പെനാല്‍റ്റിയില്‍ ജയിച്ച് ഇംഗ്ലണ്ട്; നൈജീരിയയ്ക്ക് കണ്ണീര്‍ മടക്കം

പെനാല്‍റ്റിയില്‍ ജയിച്ച് ഇംഗ്ലണ്ട്; നൈജീരിയയ്ക്ക് കണ്ണീര്‍ മടക്കം

87-ാം മിനിറ്റില്‍ ലോറന്‍ ജയിംസ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്തുപേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്

ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഇന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പ്രീക്വാര്‍ട്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തിന്റെ 87-ാം മിനിറ്റില്‍ ലോറന്‍ ജയിംസ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്തുപേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്‌പോട്ട് കിക്കില്‍ നൈജീരിയയ്ക്കു രണ്ടു തവണ പിഴച്ചപ്പോള്‍ നാലു കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി ബെഥനി ഇംഗ്ലണ്ട്, റേച്ചല്‍ ഡാലി, അലക്‌സ് ഗ്രീന്‍വുഡ്, കോള്‍ കെല്ലി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ കിക്കെടുത്ത ജോര്‍ജിയ സ്റ്റാന്‍വെയ്ക്കു പിഴച്ചിരുന്നു. നൈജീരിയ്ക്കായി ആദ്യ രണ്ട് കിക്കെടുത്ത ഡിസയര്‍ ഒപ്‌റാനോസി, മിഷേല്‍ അലോസി എന്നിവര്‍ക്കാണ് പിഴച്ചത്. പിന്നീട് റഷീദ അയ്‌ബെദെ, ക്രിസ്റ്റി ഉഷേബ് എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ ജയം തടയാന്‍ അതു മതിയാകുമായിരുന്നില്ല.

ഇന്ന് ഇംഗ്ലണ്ടിനെതിരേ മികച്ച പ്രതിരോധ ഫുട്‌ബോളാണ് നൈജീരിയ പുറത്തെടുത്തത്. പേരുകേട്ട ഇംഗ്ലീഷ് അറ്റാക്കിങ് നിരയ്ക്ക് കളത്തില്‍ സ്‌പേസ് അനുവദിക്കാതെ വരിഞ്ഞുകെട്ടിയ ആഫ്രിക്കന്‍ വീര്യം ഒരു ഘട്ടത്തില്‍ അട്ടിമറി സാധ്യതയും ഉയര്‍ത്തിയതാണ്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in