ജേഡൻ സാഞ്ചൊ, റാഫേൽ വരാൻ, കാല്‍വിൻ ഫിലിപ്... കൂടുമാറാൻ താരങ്ങള്‍; ജനുവരി ട്രാന്‍സ്‌ഫർ വിന്‍ഡോയിലെ നോട്ടപ്പുള്ളികള്‍

ജേഡൻ സാഞ്ചൊ, റാഫേൽ വരാൻ, കാല്‍വിൻ ഫിലിപ്... കൂടുമാറാൻ താരങ്ങള്‍; ജനുവരി ട്രാന്‍സ്‌ഫർ വിന്‍ഡോയിലെ നോട്ടപ്പുള്ളികള്‍

പരുക്ക് മൂലം താരങ്ങളെ നഷ്ടമായ ക്ലബുകളും സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കണക്കുകള്‍ പിഴച്ചുപോയ ക്ലബുകളുമാണ് ജനുവരി വിന്‍ഡോയെ ആശ്രയിക്കുക

ടീമിനെ കരുത്തുറ്റതാക്കാന്‍ ക്ലബുകള്‍, കൂടുമാറാന്‍ താരങ്ങള്‍, ഫുട്ബോള്‍ ലോകത്തെ ആവേശത്തിലാക്കാന്‍ പോന്ന ഒരുപിടി താരങ്ങള്‍ അണിനിരക്കുന്ന ജനുവരി ട്രാന്‍സ്ഫർ വിന്‍ഡൊ ഓപ്പണായിരിക്കുകയാണ്. പരുക്ക് മൂലം താരങ്ങളെ നഷ്ടമായ ക്ലബുകളും സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കണക്കുകള്‍ പിഴച്ചുപോയ ക്ലബുകളുമാണ് ജനുവരി വിന്‍ഡോയെ ആശ്രയിക്കുക. ട്രാന്‍സ്ഫർ വിന്‍ഡോയിലെ നോട്ടപ്പുള്ളികളില്‍ പ്രധാനികളാണ് ജേഡന്‍ സാഞ്ചൊ, റാഫേല്‍ വരാന്‍, കാല്‍വിന്‍ ഫിലിപ്സ്, ഡേവിഡ് ഡി ഹിയ തുടങ്ങിയവർ.

ജേഡന്‍ സാഞ്ചൊ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജേഡന്‍ സാഞ്ചൊ ഏറെക്കാലമായി ടീമിന് പുറത്താണ്. കഴിഞ്ഞ സെപ്തംബർ മാസം മാനേജർ എറിക് ടെന്‍ ഹാഗുമായുള്ള തുറന്ന പോരിന് പിന്നാലെയാണ് സാഞ്ചൊ തഴയപ്പെട്ടത്. സാഞ്ചൊയെ യുണൈറ്റഡ് നിലനിർത്താനുള്ള സാധ്യത വിരളമായതുകൊണ്ട് തന്നെ താരത്തെ വാങ്ങാന്‍ മുന്‍ ക്ലബായ ബൊറൂസിയ ഡോർട്ടുമുണ്ട് ഉള്‍പ്പടെയുള്ള ക്ലബുകള്‍ രംഗത്തുണ്ട്. സൗദി പ്രൊ ലീഗിലെ ചില ക്ലബ്ബുകളും സാഞ്ചൊയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇഎസ്‌പിഎന്‍ റിപ്പോർട്ട് ചെയ്യുന്നത്. 73 മില്യണ്‍ പൗണ്ടിനായിരുന്നു ഡോർട്ടുമുണ്ടില്‍ നിന്ന് 2021ല്‍ സാഞ്ചൊ യുണൈറ്റഡിലെത്തിയത്. ലോണില്‍ താരത്തെ നല്‍കിയാല്‍ പോലും യുണൈറ്റഡിന് നഷ്ടമുണ്ടായേക്കും.

ഡേവിഡ് ഡെ ഹെയ
ഡേവിഡ് ഡെ ഹെയ

ഡേവിഡ് ഡി ഹിയ

കഴിഞ്ഞ ജൂലൈയില്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ഫ്രീ ഏജന്റാണ് ഡി ഹിയ. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ് ഇന്റർ മിലാന്‍ എന്നീ ടീമുകള്‍ക്ക് പുറമെ സൗദി ക്ലബുകളും സമ്മറില്‍ ഡി ഹിയക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. യുണൈറ്റഡിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്, ന്യുകാസില്‍, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നീ ക്ലബുകള്‍ക്ക് ഡി ഹിയയില്‍ താല്‍പര്യമുണ്ട്. ആറ് മാസക്കാലമായി കളത്തിന് പുറത്തിരിക്കുന്ന താരം മികച്ച ഓഫറുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

കാള്‍വിന്‍ ഫിലിപ്സ്
കാള്‍വിന്‍ ഫിലിപ്സ്

കാല്‍വിന്‍ ഫിലിപ്സ്

കാല്‍വിന്‍ ഫിലിപ്‌സിനായി ഓഫറുകള്‍ വന്നാല്‍ താന്‍ തടയില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 42 മില്യണ്‍ പൗണ്ടിന് സിറ്റിയില്‍ 2022ലെത്തിയ കാല്‍വിന് കാര്യമായ അവസരങ്ങളൊന്നും തന്നെ ഗ്വാർഡിയോളയ്ക്ക് കീഴില്‍ ലഭിച്ചിട്ടില്ല.

ന്യുകാസില്‍, യുവന്റസ്, പി എസ് ജി എന്നീ ക്ലബ്ബുകള്‍ 28കാരനായി രംഗത്തുണ്ട്. സമ്മറില്‍ വെസ്റ്റ് ഹാം കാല്‍വിനായി തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു.

റാഫേല്‍ വരാന്‍
റാഫേല്‍ വരാന്‍

റാഫേല്‍ വരാന്‍

വരുന്ന ജൂണില്‍ വരാന്റെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കും. കരാർ പുതുക്കാനുള്ള നീക്കങ്ങളൊന്നും തന്നെ യുണൈറ്റഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ പ്രീമിയർ ലീഗിന് പുറത്തുള്ള ക്ലബിലേക്ക് ചേക്കേറാനുള്ള അവസരം വരാന് മുന്നിലുണ്ട്. പരുക്കേറ്റ ഹാരി മഗ്വയർ, ലിസാന്‍ഡ്രൊ മാർട്ടിനെസ്, വിക്ടർ ലിന്‍ഡെലോഫ് എന്നിവർ തിരികെയെത്തുന്നോടെ വരാന്റെ പടിയിറക്കത്തിന് ടെന്‍ ഹാഗ് സമ്മതം മൂളിയേക്കും. റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക് തുടങ്ങിയ ക്ലബുകളാണ് വരാനായി വലവിരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in