'ആ ചുംബനം സമ്മതമില്ലാതെ തന്നെ', അതിക്രമത്തിന് ഇരയായെന്ന് സ്പെയിന്‍ ഫുട്ബോള്‍ താരം ഹെർമോസോ, രാജിയില്ലെന്ന് ഫെഡറേഷൻ മേധാവി

'ആ ചുംബനം സമ്മതമില്ലാതെ തന്നെ', അതിക്രമത്തിന് ഇരയായെന്ന് സ്പെയിന്‍ ഫുട്ബോള്‍ താരം ഹെർമോസോ, രാജിയില്ലെന്ന് ഫെഡറേഷൻ മേധാവി

തനിക്ക് അതിക്രമം നേരിട്ടുവെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തന്റെ ചുണ്ടിൽ ചുംബിച്ചത് സമ്മതത്തോടെ ആയിരുന്നില്ലെന്നും ജെന്നിഫർ ഹെർമോസോ വെള്ളിയാഴ്ച വ്യക്തമാക്കി

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയ്ൻ കിരീടമുയർത്തിയതിന് ശേഷം നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ചുംബന വിവാദം പുകയുന്നു. തനിക്ക് അതിക്രമം നേരിട്ടുവെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തന്റെ ചുണ്ടിൽ ഉമ്മവച്ചത് സമ്മതത്തോടെ ആയിരുന്നില്ലെന്നും ജെന്നിഫർ ഹെർമോസോ വെള്ളിയാഴ്ച വ്യക്തമാക്കി. ഫെഡറേഷൻ മേധാവി ലൂയിസ് റൂബിയാലെസിനെ സ്ഥാനത്തുനിന്ന് മാറ്റാതെ ദേശീയ ടീമിന് വേണ്ടി കളിക്കില്ലെന്നാണ് സഹതാരങ്ങളുയുെ നിലപാട്.

ലോകകപ്പ് വേദിയില്‍ സമ്മാനദാന ചടങ്ങിനിടയിലാണ് റൂബിയാലെസ്, സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. മറ്റ് താരങ്ങളെ കവിളിലാണ് ചുംബിച്ചത്. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെർമോസോ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്.

റുബിയാലെസ് നേതൃസ്ഥാനത്ത് തുടരുന്നിടത്തോളം ദേശീയ ടീമിനായി കളിക്കാൻ മടങ്ങിവരില്ലെന്ന് ലോകകപ്പ് ടീമിലെ 23 താരങ്ങൾക്കൊപ്പം മറ്റ് 56 വനിതാ ഫുട്ബോൾ താരങ്ങളും സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. അതേസമയം മേധാവി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന് റുബിയാലെസ് പറഞ്ഞു. പിന്നാലെയാണ് ഹെർമോസോ തനിക്കുണ്ടായ അനുഭവം വിശദീകരിച്ച് പ്രസ്താവനയിറക്കിയത്.

കഴിഞ്ഞ ദിവസം രാത്രി നടത്തിയ പ്രസ്താവനയിൽ താൻ ദുർബലയും അതിക്രമത്തിന് ഇരയാക്കപ്പെട്ടതായും അനുഭവപ്പെടുന്നുവെന്ന് ഹെർമോസോ പറഞ്ഞു. 'സ്നേഹ ചുംബനം' നൽകാൻ ഹെർമോസോ സമ്മതിച്ചുവെന്നാണ് റുബിയാലസിന്റെ വാദം. എന്നാൽ അത്തരം വാദങ്ങളെല്ലാം കള്ളമാണെന്നും അത്തരമൊരു സംസാരമേ നടന്നിട്ടില്ലെന്നും ഹെർമോസോ വ്യക്തമാക്കി.

റുബിയാലസിന്റെ പെരുമാറ്റം ആദ്യം തന്നെ ഞെട്ടിച്ചുവെന്ന് സ്പാനിഷ് താരം പറഞ്ഞു. ഒരു വ്യക്തിയും, ഒരു ജോലിയിലും, കായികരംഗത്തും, സാമൂഹിക ചുറ്റുപാടുകളിലും, ഇത്തരത്തിലുള്ള പെരുമാറ്റത്തിന് ഇരയാകരുത്. "എന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മതവുമില്ലാതെ, ഒരു പൗരുഷ ആക്രമണത്തിന് ഇരയായതായി എനിക്ക് തോന്നുന്നു. ലളിതമായി പറഞ്ഞാൽ ഞാൻ അപമാനിക്കപ്പെട്ടു. എന്നെയും ഈ രാജ്യത്തെ വനിതാ കായിക രംഗത്തെയും സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നിമിഷത്തിൽ എന്നെ ബഹുമാനിക്കാതെയും എന്റെ സമ്മതമില്ലാതെയും പ്രവർത്തിച്ച ഒരാളെ പിന്തുണയ്‌ക്കേണ്ട ആവശ്യം എനിക്കില്ല" താരം പറഞ്ഞു.

'ആ ചുംബനം സമ്മതമില്ലാതെ തന്നെ', അതിക്രമത്തിന് ഇരയായെന്ന് സ്പെയിന്‍ ഫുട്ബോള്‍ താരം ഹെർമോസോ, രാജിയില്ലെന്ന് ഫെഡറേഷൻ മേധാവി
വനിതാ ഫുട്ബോള്‍ ലോകകപ്പ് സമ്മാനദാന ചടങ്ങിലെ ചുംബന വിവാദം; ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

റുബിയാലെസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്ന പ്രസ്താവന നടത്തണമെന്ന് സ്പാനിഷ് ഫെഡറേഷൻ അഭ്യർത്ഥിച്ചതായും സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുൻനിര താരം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് വനിതാ ടീമും രംഗത്തുവന്നിരുന്നു. സ്പാനിഷ് താരങ്ങളുടെ ബോയ്‌ക്കോട്ടിനെ പിന്തുണച്ച് പ്രസ്താവനയിറക്കി. പുരുഷാധിപത്യ സംഘടന അസ്വീകാര്യമായ പ്രവൃത്തികൾ ഉണ്ടാകാൻ അനുവദിച്ചിരിക്കുന്നുവെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ദുരുപയോഗം ദുരുപയോഗമാണ്. തങ്ങൾ അജയ്യരാണെന്ന് കരുതുന്നവരുടെ പെരുമാറ്റം വച്ചുപൊറുപ്പിക്കരുതെന്നും സമൂഹ മാധ്യമത്തിൽ ഇംഗ്ലണ്ട് ടീം കുറിച്ചു. കൂടാതെ റുബിയാലസിനെതിരെ ഫെഡറേഷൻ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് സ്പാനിഷ് സർക്കാരും അറിയിച്ചു.

സ്ത്രീകൾ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്‌പെയിനിലെ മന്ത്രി ഐറിൻ മൊണ്ടെറോ പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ റുബിയാലസ് ക്ഷമാപണം നടത്തിയിരുന്നു. ദുരുദ്ദേശത്തോടെ ആയിരുന്നില്ല പ്രവൃത്തിയെന്നും, ആ നിമിഷത്തെ ആവേശത്തിൽ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ആ സന്ദർഭത്തിൽ അതൊരു സ്വാഭാവികമായ കാര്യമായിരുന്നെനും അദ്ദേഹം വിശദീകരിച്ചിരുന്നു. പിന്നീടും രാജി ആവശ്യം ഉയർന്നതോടെയാണ് മേധാവിയുടെ മലക്കം മറിച്ചിൽ.

logo
The Fourth
www.thefourthnews.in