'അവധിയെന്നു കരുതി'; ആരാധകരോടും ടീമിനോടും മാപ്പ് പറഞ്ഞു മെസി

'അവധിയെന്നു കരുതി'; ആരാധകരോടും ടീമിനോടും മാപ്പ് പറഞ്ഞു മെസി

ക്ലബ് അച്ചടക്ക നടപടി സ്വീകരിച്ച് ശേഷം 24 മണിക്കൂറുകള്‍ മൗനം പാലിച്ച മെസി ഒടുവില്‍ മൗനം വെടിഞ്ഞു കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു.

മുന്‍കൂട്ടി അറിയിക്കാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിനു ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നോടും ആരാധകരോടും ക്ഷമ ചോദിച്ചു ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. സൗദി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ സൗദി സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മെസിയും കുടുംബവും കഴിഞ്ഞാഴ്ച സന്ദര്‍ശനം നടത്തിയത്.

എന്നാല്‍ താരത്തിന്റെ സൗദി സന്ദര്‍ശനം ക്ലബിനെ രോഖാമൂലം അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മെസിക്കെതിരേ പി.എസ്.ജി. അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. രണ്ടാഴ്ചത്തേക്കു താരത്തെ പരിശീലനത്തില്‍ നി്ന്നു പോലും സസ്‌പെന്‍ഡ് ചെയ്യുകയാണ് പി.എസ്.ജി. ചെയ്തത്. പിന്നാലെ ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്നു മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ഔദ്യോഗികമായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അടുത്തമാസത്തോടെ ഫ്രഞ്ച് ക്ലബുമായുള്ള കരാര്‍ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട് എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ഉയരുന്നതിനിടെയാണ് പി.എസ്.ജിയോടും ആരാധകരോടും ക്ഷമ പറഞ്ഞു താരം രംഗത്തെത്തിയത്.

''എന്റെ സഹതാരങ്ങളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ സൗദി സന്ദര്‍ശനം നിമിത്തം അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ക്ഷമിക്കണം. എനിക്കുമേല്‍ ക്ലബ് എന്തു നടപടിയാണ് ഇനി എടുക്കുന്നത് എന്നത് അറിയില്ല, പക്ഷേ ഞാന്‍ അത് കാത്തിരിക്കുന്നു. സാധാരണ പോലെ മത്സരദിനത്തിനു ശേഷമുള്ള അവധി ദിനം ആണെന്നു കരുതിയായിരുന്നു എന്റെ യാത്ര. അത് നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണ്. എനിക്ക് അത് റദ്ദാക്കാനാകുമായിരുന്നില്ല. ഞാന്‍ അത് റദ്ദാക്കിയേനേ, പക്ഷേ...'' - ഇതായിരുന്നു തന്റെ സോഷ്യല്‍ മീഡിയിലൂടെ മെസി ഇന്നു പങ്കുവച്ച കുറിപ്പ്.

ക്ലബ് അച്ചടക്ക നടപടി സ്വീകരിച്ച് ശേഷം 24 മണിക്കൂറുകള്‍ മൗനം പാലിച്ച മെസി ഒടുവില്‍ മൗനം വെടിഞ്ഞു കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. കുടുംബത്തോടമാണ് മെസി രണ്ട് ദിവസത്തെ സൗദി യാത്ര നടത്തിയത്. സൗദി ഫുട്ബോള്‍ അംബാസഡറായ മെസി സ്പോണ്‍സര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായി ചെല്ലാന്‍ പി.എസ്.ജി. ടീം അധികൃതരോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ മെസി യാത്രയുമായി മുന്നോട്ടു പോയതോടെയാണ് സസ്‌പെന്‍ഷന്‍.

സസ്പെന്‍ഷന്‍ കാലയളവില്‍ മെസിക്ക് ട്രോയ്സിനും അജാസിയോയ്ക്കുമെതിരെ വരാനിരിക്കുന്ന ലീഗ് 1 മത്സരങ്ങള്‍ നഷ്ടമാകും. ഒക്ടോബര്‍ 21 ന് ഓക്സറെയ്ക്കെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. ലോറിയന്റിനോട് പിഎസ്ജി ഹോം ഗ്രൗണ്ടില്‍ 3-1 ന് തോല്‍വിയേറ്റു വാങ്ങിയതോടെ മെസിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് ജേതാവായ മെസിയെ സ്വാഗതം ചെയ്തുകൊണ്ട് സൗദി ടൂറിസം മന്ത്രി മുഹമ്മദ് അല്‍ ഖത്തീബ് ട്വീറ്റ് ചെയ്തത്.

മെസിയും സൗദി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയെ സൈന്‍ ചെയ്യിക്കാനായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതാണ് മെസിയുടെ സൗദി സന്ദര്‍ശനത്തെ വിവാദത്തിലേക്ക് നയിക്കാനുള്ള കാരണം.

logo
The Fourth
www.thefourthnews.in