകരെ ആവേശത്തിലെത്തിക്കുന്ന താളമുണ്ട് അതിന്. ആദ്യ മത്സരത്തില്‍ ബംഗളുരു എഫ്‌സിക്കെിതിരേ അത് കണ്ടതുമാണ്. പ്രതിരോധ-മധ്യ-മുന്നേറ്റ നിരയുടെ ഏകോപനമാണ് അതിന്റെ ചരട് നിയന്ത്രിക്കുന്നത്.

കൊച്ചിയില്‍ കളംപിടിക്കാന്‍ ആ താളം തെറ്റിക്കണമെന്ന് അറിയാമായിരുന്ന സ്‌കോട്ട് കണ്ടെത്തിയ തന്ത്രം ബ്ലാസ്‌റ്റേഴ്‌സിന്റെ പാസിങ് ഗെയിം ഇല്ലാതാക്കുകയെന്നതാണ്. ഇതിനായി 3-4-2-1 ശൈലിയാണ് സ്വീകരിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ കാലില്‍ പന്തെത്തുമ്പോള്‍ ചുറ്റും വെള്ളക്കുപ്പായക്കാരെ നിറയ്ക്കാന്‍ ഇതിലൂടെ സ്‌കോട്ടിന് സാധിച്ചു.

യൂറോപ്യന്‍ ലീഗുകളില്‍ മുന്‍നിര ടീമുകള്‍ സ്ഥിരം പയറ്റുന്ന തന്ത്രമാണിത്. എതിരാളികളെ ആക്രമിച്ചു കീഴടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞെരുക്കി വശക്കേടിലാക്കുക. തരം കിട്ടുമ്പോള്‍ ഗോളടിക്കുക. ആക്രമണത്തിനു പോകുമ്പോഴും പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോഴുമെല്ലാം അഞ്ചുപേര്‍ ഒറ്റക്കെട്ടായി ഉണ്ടാകും ഈ ഫോര്‍മേഷനില്‍. ആഴ്‌സണല്‍ മുന്‍ കോച്ച് ആഴ്‌സന്‍ വെങ്ങറുടെ ഇഷ്ട ഫോര്‍മേഷനില്‍ ഒന്നാണിത്.

ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം തടയുന്ന ജംഷഡ്പുര്‍ താരം.
ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം തടയുന്ന ജംഷഡ്പുര്‍ താരം. ഫോട്ടോ - അജയ് മധു

ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഈ കെണിയില്‍ വീണു. ആക്രമിച്ചു കളിച്ചിട്ടും ജംഷഡ്പുര്‍ ബോക്‌സില്‍ ആദ്യ 45 മിനിറ്റില്‍ അവര്‍ക്ക് പന്തെത്തിക്കാനായത് വെറും രണ്ടുതവണ മാത്രമാണ്. പിന്‍നിരയില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റക്കാരായ ദായ്‌സുകെ സകായിക്കും ക്വാമെ പെപ്‌റയ്ക്കും പന്തെത്താതിരിക്കാന്‍ ജംഷഡ്പുര്‍ ശ്രദ്ധിച്ചു.

ആദ്യപകുതിയില്‍ പെപ്‌റ ഷോട്ടുതിര്‍ത്തത് ഒരേയൊരു തവണയാണ്. സകായ്ക്കാണെങ്കില്‍ പന്ത് കിട്ടിയതുപോലുമില്ലെന്നു വേണം പറയാന്‍. മധ്യനിരയില്‍ ഇന്നും ആദ്യ ഇലവനില്‍ ഇടം നല്‍കിയ മുഹമ്മദ് അയ്മന്‍ നിറംമങ്ങിയതും ആദ്യ മത്സരത്തിലെ ചടുല നീക്കം മറ്റൊരു മധ്യനിര താരം ഡാനിഷ് ഫറൂഖിക്ക് പുറത്തെടുക്കാനാകാതെ പോയതും ബ്ലാസ്‌റ്റേഴ്‌സിന് ആദ്യപകുതിയില്‍ തിരിച്ചടിയാകുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു സമനില പോലും വിജയതുല്യമാണെന്ന് അറിയാവുന്ന ജംഷഡ്പൂരാകട്ടെ അനാവശ്യ 'തിടുക്കം' കാട്ടാതിരിക്കുകയും ചെയ്തതോടെ ആദ്യ 45 മിനിറ്റുകള്‍ തീര്‍ത്തും വിരസമായിരുന്നു. ബംഗളുരുവിനെതിരേ കണ്ട മഞ്ഞപ്പടയെവിടെ എന്ന തോന്നല്‍ ഗ്യാലറിയില്‍ പടര്‍ത്തിയാണ് ഇടവേളയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കളംവിട്ടത്.

ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ക്കാനുള്ള ജംഷഡ്പുര്‍ താരത്തിന്റെ ശ്രമം
ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ക്കാനുള്ള ജംഷഡ്പുര്‍ താരത്തിന്റെ ശ്രമം ഫോട്ടോ - അജയ് മധു

എതിരാളികളുടെ തന്ത്രം മനസിലാക്കിയ ഇംഗ്ലീഷുകാരനായ ഡ്യുവന്‍ 10 മിനിറ്റ് നീണ്ട ഇടവേളയ്ക്കിടെ മെനഞ്ഞ മറുതന്ത്രമാണ് പിന്നീട് കളിയുടെ ഗതിതന്നെ മാറ്റിയത്. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിങ്ങിലൂടെ ഓടിക്കയറുന്നതില്‍ മാത്രം ശ്രദ്ധയൂന്നുന്ന അയ്മനെ മാറ്റി വെട്ടിത്തിരിഞ്ഞ് മൈതാനം നിറയുന്ന നീക്കങ്ങള്‍ നടത്താന്‍ കെല്‍പുള്ള യുവതാരം വിബിന്‍ മോഹനെയും സ്‌ട്രൈക്കര്‍ റോള്‍ മാത്രം കൈാര്യം ചെയ്യാന്‍ മിടുക്കുള്ള പെപ്‌റയ്ക്കും പകരം ഇറങ്ങിക്കളിക്കാന്‍ തയാറാകുന്ന ദിമിത്രി ഡയമെന്റക്കോസിനയും ഇറക്കിവിട്ടതാണ് കളി തിരിച്ചത്.

ദിമിത്രി ഡയമെന്റക്കോസിന്റെ ഗോള്‍ശ്രമം തടയുന്ന ജംഷഡ്പുര്‍ ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ്.
ദിമിത്രി ഡയമെന്റക്കോസിന്റെ ഗോള്‍ശ്രമം തടയുന്ന ജംഷഡ്പുര്‍ ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ്.ഫോട്ടോ - അജയ് മധു

തങ്ങളുടെ പൊസിഷന്‍ പരസ്പരം വച്ചുമാറ്റി ദിമിയും വിബിനും ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ജംഷഡ്പുര്‍ പ്രതിരോധം കുഴങ്ങി. ആരെ മാര്‍ക്ക് ചെയ്യണമെന്ന് അറിയാനാകാത്ത സ്ഥിതിയിലായി അവര്‍. അതുവരെ ജംഷഡ്പൂര്‍ ബോക്‌സ് സന്ദര്‍ശിച്ചു മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് എതിരാളികള്‍ക്കു നിരന്തരം ഭീഷണി ഉയര്‍ത്തുകയായിരുന്നു. അധികം വൈകാതെ അതിന് ഫലവും ലഭിച്ചു.

ടീമിന്റെ വിജയഗോള്‍ തന്നെ ഈ 'നയം മാറ്റത്തിന്റെ' ഫലമായിരുന്നു. ജംഷഡ്പുര്‍ ബോക്‌സിന്റെ വലത്തേ മൂലയ്ക്കു പുറത്ത് ദിമിത്രിയുടെ കാലില്‍ പന്ത് കുരുങ്ങുമ്പോള്‍ ഒപ്പം ലൂണയും വിബിനുമായിരുന്നു ഉണ്ടായിരുന്നത്. പന്തുമായി ദിമി മുന്നേറുമെന്നു കരുതിയ ജംഷഡ്പുര്‍ പ്രതിരോധനിരയെ കബളിപ്പിച്ചു സ്‌ട്രൈക്കര്‍ റോള്‍ മാറി ഗ്രീക്ക് താരം പന്ത് ലൂണയ്ക്കു മറിച്ചു. ഇതു പ്രതീക്ഷിക്കാഞ്ഞ എതിരാളികളെ നോക്കിനിര്‍ത്തി ലൂണ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയുടെ ആഘോഷം.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയുടെ ആഘോഷം.ഫോട്ടോ - അജയ് മധു

പിന്നീടും ദിമി-വിബിന്‍ ദ്വയം അവസരങ്ങള്‍ തുറന്നെടുത്തതാണ്. കുറഞ്ഞത് രണ്ടു ഗോളിനെങ്കിലും ജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരം പക്ഷേ ഫിനിഷിങ്ങിലെ പാളിച്ചകള്‍ കാരണം 1-0 സ്‌കോര്‍ ലൈനില്‍ ഒതുങ്ങുകയായിരുന്നു. യുവ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷില്‍ അര്‍പ്പിച്ച വിശ്വാസവും ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി.

ഒരാഴ്ചയ്ക്കപ്പുറം ആദ്യ എവേ മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടുമ്പോള്‍ ഈ ജയം ബ്ലാസ്‌റ്റേഴ്‌സിന് കരുത്തുപകരുമെന്ന് തീര്‍ച്ചയാണ്. അതിനൊപ്പം തന്നെ വിബിന്‍ മോഹന്‍ എന്ന യുവതാരത്തിന് ഏറെ ആത്മവിശ്വാസവും പകരും. ടീം വിട്ട സഹല്‍ അബ്ദുള്‍ സമദിന്റെ പകരക്കാരായി ബ്ലാസ്‌റ്റേഴ്‌സ് വളര്‍ത്തിക്കൊണ്ടുവരുന്ന വിബിന്‍ ടീമിന്റെ ആദ്യ ഇലവനിലെ അവിഭാജ്യ സാന്നിദ്ധ്യമായി മാറാനും അധികം വൈകില്ലെന്ന് ഇന്ന് തെളിയിച്ചുകഴിഞ്ഞു.

logo
The Fourth
www.thefourthnews.in