കിങ്‌സ് കപ്പ് ഫുട്‌ബോള്‍; ലെബനനോട് തോറ്റ് ഇന്ത്യ നാലാമത്

കിങ്‌സ് കപ്പ് ഫുട്‌ബോള്‍; ലെബനനോട് തോറ്റ് ഇന്ത്യ നാലാമത്

മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ലെബനന്‍ വിജയഗോള്‍ നേടിയത്. ഖാസീം അല്‍ സെയ്ന്‍ ആയിരുന്നു സ്‌കോറര്‍

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലെബനനോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ലെബനന്‍ വിജയഗോള്‍ നേടിയത്. ഖാസീം അല്‍ സെയ്ന്‍ ആയിരുന്നു സ്‌കോറര്‍.

ഇന്ത്യന്‍ പ്രതിരോധനിര വരുത്തിയ പിഴവില്‍ നിന്നായിരുന്നു ലെബനന്‍ സ്‌കോര്‍ ചെയ്തത്. സ്വന്തം ഹാഫില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ഇന്ത്യന്‍ താരം അന്‍വര്‍ അലി അമാന്തം കാട്ടിയത് മുതലെടുത്താണ് ലെബനന്‍ സ്‌കോര്‍ ചെയ്തത്. കോര്‍ണറില്‍ നിന്നു വന്ന പന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റിയെങ്കിലും പന്ത് ക്ലിയര്‍ ചെയ്യാന്‍ അന്‍വര്‍ അലി വൈകി. അവസരം കാത്തിരുന്ന സെയ്ന്‍ ഇതു മുതലാക്കി സ്‌കോര്‍ ചെയ്യുകയായിരുന്നു.

സമനില ഗോളിനായി അവസാന മിനിറ്റുകളില്‍ ഇന്ത്യ കിണഞ്ഞു പൊരുതിയെങ്കിലും ലബനന്‍ പ്രതിരോധം വഴങ്ങിയില്ല. 94-ാം മിനിറ്റില്‍ ചാങ്‌തെയുടെ പാസില്‍ നിന്ന് ലക്ഷ്യം കാണാന്‍ രോഹിത് കുമാറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ മത്സരം ലബനന്‍ ഉറപ്പാക്കി.

ഈ വര്‍ഷം ഇതിനു മുമ്പ് മൂന്നു തവണ ലെബനനുമായി ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. നേരത്തെ സെമിയില്‍ ഇറാഖിനോടു പൊരുതിത്തോറ്റാണ് ഇന്ത്യ ലൂസേഴ്‌സ് ഫൈനലില്‍ ലെബനനെ നേരിടാന്‍ എത്തിയത്.

logo
The Fourth
www.thefourthnews.in