കിലിയന്‍ എംബാപ്പെ
കിലിയന്‍ എംബാപ്പെ

ഇനി 'ക്യാപ്റ്റൻ എംബാപ്പെ'; ടീമില്‍ പൊളിച്ച് പണികളുമായി ദെഷാംപ്‌സ്

ഫ്രഞ്ച് ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് 24കാരനായ എംബാപ്പെ. ആന്റോയിന്‍ ഗ്രീസ്മാന്‍ ആണ് ടീമിന്റെ ഉപനായകന്‍

ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീമിന് ഇനി പുതുയുഗമാണ്. ടീമിലെ വമ്പന്മാര്‍ വിരമിച്ചതിന് പിന്നാലെ വലിയ മാറ്റങ്ങളോടെയാണ് ഫ്രഞ്ച് ടീം ഇനി കളത്തിലിറങ്ങുക. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തു. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ക്യാപ്റ്റനായി എംബാപ്പെയുടെ അരങ്ങേറ്റം. ഫ്രഞ്ച് ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് 24കാരനായ എംബാപ്പെ. ആന്റോയിന്‍ ഗ്രീസ്മാന്‍ ആണ് ടീമിന്റെ ഉപനായകന്‍.

ഖത്തര്‍ ഫൈനലില്‍ മെസിയുടെ അര്‍ജന്റീന കിരീടമുയര്‍ത്തിതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയിലും കാല്പന്ത് ആരാധകരെ വേദനിപ്പിച്ച മുഖം എംബാപ്പെയുടേതായിരുന്നു

ഒരു പതിറ്റാണ്ടുകാലം ഫ്രഞ്ച് പടയെ ചുമലിലേറ്റിയ ഹ്യൂഗോ ലോറിസ് കഴിഞ്ഞ ജനുവരിയില്‍ പടിയിറങ്ങിയതിന് ശേഷം പിന്‍ഗാമി ആരാകും എന്നുള്ള ചര്‍ച്ചകള്‍ ബലപ്പെട്ടിരുന്നു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെയാണ് ലോറിസ് രാജ്യാന്തര ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടത്. ഗോള്‍കീപ്പറായ ലോറിസിന്റെ നേതൃത്വത്തിലാണ് ഫ്രാന്‍സ് 2018 ലോകകപ്പില്‍ കിരീടമുയര്‍ത്തിയത്. അന്നും എംബാപ്പെയുടെ സാന്നിധ്യം പ്രകടമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ എംബാപ്പെയുടെ വാഴ്ച കാല്പന്ത് ആരാധകര്‍ കണ്‍നിറയെ കണ്ടതാണ്. ഖത്തര്‍ ഫൈനലില്‍ മെസിയുടെ അര്‍ജന്റീന കിരീടമുയര്‍ത്തിതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയിലും കാല്പന്ത് ആരാധകരെ വേദനിപ്പിച്ച മുഖം എംബാപ്പെയുടേതായിരുന്നു. ഫൈനലില്‍ എംബാപ്പെ ഹാട്രിക് നേടിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാതെ പോയി.

പുതുമകള്‍ ഒരുപാട് ഉണ്ടെങ്കിലും വെള്ളിയാഴ്ച കാല്പന്ത് ലോകം ഉറ്റുനോക്കുക എംബാപ്പെയിലേക്ക് തന്നെയാകും. കരിയറിന്റെ തുടക്കം മുതല്‍ക്കേ മികച്ച കളികള്‍ പുറത്തെടുത്ത സ്‌ട്രൈക്കറിന് കീഴിലെ ടീം എതിരാളികള്‍ക്ക് എത്രമാത്രം ഭീഷണി ഉയര്‍ത്തുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. പാരിസ് സെയ്ന്റ് ജര്‍മനില്‍ നിന്നുള്ള ഒന്‍പതാമത്തെ ഫ്രാന്‍സ് ക്യാപ്റ്റനാണ് എംബാപ്പെ. പെലെയ്ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം. ലോകകപ്പ് ഫൈനലില്‍ ജെഫ് ഹര്‍സ്റ്റിന് ശേഷം ഹാട്രിക് നേടിയ കളിക്കാരനും എംബാപ്പെ തന്നെ.

മുന്‍ നായകന്‍ ഹ്യൂഗോ ലോറിസിന് പുറമെ റയല്‍ സൂപ്പര്‍ താരം കരീം ബെന്‍സേമ, യുണൈറ്റഡ് താരം റാഫേല്‍ വരാനേ, ഗോള്‍കീപ്പര്‍ സ്റ്റീവ് മന്‍ഡാന്‍ഡ എന്നിവരും വിരമിച്ചിരുന്നു. ടീമിലെ കരുത്തന്മാര്‍ പടിയിറങ്ങിയതോടെ പകരക്കാരെ കണ്ടെത്താനുള്ള അന്വേഷണവും ഫ്രഞ്ച് പരിശീലകൻ ദിദിയര്‍ ദെഷാംപ്‌സ് ആരംഭിച്ചിരുന്നു. ഹ്യൂഗോ ലോറിസിന് പകരം ആദ്യ ഗോള്‍കീപ്പറായി മൈക്ക് മൈഗ്നാനെയാണ് ഫ്രാന്‍സിന്റെ വലകാക്കാന്‍ ദെഷാംപ്‌സ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടീം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ദെഷാംപ്‌സിന്റെ തിരഞ്ഞെടുപ്പുകളില്‍ തുറാം സഹോദരന്മാരായ മാര്‍ക്കസും ഖെഫ്രൈനും ഉള്‍പ്പെടുന്നു. നെതര്‍ലന്‍ഡിനും അയര്‍ലന്‍ഡിനുമെതിരായ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇരുവരും കളിക്കും. ഫ്രാന്‍സിന്റെ മുന്‍ പ്രതിരോധ താരം ലിലിയന്‍ തുറാമിന്റെ മക്കളാണ് ഇവര്‍. ഫ്രാന്‍സ് 1998ല്‍ ലോകകപ്പില്‍ മുത്തമിടുമ്പോഴും 2000 ല്‍ യൂറോ കപ്പ് ഉയര്‍ത്തുമ്പോഴും ദെഷാംപ്‌സിന്റെ സഹതാരമായിരുന്നു ലിലിയന്‍ തുറാം. മാര്‍ക്കസ് തുറാം ഇതിനോടകം തന്നെ കഴിഞ്ഞ ലോകകപ്പില്‍ ഫ്രഞ്ച് ടീമിന്റെ മുന്‍നിരയില്‍ തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞതാണ്.

 ദിദിയര്‍ ദെഷാംപ്‌സ്
ദിദിയര്‍ ദെഷാംപ്‌സ്

വരാനെയുടെ അസാന്നിധ്യം അവശേഷിപ്പിച്ച വലിയ വിടവിലേക്ക് ലിവര്‍പൂള്‍താരം ഇബ്രാഹിമ കൊണാറ്റെയും ബയേണ്‍മ്യൂണിക് താരം ഡയോട് ഉപമെക്കാനോയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. കൂടാതെ ഫ്രഞ്ച് ടീമിലേക്ക് രണ്ട് പുതുമുഖങ്ങളെ കൂടി ദെഷാംപ്‌സ് പരിചയപ്പെടുത്തുന്നു. ഗോള്‍ കീപ്പറുടെ ഒഴിവിലേക്ക് ലെന്‍സിന്റെ കാവല്‍ക്കാരന്‍ ബ്രീസ് സാമ്പയും ചെല്‍സിയുടെ സെന്റര്‍ബാക്ക് വെസ്ലി ഫോഫനയും ടീമിലെത്തും.

ടീമിനുള്ളില്‍ മാത്രമല്ല നേതൃത്വത്തിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ദിദിയര്‍ ദെഷാംപ്‌സുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ജനുവരിയില്‍ കരാര്‍ പുതുക്കകുകയും ചെയ്ത ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രാറ്റ് മൂന്നാഴ്ച മുന്‍പാണ് രാജിവച്ചത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റവും മാനേജ്‌മെന്റിന്റെ രീതികളും അദ്ദേഹത്തിന്റെ സ്ഥാനം തെറുപ്പിച്ചു.

മുന്‍ബാഴ്‌സലോണ പരിശീലകനായ റൊണാള്‍ഡ് കോമന്‍ നെതര്‍ലന്‍ഡ്‌സിനെ ആക്രമണ ഫുട്‌ബോളിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്

ഫ്രാന്‍സ് ടീമില്‍ തലമുറമാറ്റം നടത്തുമ്പോള്‍ നെതര്‍ലന്‍ഡ്‌സ് പുതിയ പരിശീലകന്റെ കീഴിലാണ് വെള്ളിയാഴ്ച ഇറങ്ങാനിരിക്കുന്നത്. മുന്‍ബാഴ്‌സലോണ പരിശീലകനായ റൊണാള്‍ഡ് കോമന്‍ നെതര്‍ലന്‍ഡ്‌സിനെ ആക്രമണ ഫുട്‌ബോളിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ മുന്‍ പരിശീലകന്‍ ലൂയിസ് വാന്‍ഗാലിന് നേരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ അദ്ദേഹം സ്ഥാനൊഴിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in