ഹാപ്പി ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ഒഡിഷയെ കീഴടക്കി മൂന്നാം സ്ഥാനത്ത്
ചിത്രം : അജയ് മധു

ഹാപ്പി ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ഒഡിഷയെ കീഴടക്കി മൂന്നാം സ്ഥാനത്ത്

ഒഡിഷയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം
Updated on
2 min read
ചിത്രം : അജയ് മധു

ക്രിസ്മസിന് സമ്മാനവുമായി വരുന്ന സാന്താക്ളോസിനെ കാത്തിരിക്കുന്ന അതേ പ്രതീതിയായിരുന്നു ഇന്ന് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ ആരാധകർക്കും. കൊച്ചിയിലെത്തിയ മഞ്ഞക്കൂട്ടത്തിന് ഒടുവിൽ വിജയം സമ്മാനിക്കാൻ വലതു വിങ് ബാക്കായി കളിച്ച മൂന്നാം നമ്പർ സന്ദീപ് സിങ് സാന്തയായി അവതരിച്ചു. ഒഡിഷയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. വിലപ്പെട്ട മൂന്ന് പോയിന്റും പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനവും ഉറപ്പിച്ച്‌ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട 2022നോട് വിടചൊല്ലി.

ചിത്രം : അജയ് മധു

ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമായിരുന്നു ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റേത്. ഒഡിഷയുടെ കിക്കോടെ ആരംഭിച്ച മത്സരത്തിൽ ആദ്യ മിനിറ്റുകളിൽ കേരളാ താരങ്ങൾ ആലസ്യത്തിലായിരുന്നു. മൂന്നാം മിനുട്ടിൽ റെയ്‌നിയർ ഫെർണാണ്ടസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതോടെയാണ് താരങ്ങൾ ഉണർന്നത്. ഇതിന്റെ ഫലമായി ഏഴാം മിനുറ്റിൽ ഇവാൻ കല്യൂഷ്‌ണി ഒഡീഷ പ്രതിരോധം പിളർത്തി നൽകിയ പാസ് കണക്ട് ചെയ്യാൻ ദിമിത്രിയോസ് ഡയമന്റകോസിന്‌ സാധിച്ചില്ല. രണ്ട് മിനിറ്റുകൾക്ക് ശേഷം ജെസ്സലിന്റെ പാസ് സ്വീകരിച്ച കല്യൂഷ്‌ണിയുടെ മുന്നേറ്റവും ലക്ഷ്യം കാണാതെ പോയി. പിന്നാലെ ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒഡിഷ പ്രതിരോധത്തിന് ഭീഷണി സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയിൽ സാധിച്ചിരുന്നില്ല.

ചിത്രം : അജയ് മധു

മറുവശത്ത്‌ ആതിഥേയർക്ക് പന്ത് കൈവശം കൊടുക്കാതെയുള്ള ഒഡീഷയുടെ തന്ത്രം വിജയിക്കുകയും ചെയ്തു. കിട്ടിയ അവസരങ്ങളിൽ മുന്നേറ്റങ്ങൾ കാഴ്ചവക്കുന്നതിൽ വിജയിച്ച ഒഡീഷയ്ക്കായിരുന്നു ഒന്നാംപകുതിയിൽ മുൻ‌തൂക്കം. ഷോട്ടുകളിലും പാസ്സുകളിലും അവർ എതിരാളികളേക്കാൾ മുന്നിട്ട് നിന്ന്. ചില പ്രതിരോധ പിഴവുകൾക്കിടയിലും ഗോൾ നേടുന്നതിൽനിന്നും ഒഡീഷയെ തടയുവാൻ സാധിച്ചതാണ് ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചത്.

ചിത്രം : അജയ് മധു

രണ്ടാം പകുതിയിൽ ഗോൾ നേടണമെന്ന വാശിയോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെയാണ് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കണ്ടത്. സഹലിന്റെയും രാഹുലിന്റെയും ഡയമന്റകോസിന്റെയും നീക്കങ്ങൾ പാഴായതാണ് ഗോൾ അകലാൻ കാരണം. ഒടുവിൽ ഇരട്ട മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെ ഒഡീഷ വല കുലുങ്ങിയെന്ന് തോന്നിപ്പിച്ചെങ്കിലും പകരക്കാരൻ നിഹാലിന് സഹൽ നൽകിയ പന്തിനടുത്തേക്ക് എത്താൻ സാധിക്കാതെപോയി.

ചിത്രം : അജയ് മധു

ഗാലറിയിലെ ആവേശം കളത്തിലേക്കും പടരുകയായിരുന്നു പിന്നീട്. 82ാം മിനുറ്റിൽ ലൂണയുടെ ഫ്രീകിക്കിൽ നിന്ന് വന്ന ജെസ്സലിന്റെ ഷോട്ട് ബാറിൽ തട്ടിയതും പിന്നാലെ ലെസ്‌കോവിച് പാസ് വെറുതെ പോയതും ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. നിർത്താതെ ഊർജം പകർന്നുകൊണ്ടിരുന്ന ആരാധകർക്കുള്ള സമ്മാനമെന്നോണമാണ് ഒടുവിൽ ഗോൾ വന്നത്. ഇടതു വിങ്ങിൽ സഹലിന് പകരക്കാരനായി വന്ന ബ്രൈസ് മിറാന്ഡയുടെ ക്രോസ്സ് മനസ്സിലാക്കുന്നതിൽ ഒഡീഷ കീപ്പർ അമരീന്ദർ സിങിന് പിഴച്ചു. മാർക്ക് ചെയ്യപ്പെടാതെനിന്ന സന്ദീപ് സിങ് കൃത്യമായി പന്ത് വലയ്ക്കുള്ളിലാക്കി. സ്റ്റേഡിയം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡഗൗട്ട് മൊത്തം ആഘോഷത്തിനിറങ്ങിയിരുന്നു. പിന്നെയും ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും വലകുലുക്കാൻ മഞ്ഞപ്പടയ്ക്കായില്ല.

logo
The Fourth
www.thefourthnews.in