ഷോകെയ്‌സ് നിറഞ്ഞു; കിരീട എണ്ണത്തില്‍ ആല്‍വ്‌സിനെ മറികടന്ന് മെസി

ഷോകെയ്‌സ് നിറഞ്ഞു; കിരീട എണ്ണത്തില്‍ ആല്‍വ്‌സിനെ മറികടന്ന് മെസി

മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ 44ാമത് കിരീടമാണ് മയാമിക്കൊപ്പം

ലയണല്‍ മെസി കാല് കുത്തിയപ്പോള്‍ തന്നെ ഇന്റര്‍ മയാമി ലീഗ് കപ്പ് കിരീടം ഉറപ്പിച്ചതാണ്. നാഷ്‌വില്ലെ എസിസിയെ ഡസന്‍ ഡത്തില്‍ വീഴ്ത്തിയാണ് മയാമി അവരുടെ ആദ്യ ലീഗ് കപ്പ് കിരീടം ഉയര്‍ത്തിയത്. മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ 44ാമത് ട്രോഫിയും. ഇതോടെ കരിയറില്‍ ഏറ്റവും അധികം കിരീടങ്ങളുള്ള ഫുട്‌ബോള്‍ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. 43 കിരീടങ്ങളുള്ള ബ്രസീല്‍ താരം ഡാനി ആല്‍വസിനെയാണ് താരം മറികടന്നത്.

ലോകകപ്പും കോപ്പാ അമേരിക്കയും ഫൈനലിസിമയും അടക്കം അഞ്ച് കിരീടങ്ങളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയത്

അമേരിക്കന്‍ സോക്കര്‍ ലീഗില്‍ വളരെ മോശം അവസ്ഥയിലായിരുന്ന ഇന്റര്‍ മയാമിയെ കിരീടത്തിലേക്ക് നയിച്ച് തനിക്ക് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മിശിഹാ. ലോകകപ്പും കോപ്പാ അമേരിക്കയും ഫൈനലിസിമയും അടക്കം അഞ്ച് കിരീടങ്ങളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയത്. ലാലിഗ കിരീടവും ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ്ബ് വേള്‍ഡ് കപ്പും യുവേഫ സൂപ്പര്‍ കപ്പും അടക്കം ബാഴ്‌സലോണയ്ക്കായി 35 കിരീടങ്ങളാണ് താരത്തിന്റെ സമ്പാദ്യം. പിഎസ്ജിക്കൊപ്പം മൂന്ന് കിരീട നേട്ടത്തിലും താരം പങ്കാളിയായി.

വമ്പന്‍ ഓഫറുകള്‍ വന്നിട്ടും അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറിയതിന് പിന്നാലെ മെസിക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ലീഗ്‌ കപ്പില്‍ ഇന്റര്‍ മയാമിയ്ക്കായി കിരീടത്തില്‍ മുത്തമിട്ട മെസി തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചിരിക്കുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും കപ്പുയര്‍ത്തിയത് (10-9).നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പിന്നീട് സഡന്‍ ഡത്തിലേക്കും കളി നീണ്ടു.

ഷോകെയ്‌സ് നിറഞ്ഞു; കിരീട എണ്ണത്തില്‍ ആല്‍വ്‌സിനെ മറികടന്ന് മെസി
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം എത്തി; ആരാധകർക്ക് പേരിടാൻ അവസരമൊരുക്കി ഐസിസി

മത്സരത്തിന്റെ 23ാം മിനിറ്റില്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെ മയാമി മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ നാഷ്‌വില്ലയ്ക്ക് തിരിച്ചടിയ്ക്കാനായില്ല. രണ്ടാം പകുതിയുടെ 12ാം മിനിറ്റില്‍ അവര്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ്‌വില്ലയ്ക്കായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് അടിയും തിരിച്ചടിയും ഇല്ലാതെ വന്നതോടെയാണ് മത്സരം നീണ്ടത്. ഇരു ടീമുകളും ഷൂട്ടൗട്ടില്‍ 11 കിക്കുകള്‍ വീതം എടുക്കേണ്ടി വന്നു.

മെസി മയാമിയിലെത്തി ഒരുമാസം പിന്നിടും മുന്‍പാണ് ടീമിന്റെ കിരീടനേട്ടം. തുടരെ 11 മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ഏഴ് കളിയിലും ജയം നേടി. ഏഴ് കളിയില്‍ 10 ഗോളുമായി മെസിയാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവും മെസി സ്വന്തം പേരിലാക്കി.

logo
The Fourth
www.thefourthnews.in