ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ മെസി? സാധ്യതകൾ തുറന്നിരിക്കുന്നുവെന്ന് പിതാവ്

ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ മെസി? സാധ്യതകൾ തുറന്നിരിക്കുന്നുവെന്ന് പിതാവ്

ബാഴ്സ പ്രസിഡന്റ് ജോൺ ലപോർട്ടയും മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസിയും കൂടിക്കാഴ്ച നടത്തി

അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി വീണ്ടും ബാഴ്സലോണയിലേക്കെന്ന് സൂചന. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ പുതിയ പദ്ധതികൾക്ക് ലാലിഗയുടെ പച്ചക്കൊടി ലഭിച്ചതോടെയാണ് സൂപ്പർ താരത്തെ കൊണ്ടുവരാനുള്ള വഴികൾ വീണ്ടും തെളിയുന്നത്. ബാഴ്സ പ്രസിഡന്റ് ജോൺ ലപോർട്ടയും മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസിയും കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്.

നിലവിലെ ക്ലബ്ബായ പി എസ് ജിയോട് ഈ സീസണോടെ വിടപറയുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെസി തുടരില്ലെന്ന് പിഎസ്ജിയും സ്ഥിരീകരിച്ചു. ജൂൺ 30 മുതൽ ഫ്രീ ഏജന്റാണ്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമായി മെസി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തേക്ക് 1.3 ബില്യൺ ഡോളറിന്റെ കരാറിലെത്തിയെന്നായിരുന്നു സൂചന. ഇതിനിടെയാണ് പഴയ ക്ലബ് ബാഴ്സയിലേക്ക് മെസി എത്തിയേക്കുമെന്ന അഭ്യൂഹമ ശക്തമാകുന്നത്.

സാമ്പത്തിക ബാധ്യതയായിരുന്നു മെസിയെ ടീമിലെത്തിക്കുന്നതിൽ ഇതുവരെ ബാഴ്‌സലോണയ്ക്ക് തടസമായി നിന്നിരുന്നത്. എന്നാൽ ലാലിഗയുടെ അനുമതി ലഭിച്ചതോടെ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന തീരുമാനം ഈയാഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. മെസി ബാഴ്‌സയിൽ എത്തുന്നതാണ് സന്തോഷമെന്ന് ടീം കോച്ച് സാവി നേരത്തെ പറഞ്ഞിരുന്നു. 25 ദശലക്ഷം ഡോളറിന് രണ്ട് വർഷത്തേക്കാകും കരാറെന്നാണ് വാർത്തകൾ. മെസി ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ബാഴ്‌സയിലേക്കുള്ള താരത്തിന്റെ മടങ്ങിവരവ്.

2020-21 സീസൺ അവസാനത്തോടെയാണ് കരാർ പുതുക്കാത്തതിനെ തുടർന്ന് ബാഴ്‌സ വിടുന്നത്. താരസമ്പുഷ്ടമായ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. പിഎസ്ജി ആരാധകരുടെ കൂക്കിവിളിക്ക് വരെ ഇരയാകേണ്ടി വന്നിട്ടുണ്ട്. മെസിക്ക് ബാഴ്സയിൽ എത്താനാണ് കൂടുതൽ താത്പര്യമെന്ന പ്രതികരണം ഹോര്‍ഗെ മെസി നടത്തി.

''ലിയോയ്ക്ക് ബാഴ്‌സയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ട്. അദ്ദേഹത്തെ ബാഴ്‌സയില്‍ കാണാനാണ് എനിക്കും ഇഷ്ടം. ബാഴ്‌സ സാധ്യത തുറന്നിരിക്കുകയാണ്.'' -ഹോര്‍ഗെ മെസിയെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in