വീണ്ടും 'പെനാല്‍റ്റി, പിന്നാലെ തോല്‍വി; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ കൈവിട്ട് യുവന്റസ്

വീണ്ടും 'പെനാല്‍റ്റി, പിന്നാലെ തോല്‍വി; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ കൈവിട്ട് യുവന്റസ്

36 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍. ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് ടോപ് ഫോറില്‍ തിരിച്ചെത്താനാവില്ല.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസിന്റെ ക്ഷടകാലം ഒഴിയുന്നില്ല. താരങ്ങളുടെ കൈമാറ്റത്തിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന കേസില്‍ ക്ലബ് നല്‍കിയ അപ്പീല്‍ കോടതി തള്ളി. സംഭവത്തില്‍ യുവന്റസിന് നല്‍കിയ ശിക്ഷ ശരിവച്ച കോടതി അവരുടെ പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ യുവന്റസിന് കടുത്ത ശിക്ഷ വിധിച്ചിരുന്നു. ഇറ്റാലിയന്‍ ലീഗായ സീരി എയുടെ നടപ്പുസീസണില്‍ ടീമിന്റെ 15 പോയിന്റ് വെട്ടിക്കുറയ്ക്കാനും ക്ലബിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ വിലക്കടക്കമുള്ള നടപടികളും സ്വീകരിക്കാനുമായിരുന്നു ഫെഡറേഷന്റെ തീരുമാനം.

ഇതിനെതിരേയാണ് യുവന്റസ് അപ്പീല്‍ നല്‍കിയത്. എന്നാല്‍ കോടതിയിലും ക്രമക്കേടുകള്‍ തെളിഞ്ഞതോടെയാണ് നടപടി ഉറപ്പായത്. 15 പോയിന്റില്‍ നിന്ന് 10 പോയിന്റായി 'പെനാല്‍റ്റി' കുറയ്ക്കുക മാത്രമേ കോടതി ചെയ്തുള്ളു. ഇതോടെ സീരി എയില്‍ 59 പോയിന്റിലേക്കു താഴ്ന്ന അവര്‍ ടോപ് ഫൈവില്‍ നിന്നു പുറത്തായി.

ഇതിനു പിന്നാലെ ഇന്നലെ നടന്ന മത്സരത്തില്‍ എംബോളിയോട് 1-4ന് തോറ്റതോടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളും അസ്തമിച്ചു. സീസണില്‍ യുവന്റസ് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. ഇരട്ട ഗോളുകള്‍ നേടിയ കപുറ്റോയും ഓരോ ഗോള്‍ വീതം നേടിയ ലുപേര്‍ടോ, പകോളിയോ എന്നിവരാണ് എംബോളിക്കായി സ്‌കോര്‍ ചെയ്തത്. യുവന്റസിന്റെ ആശ്വാസ ഗോള്‍ ഫെഡ്രിക്കോ ചിയേസയുടെ വകയായിരുന്നു.

തോല്‍വിയോടെ യുന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചു. 36 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍. ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് ടോപ് ഫോറില്‍ തിരിച്ചെത്താനാവില്ല. യുവന്റസിനു പകരം ലാസിയോ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഏറെക്കുറേ കരസ്ഥമാക്കി.

logo
The Fourth
www.thefourthnews.in