മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഇന്റര്‍ മയാമി

മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഇന്റര്‍ മയാമി

492 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കി രണ്ടര വര്‍ഷത്തെ കരാറിലാണ് മെസിയെ ഇന്റര്‍മയാമി സ്വന്തമാക്കിയത്. 2025 വരെയാണ് ഇതിഹാസ താരവുമായി ക്ലബിന് കരാറുള്ളത്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഔദ്യോഗികമായി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച് യുഎസ്. മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി. ഇന്നു രാവിലെ ഹോം ഗ്രൗണ്ടായ ഫ്‌ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ. സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്കു മുന്നിലാണ് മെസിയെ ടീം ജഴ്‌സിയില്‍ അവതരിപ്പിച്ചത്.

492 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കി രണ്ടര വര്‍ഷത്തെ കരാറിലാണ് മെസിയെ ഇന്റര്‍മയാമി സ്വന്തമാക്കിയത്. 2025 വരെയാണ് ഇതിഹാസ താരവുമായി ക്ലബിന് കരാറുള്ളത്. തന്റെ ഇഷ്ടനമ്പറായ 10-ാം നമ്പര്‍ ജഴ്‌സിയും മെസിക്ക് ഇന്റര്‍മയാമി നല്‍കി. പി.എസ്.ജി. ജഴ്‌സിയില്‍ 30-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് മെസി കളിച്ചിരുന്നത്.

സൗദി അറേബ്യയില്‍ നിന്നുള്ള ഓഫറും, പഴയ ക്ലബ്ബായ ബാഴ്സലോണയില്‍ ചേരാനുള്ള അവസരവും വേണ്ടെന്ന് വച്ചാണ് മെസി യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി ആദ്യമായി കരാറിലെത്തുന്നത്. അഞ്ച് വര്‍ഷം മാത്രം പഴക്കമുളള ഇന്റര്‍ മയാമിയിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ നിരാശയിലാണ്. ലക്ഷക്കണക്കിന് ആരാധകരുളള മെസി ഇനി കളിക്കുന്ന ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടിന് പോലും 18000 പേരെ മാത്രമാണ് ഉള്‍ക്കൊളളാന്‍ കഴിയുക. ചുരുക്കിപ്പറഞ്ഞാല്‍, മയാമിയിലേക്ക് മെസി എത്തുമ്പോള്‍ ഏറെ പ്രതിസന്ധികളെ മറികടക്കാനുണ്ട്.

മെസിക്ക് മുന്‍പ് മറ്റൊരു അര്‍ജന്റീനിയന്‍ താരവും ക്ലബിന്റെ ഭാ??ഗമായിരുന്നു. മുന്‍ റയല്‍ മാഡ്രിഡ്, നാപ്പോളി, യുവന്റസ് സ്ട്രൈക്കര്‍ ആയിരുന്ന ഗോണ്‍സാലോ ഹിഗ്വെയ്ന്‍ 2020-ല്‍ ക്ലബ്ബിന് വേണ്ടി ഒപ്പുവച്ചിരുന്നു. 2022-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടരുകയും 29 ഗോളുകള്‍ നേടുകയും ചെയ്തു.

logo
The Fourth
www.thefourthnews.in