ജന്മദിനത്തില്‍ ആരാധകർക്ക് ഹാട്രിക് സമ്മാനം; റൊസ്സാരിയോയില്‍ 800-ാം ഗോള്‍ നേട്ടവുമായി മെസി

ജന്മദിനത്തില്‍ ആരാധകർക്ക് ഹാട്രിക് സമ്മാനം; റൊസ്സാരിയോയില്‍ 800-ാം ഗോള്‍ നേട്ടവുമായി മെസി

മാക്‌സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരായ പ്രദർശന മത്സരത്തിലാണ് മെസിയുടെ നേട്ടം

തന്റെ 36ാം ജന്മദിനത്തില്‍ ആരാധകര്‍ നല്‍കിയ സ്‌നേഹാശംസകള്‍ക്ക് ജന്മനാട്ടില്‍ നിന്ന് ലയല്‍ മെസിയുടെ ഹാട്രിക് സമ്മാനം. തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരായ പ്രദർശന മത്സരത്തില്‍ നീലക്കുപ്പായത്തില്‍ മെസി കിടിലന്‍ ഫ്രീകിക്ക് ഉള്‍പ്പെടെയാണ് ഹാട്രിക് നേടിയത്. മെസിയുടെ കരിയറിലെ 800-ാം ഗോളാണ് ഇത്. മത്സരത്തിനായി റൊസ്സാരിയോയിലെത്തിയ താരത്തിന് ആരാധകരില്‍ നിന്ന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മത്സരത്തിന് ശേഷം അര്‍ജന്റീനിയന്‍ ഇതിഹാസം ജന്മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.

ഈ വര്‍ഷം ആദ്യം ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മുന്‍ അര്‍ജന്റീനിയന്‍ വിങ്ങറും ന്യൂവെല്‍ താരവുമായ മാക്‌സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരമായിരുന്നു ന്യൂവെല്ലില്‍ നടന്നത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ കളിച്ച പ്ലേയിങ് ഇലവന്‍ തന്നെയാണ് അര്‍ജന്റീനയ്ക്കായി ഇറങ്ങിയത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു ആരാധകര്‍ക്കായുള്ള മെസിയുടെ പിറന്നാള്‍ വിരുന്ന്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഫ്രീകിക്കിലൂടെ മെസി എതിരാളികളുടെ വലകുലുക്കി. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ഇടതുകാലില്‍ കൊരുത്ത് മെസ്സി അതി മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ തന്നെ അടുത്ത രണ്ട് ഗോളുകളും നേടി മെസി ഹാട്രിക് തികച്ചു.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഫ്രീകിക്കിലൂടെ മെസി എതിരാളികളുടെ വലകുലുക്കി

ഏറെക്കാലത്തിന് ശേഷമാണ് താരം ജന്മനാട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ലോക ചാമ്പ്യനായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ റൊസ്സാരിയോയിലേക്കെത്തിയ താരത്തെക്കാണാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മാഴ്‌സെലോ ബിയെല്‍സ സ്‌റ്റേഡിയത്തിലെ കാണികള്‍ താരത്തെ വരവേറ്റത്. സഹതാരങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം റൊസ്സാരിയോയില്‍ ജന്മദിനം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മെസി പ്രതികരിച്ചു.

റോഡ്രിഗസ്സിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി, മുന്‍ താരം സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, വാള്‍ട്ടര്‍ സാമുവല്‍, പാബ്ലോ ഐമര്‍, മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരും പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in