ലോര്‍ഡ്‌സ് പേരില്‍ മാത്രം; കളിപ്പിച്ചു കപ്പ് നേടി, പറഞ്ഞതൊന്നും കൊടുത്തില്ല

ലോര്‍ഡ്‌സ് പേരില്‍ മാത്രം; കളിപ്പിച്ചു കപ്പ് നേടി, പറഞ്ഞതൊന്നും കൊടുത്തില്ല

ഒരു സീസണ്‍ മുഴുവന്‍ വിയര്‍ത്തുകളിച്ച് നേട്ടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയ ശേഷവും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ് ലോര്‍ഡ്‌സ് ഫുട്‌ബോള്‍ അക്കാദമി താരങ്ങള്‍

കേരളാ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്‍ പട്ടം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിലേക്ക് നടാടെ പ്രവേശനം. കേരളത്തിലെ ഏതൊരു വനിതാ ഫുട്‌ബോള്‍ ക്ലബ് താരങ്ങളെ സംബന്ധിച്ചും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായിരിക്കും ഇത്. എന്നാല്‍ സംസ്ഥാന ചാമ്പ്യന്മാരായ ലോര്‍ഡ്‌സ് എഫ്.എ. താരങ്ങള്‍ക്ക് ഈ നേട്ടങ്ങളുടെ പട്ടിക കണ്ട് മനസു നിറഞ്ഞൊന്നു ചിരിക്കാന്‍ കൂടി കഴിയുന്നില്ല.

കാരണം മറ്റൊന്നുമല്ല, ഒരു സീസണ്‍ മുഴുവന്‍ വിയര്‍ത്തുകളിച്ച് മേല്‍പ്പറഞ്ഞ നേട്ടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയ ശേഷവും ക്ലബ് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ് അവര്‍.

സംസ്ഥാന വനിതാ ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ പ്രൊഫഷണല്‍ ക്ലബ് ഗോകുലം എഫ്.സിയെ തോല്‍പിച്ച് ലോര്‍ഡ്‌സ് എഫ്.എയുടെ മിടുക്കികള്‍ കിരീടം ചൂടിയിട്ട് അഞ്ചര മാസം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഇതുവരെയും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്ത തുച്ഛമായ ശമ്പളം അവര്‍ക്കു ലഭിച്ചിട്ടില്ല.

സംസ്ഥാന ലീഗില്‍ കളിക്കാന്‍ 35 താരങ്ങളെയാണ് മാനേജ്‌മെന്റ് ടീമില്‍ എടുത്തിയിരുന്നത്. ഇതില്‍ 18 പേര്‍ മലയാളി താരങ്ങളും 16 പേര്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവരുമായിരുന്നു. ഒരാള്‍ മ്യാന്‍മറില്‍ നിന്നുള്ള താരവും.

വിദേശിയായ മ്യാന്‍മര്‍ താരം വിങ് തെയ്ങ്കി തുന്നിന് രണ്ടു ലക്ഷം രൂപയും മറ്റു സംസ്ഥാന താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും മലയാളി താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ക്ലബ് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ തുന്നിന്റെ ശമ്പളം മാത്രമാണ് മാനേജ്‌മെന്റ് നല്‍കിയതെന്നു താരങ്ങള്‍ പറയുന്നു.

മറ്റു സംസ്ഥാന താരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ദുമതി കതിരേശന്‍, എ. കാര്‍ത്തിക, അര്‍ച്ചന തുടങ്ങിയവര്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ ഏതാനും പതിനായിരിങ്ങള്‍ മാത്രമാണ് നല്‍കിയത്. 50,000 രൂപ മാത്രം ശമ്പളം പറഞ്ഞിരുന്ന മലയാളി താരങ്ങളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.

18 മലയാളി താരങ്ങളില്‍ ഏഴോളം പേര്‍ക്ക് 10,000 രൂപമാത്രമാണ് ലീഗ് കഴിഞ്ഞ് അഞ്ചര മാസം പിന്നിട്ടിട്ടും ഇതുവരെ നല്‍കിയിട്ടുള്ളത്. അതും ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് നല്‍കിയത്. അന്നും കൃത്യമായ വേതനം നല്‍കാഞ്ഞതിനേത്തുടര്‍ന്ന് താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് ഈ വിധം ചെറിയ തുക നല്‍കി ഇവരെ സമാശ്വസിപ്പിച്ചത്.

ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന ബെന്റ്‌ല ഡി കോത്ത താരങ്ങള്‍ക്ക് വേതനം നല്‍കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം നിരാകരിച്ചതോടെ അവര്‍ രാജിവയ്ക്കുകയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു. പിന്നീട് ശമ്പളത്തിനായി ടീം ഉടമ ഡെറിക് ഡികോത്തിനു മുന്നില്‍ നിരന്തരം അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും താരങ്ങള്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് അവര്‍ ഇപ്പോള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് രേഖാമൂലം പരാതി നല്‍കിയിരിക്കുയാണ് താരങ്ങള്‍. എ.ഐ.എഫ്.എഫിന് പരാതി നല്‍കും മുമ്പ് കേരളാ ഫുട്‌ബോള്‍ ഫെഡറേഷനു മുന്നില്‍ പരാതിയുമായി താരങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന് കെ.എഫ്.എ. നേരിട്ട് ഇടപെട്ടിട്ടും ക്ലബ് മാനേജ്‌മെന്റില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാഞ്ഞതിനേത്തുടര്‍ന്നാണ് താരങ്ങള്‍ ഇപ്പോള്‍ എ.ഐ.എഫ്.എഫിനെ സമീപിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in