സൊറ്റീരിയോയുടെ ശസ്ത്രക്രിയ വിജയം; പക്ഷേ ഉടന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്കില്ല

സൊറ്റീരിയോയുടെ ശസ്ത്രക്രിയ വിജയം; പക്ഷേ ഉടന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്കില്ല

2024 വരെ താരത്തിന് കളത്തിലേക്ക് എത്താന്‍ കഴിയില്ലെന്നു കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു

പരുക്കേറ്റ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ജോഷ്വ സൊറ്റീരിയോയുടെ ശസ്ത്രക്രിയ വിജയം. താരം സുഖംപ്രാപിച്ചു വരികയാണെന്നും ഉടന്‍ കളത്തിലേക്ക് എത്തുമെന്നു പ്രത്യാശിക്കുന്നതായും ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു.

താരം വേഗം തിരിച്ചെത്തുമെന്ന് ടീം ആശംസിച്ചെങ്കിലും അത് ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ആറു മാസത്തോളമാണ് താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. 2024 വരെ താരത്തിന് കളത്തിലേക്ക് എത്താന്‍ കഴിയില്ലെന്നു കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഏറെ പ്രതീക്ഷയോടെ ഓസ്‌ട്രേലിയന്‍ ലീഗില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ച താരമായിരുന്നു സൊറ്റീരിയോ. പ്രീസീസണ്‍ ക്യാമ്പിനിടെയാണ് താരത്തിന്റെ കാലിന് പരുക്കേറ്റത്. ഇതോടെയാണ് ഒരു മത്സരം പോലും കളിക്കാതെ താരത്തിന് മടങ്ങേണ്ടി വരുന്നത്. ഓസ്‌ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈ സീസണില്‍ ക്ലബ് വിട്ട ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്‌ട്രേലിയന്‍ വിങ്ങറെ സ്വന്തമാക്കിയത്.

എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്‌സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിനായും വെല്ലിങ്ടണ്‍ ഫീനിക്‌സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്‌സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്‌സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമാണ് സൊറ്റീരിയോ.

logo
The Fourth
www.thefourthnews.in