പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ട്വിസ്റ്റ്; സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍

പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ട്വിസ്റ്റ്; സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍

ആഴ്‌സണല്‍ രണ്ടു പോയിന്റ് ഡ്രോപ്പ് ചെയ്തതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷകള്‍ സജീവമായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ പോയിന്റ് തലപ്പത്തുള്ള ആഴ്‌സണല്‍ ലിവര്‍പൂളിനോട് 2-2 സമനില വഴങ്ങിയതോടെ കിരീടപ്പോരാട്ടത്തില്‍ സൂപ്പര്‍ ട്വിസ്റ്റ്. ആഴ്‌സണല്‍ രണ്ടു പോയിന്റ് ഡ്രോപ്പ് ചെയ്തതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷകള്‍ സജീവമായി.

ഇന്നലെ ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് ലീഡ് നേടിയ ശേഷമാണ് ആഴ്‌സണല്‍ സമനില വഴങ്ങിയത്. ഗണ്ണേഴ്‌സിനു വേണ്ടി ഗബ്രേിയേല്‍ മാര്‍ട്ടിനെല്ലിയും ഗബ്രിയേല്‍ ജെസ്യൂസും ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരിലൂടെയാണ് ലിവര്‍പൂള്‍ തിരിച്ചടിച്ചത്.

ആന്‍ഫീല്‍ഡില്‍ ഹോം ആരാധകരെ ഞെട്ടിച്ച തുടക്കമായിരുന്നു ആഴ്‌സണലിന്റേത്. എട്ടാം മിനിറ്റില്‍ തന്നെ അവര്‍ ലിവര്‍പൂളിനെതിരേ ലീഡ് നേടി. ആതിഥേയര്‍ താളം കണ്ടെത്തും മുമ്പേ പ്രതിരോധപ്പിഴവ് മുതലെടുത്ത് മാര്‍ട്ടിനെല്ലി സന്ദര്‍ശകരെ മുന്നിലെത്തിക്കുകയായിരുന്നു.

തുടക്കത്തിലേയേറ്റ പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകാന്‍ ലിവര്‍പൂളിന് അല്‍പസമയം വേണ്ടിവന്നു. അപ്പോഴേക്കും ആഴ്‌സണല്‍ രണ്ടാം ഗോളും കണ്ടെത്തിയിരുന്നു. 28-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെ ക്രോസിനു തലവച്ച ജെസ്യൂസാണ് ലീഡ് ഇരട്ടിയാക്കിയത്.

രണ്ടു ഗോളിനു പിന്നലായ ശേഷമാണ് ലിവര്‍പൂള്‍ ഉണര്‍ന്നത്. പതിയെ താളം കണ്ടെത്തിയ അവര്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് ഒരു ഗോള്‍ മടക്കി. ഡിയോഗോ യോട്ടയുടെ മികച്ചൊരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. യോട്ട നല്‍കിയ പാസ് സ്വീകരിച്ച ഹെന്‍ഡേഴ്‌സണ്‍ പന്ത് സലയുടെ പാതയിലേക്ക് നീട്ടി നല്‍കുകയായിരുന്നു. തളികയിലെന്നവണ്ണം ലഭിച്ച അവസരം സല പാഴാക്കിയതുമില്ല.

ആദ്യപകുതി 1-2 എന്ന സ്‌കോറില്‍ പിരിഞ്ഞു. ഇടവേളയ്ക്കു ശേഷം കൂടുതല്‍ മികവോടെ പന്തു തട്ടുന്ന ലിവര്‍പൂളിനെയാണ് കണ്ടത്. 52-ാം മിനിറ്റില്‍ അതിനു പ്രതഫിവും ലഭിച്ചു. ബോക്‌സിനുള്ള യോട്ടയെ വീഴ്ത്തിയതിന് ലിവര്‍പൂളിന് പെനാല്‍റ്റി. എന്നാല്‍ കിക്കെടുത്ത സലയ്ക്കു പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക്.

സുവര്‍ണാവസരം തുലച്ച ലിവര്‍പൂള്‍ പിന്നീടും സമനില ഗോളിനായി ആഞ്ഞു പൊരുതിയെങ്കിലും ആഴ്‌സണല്‍ വഴങ്ങിയില്ല. ഒടുവില്‍ സൂപ്പര്‍ സബ്ബായി എത്തിത ഫിര്‍മിനോയാണ് ആതിഥേയരുടെ രക്ഷയ്‌ക്കെത്തിയത്. 89-ാം മിനിറ്റില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസിന് തലവച്ച ഫിര്‍മിനോ ടീമിന്റെ സമനില ഗോള്‍ നേടി. ശേഷിച്ച മിനിറ്റുകളില്‍ വിജയഗോളിനായി ഇരുകൂട്ടരും പൊരുതിയെങ്കിലും സമനിലക്കുരുക്ക് അഴിഞ്ഞില്ല.

സമനില വഴങ്ങിയെങ്കിലും 30 മത്സരങ്ങളില്‍ നിന്ന് 73 പോയിന്റുമായി ആഴ്‌സണലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ച സിറ്റി 67 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഇതോടെ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമായി. അതേസമയം 29 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുള്ള ലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in